സിബി മലയിൽ സംവിധാനം ചെയ്ത് 1993 ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമാണ് ആകാശദൂത്. ഏറെ പ്രശംസകൾ നേടിയ ചിത്രം ദേശീയ തലത്തിലും ശ്രദ്ധ നേടിയിരുന്നു. 1993-ലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ചിത്രം സ്വന്തമാക്കിയിരുന്നു. നടൻ മുരളിയും മാധവിയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
എന്നാൽ ആ വർഷത്തെ മികച്ച നടിക്കുള്ള അവാർഡ് മണിച്ചിത്രത്താഴ് എന്ന സിനിമയിലെ അഭിനയത്തിന് ശോഭന കരസ്ഥമാക്കുകയായിരുന്നു. ആകാശദൂതിലെ പ്രകടനത്തിന് മാധവിക്ക് അവാർഡ് ലഭിക്കാത്തതിന്റെ കാരണം തുറന്ന് പറയുകയാണ് ചിത്രത്തിന്റെ നിർമാതാവായിട്ടുള്ള പ്രേം പ്രകാശ്.
‘ആകാശദൂതി’ൽ മാധവി അവതരിപ്പിച്ച ആനി എന്ന കഥാപാത്രം മലയാള സിനിമയിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നാണ്. ചിത്രത്തിന്റെ വൈകാരികമായ കഥയും മാധവിയുടെ പ്രകടനവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ദേശീയ പുരസ്കാരം നേടിയ ചിത്രമായിരുന്നിട്ടും സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മാധവി പിന്തള്ളപ്പെട്ടതിന് പിന്നിലെ കാരണത്തെക്കുറിച്ചുള്ള പ്രേം പ്രകാശിന്റെ ഈ വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രദ്ധ നേടുന്ന ത്.
ആകാശദൂത്. Photo. IMDb
‘ആകാശദൂതി’ലെ കഥാപാത്രത്തിനായി മാധവിയോട് മേക്കപ്പ് കുറയ്ക്കണമെന്ന ആവശ്യവുമായി സംവിധായകൻ സിബി മലയിൽ പലതവണ സമീപിച്ചിരുന്നുവെന്ന് പ്രേം പ്രകാശ് പറഞ്ഞു. കഥാപാത്രം കാൻസർ ബാധിതയായ അമ്മയുടേതായതിനാൽ നാച്ചുറലായ രൂപം വേണമെന്നായിരുന്നു സംവിധായകന്റെ നിലപാട്. മേക്കപ്പ് കുറയ്ക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും മാധവി അതിന് തയ്യാറായില്ലെന്നും പ്രേം പ്രകാശ് പറഞ്ഞു.
‘നിങ്ങൾ രോഗിയാണെന്ന് അറിഞ്ഞത് മുതൽ മേക്കപ്പ് കുറയ്ക്കണം. മേക്കപ്പ് ഇല്ലാതെ അഭിനയിക്കണം എന്ന് സിബി മലയിൽ പലതവണ ആവശ്യപ്പെട്ടിരുന്നു. പക്ഷേ അവർ സമ്മതിച്ചില്ല. സത്യത്തിൽ ഉണ്ടായ കാര്യമാണ്. അല്ലെങ്കിൽ അവർക്ക് അവാർഡ് കിട്ടിയേനെ,’ പ്രേം പ്രകാശ് പറഞ്ഞു.
റിയലസ്റ്റിക് സിനിമ ആയത് കൊണ്ടുതന്നെ അമ്മ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ അതിന്റെ സ്വാഭാവികത വേണമെന്നായിരുന്നു സംവിധായകന്റെ ആവശ്യം. സംവിധായകൻ എന്ന നിലയിൽ സിബി മലയിൽ അതിനായി പലതവണ അഭ്യർഥിച്ചിരുന്നുവെന്നും പ്രേം പ്രകാശ് പറഞ്ഞു. സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചതിന് ശേഷമാണ് ഈ തീരുമാനത്തിന്റെ പ്രാധാന്യം കൂടുതൽ മനസിലായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിബി മലയിൽ. Photo. Screen grab/ Youtube
‘അവർക്ക് അവാർഡ് നഷ്ടപ്പെട്ടത് അവരുടെ തന്നെ തീരുമാനത്തിന്റെ ഫലമായിരുന്നു. സിബിക്ക് ഇക്കാര്യം അറിയാമായിരുന്നു. ഒരു കഥാപാത്രത്തെ സ്വാഭാവികമായി അവതരിപ്പിക്കുമ്പോൾ അതിനനുസരിച്ച് മേക്കപ്പ് കുറയ്ക്കേണ്ടതുണ്ട്. പക്ഷേ ചില ആർട്ടിസ്റ്റുകൾക്ക് അത്തരം കാര്യങ്ങൾ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ടാകും. തങ്ങളുടെ ഇമേജിന് കോട്ടം തട്ടുമെന്ന് അവർക്ക് തോന്നിയിട്ടുണ്ടാകാം. അതിനെക്കുറിച്ച് കൂടുതൽ ഒന്നും എനിക്കറിയില്ല,’ പ്രേം പ്രകാശ് വ്യക്തമാക്കി.
Content Highlight: Prem prakash talks about actress madhavi