| Monday, 30th September 2019, 7:36 am

ബി.ജെ.പിയുമായി സഖ്യത്തിലെത്തി; അഴിമതിക്കേസില്‍ ജയിലില്‍പ്പോയ സിക്കിം മുഖ്യമന്ത്രിയുടെ അയോഗ്യത വെട്ടിക്കുറച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാങ്‌ടോക്ക്: ബി.ജെ.പിയുമായി സഖ്യത്തിലെത്തിയതോടെ സിക്കിം മുഖ്യമന്ത്രി പ്രേംസിങ് തമാങ്ങിന്റെ അയോഗ്യതാ കാലാവധി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെട്ടിക്കുറച്ചു. ആറുവര്‍ഷ വിലക്ക് ഒരുവര്‍ഷവും ഒരുമാസവുമായാണു ചുരുക്കിയത്. ഇതോടെ തമാങ്ങിനു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവും.

തമാങ്ങിന്റെ സിക്കിം ക്രാന്തികാരി മോര്‍ച്ചയും (എസ്.കെ.എം) ബി.ജെ.പിയും അടുത്തിടെയാണ് സഖ്യത്തിലെത്തിയത്. ഇതിനു തൊട്ടുപിന്നാലെയായിരുന്നു കമ്മീഷന്റെ നടപടി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 32 അംഗ നിയമസഭയില്‍ 17 സീറ്റ് നേടി അധികാരത്തിലെത്തിയ എസ്.കെ.എം തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന തമാങ്ങിനെയാണ് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിയമപ്രകാരം ആറുമാസത്തിനുള്ളില്‍ തമാങ് ഏതെങ്കിലും മണ്ഡലത്തില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടാല്‍ മതിയായിരുന്നു. എന്നാല്‍ ഈസമയം അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ തമാങ്ങിനു മത്സരിക്കാന്‍ വിലക്ക് വന്നു. ആറുവര്‍ഷത്തേക്കാണു വിലക്ക് വന്നത്.

2017-18 കാലയളവില്‍ അദ്ദേഹം ജയില്‍വാസം അനുഭവിക്കുകയും ചെയ്തു. 1990-ല്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായിരിക്കെ പശുവിതരണ പദ്ധതി ഫണ്ടില്‍ തിരിമറി നടത്തിയെന്നാണ് തമാങ്ങിനെതിരായ കേസ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഹൈക്കോടതിയും സുപ്രീംകോടതിയും അദ്ദേഹത്തെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. 2018 ഓഗസ്റ്റിലാണ് അദ്ദേഹം ജയിലില്‍ നിന്നിറങ്ങുന്നത്.

വരുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലാണ് ബി.ജെ.പിയും എസ്.കെ.എമ്മും ഒന്നിച്ചു മത്സരിക്കാന്‍ തീരുമാനിച്ചത്. മൂന്ന് സീറ്റുകളിലാണ് ഇതു നടക്കുക.

Latest Stories

We use cookies to give you the best possible experience. Learn more