സിബി മലയിൽ സംവിധാനം ചെയ്ത് 1993 ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമാണ് ആകാശദൂത്. ഏറെ പ്രശംസകൾ നേടിയ ചിത്രം ദേശീയ തലത്തിലും ശ്രദ്ധ നേടിയിരുന്നു. 1993-ലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ചിത്രം സ്വന്തമാക്കിയിരുന്നു. നടൻ മുരളിയും മാധവിയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. എന്നാൽ ചിത്രത്തിന്റെ ക്ലൈമാക്സിൽ ആദ്യം മറ്റൊരു രംഗമായിരുന്നു ഉണ്ടായിരുന്നതെന്ന് തുറന്ന് പറയുകയാണ് സിനിമയുടെ നിർമാതാവ് പ്രേം പ്രകാശ്. എംപയർ ടോക്ക്സിന് നൽകിയ അഭിമുഖത്തിലായിരുന്നു നിർമാതാവിന്റെ പ്രതികരണം.
‘ആകാശദൂതിന്റെ അവസാനം അങ്ങനെയായിരുന്നില്ല. കാലിന് വയ്യാത്ത ചെക്കനെ അവിടെവെച്ച് പോകുന്നതായിട്ടാണ് ഷൂട്ട് ചെയ്തിരുന്നത്. അവിടെ ഞാൻ കാരണമാണ് ഒരു മാറ്റം വരുത്തിയത്. ഞാൻ സിബി മലയിലിനോട് പറഞ്ഞു, ഈ സിനിമ മുഴുവൻ ദുഃഖമാണ്. അതിന്റെ ഇടയിൽ അവസാനം ഇവനും കൂടി അനാഥനായിട്ട് പോകുക എന്നത് ആളുകൾക്ക് ഭയങ്കര ദുഃഖമാകും. മറ്റേ ആൺകുട്ടി വേണുവിന്റെ കൂടെ പോകുമ്പോൾ കാലിന് വയ്യാത്ത കുട്ടി അവിടെ ഒറ്റയ്ക്കാവുകയാണ്. അത് കാണുന്ന ജനങ്ങൾക്ക് ഒരു റിലീഫും ഉണ്ടാകില്ല,’ പ്രേം പ്രകാശ് പറഞ്ഞു.
ആകാശദൂത്. Photo. Facebook.com
ഇതിന് പകരം ആ കുട്ടിയെ മറ്റുള്ളവർ തന്നെ സ്വീകരിക്കുന്ന രീതിയിൽ ക്ലൈമാക്സ് മാറ്റാമെന്ന് താൻ നിർദേശിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമായിരുന്നു ഈ ആശയം മുന്നോട്ടുവന്നത്. ‘നമ്മൾ എല്ലാം ഷൂട്ട് ചെയ്ത് കഴിഞ്ഞില്ലേ എന്ന് സിബി പറഞ്ഞു. അങ്ങനെ ഞാൻ ടെന്നീസിനോട് ഇങ്ങനെ ഒരു കാര്യമുണ്ട്, നമുക്ക് ഇത് എടുത്തുനോക്കാം എന്ന് പറഞ്ഞു,’ പ്രേം പ്രകാശ് വ്യക്തമാക്കി.
പിന്നീട് മാന്നാനം പള്ളിയിൽ പെരുന്നാൾ നടക്കുന്നതിനിടെയാണ് ആ രംഗം റീഷൂട്ട് ചെയ്തത്. പള്ളിയിൽ മാലകളും തോരണങ്ങളുമെല്ലാം ഉണ്ടായിരുന്നതിനാൽ അവയെല്ലാം അഴിച്ചുമാറ്റി രംഗം ചിത്രീകരിക്കേണ്ടി വന്നെന്നും പ്രേം പ്രകാശ് പറഞ്ഞു. പള്ളിയിലെ വൈദികരും ഇതിന് സഹായിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. വണ്ടി തിരിച്ചുവരുന്നതും ആ കുട്ടിയെ അവർ സ്വീകരിക്കുന്നതുമായ രംഗമാണ് പിന്നീട് ചിത്രീകരിച്ചത് എന്നും നിർമാതാവായ പ്രേം പ്രകാശ് പറഞ്ഞു.
ആകാശദൂത്. Photo. IMDb
‘അന്ന് സിബി വളരെ വാചാലനായിട്ട് പറഞ്ഞു, കറിയാച്ചന്റെ ആ സജഷനാണ് ആ പടത്തെ സഹായിച്ചത് എന്ന്. അല്ലെങ്കിൽ ആ പടം കഴിഞ്ഞിട്ടും ജനങ്ങൾ അതിനെക്കുറിച്ച് ആലോചിച്ച് വീണ്ടും സങ്കടപ്പെടും,’ പ്രേം പ്രകാശ് കൂട്ടിച്ചേർത്തു.
Content Highlight: Prem prakash Talks about Akaashadoothu claimax