തിരുവനന്തപുരം: സി.പി.ഐ.എം നേതാവ് ഡോ. പി. സരിന്റെ ‘മുസ്‌ലിം ലീഗ്’ പരാമര്‍ശത്തില്‍ പ്രതികരണവുമായി സാമൂഹിക നിരീക്ഷകന്‍ പ്രേം കുമാര്‍.
‘മുസ്‌ലിം സമം മുസ്‌ലിം ലീഗ് എന്ന് വന്നതോടെയാണ് ഹിന്ദു സമം ബി.ജെ.പി.എന്ന ചിന്തയുണ്ടായത്’ എന്ന് പറയുന്നത് അനാക്രോണിസമാണെന്ന് പ്രേം കുമാര്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രേം കുമാറിന്റെ പ്രതികരണം.
ആപല്‍ക്കരമായ അജ്ഞതയാണ് സരിന്റെ പരാമര്‍ശത്തില്‍ ഉള്ളതെന്നും പ്രേം കുമാര്‍ ചൂണ്ടിക്കാട്ടി. വിമര്‍ശനമാകാമെന്നും എന്നാല്‍ അത് സംഘപരിവാറിന്റെ ആക്രമോല്‍സുക-സവര്‍ണ-സാംസ്‌കാരിക-ദേശീയതയെ നോര്‍മലൈസ് ചെയ്യുന്നതാകുമ്പോള്‍ ആത്മഹത്യാപരമാകുമെന്നും പ്രേം കുമാര്‍ പ്രതികരിച്ചു. സരിന്റെ പ്രസ്താവനയില്‍ ഇത്തരത്തിലുള്ള ഒരു നോര്‍മലൈസേഷനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലീഗിന് വോട്ട് ചെയ്യുന്നത് ആര്‍.എസ്.എസിന് വോട്ട് ചെയ്യുന്നത് പോലെയാണെന്ന് പറയുന്നത് ഫലത്തില്‍ ആര്‍.എസ്.എസിന് വോട്ട് പിടിക്കുന്നതുപോലെയാണെന്നും പ്രേം കുമാര്‍ ചൂണ്ടിക്കാട്ടി.
അപരമതവിദ്വേഷത്തില്‍ തുടങ്ങി വംശഹത്യയുടെ ആഹ്വാനങ്ങളില്‍ വരെ ചെന്നെത്തിനില്‍ക്കുന്ന ഭീഭല്‍ സ്വഭാവമുള്ള നിയോഫാസിസ്റ്റ് പദ്ധതിയാണ് ആര്‍.എസ്.എസിന്റേതെന്നും അതിന്റെ ഭാഗമായാണ് നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്നതെന്നും പ്രേം കുമാര്‍ പറഞ്ഞു.
അതേസമയം ലീഗ് ജയിക്കുകയാണെങ്കില്‍ മതം ജയിക്കുകയാണെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ ദേശീയ തലത്തില്‍ ഒന്നിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്ന ഏതെങ്കിലും പാര്‍ട്ടിയുടെ ഏതെങ്കിലും നേതാവ് ഏതെങ്കിലും നേരത്ത് മുസ്‌ലിം ലീഗ് സമം ആര്‍.എസ്.എസ് എന്ന മട്ടില്‍ പറഞ്ഞിട്ടുണ്ടാവാം. ലീഗ് ജയിക്കുകയെന്നാല്‍ മതം ജയിക്കുകയാണെന്ന് ഏതെങ്കിലും ലീഗുകാരന്‍ പറഞ്ഞെന്നുമിരിക്കാം. ഇത് രണ്ടും ശരിയല്ലാത്ത കാര്യം തന്നെയാണ്,’ എന്നാണ് പ്രേം കുമാര്‍ കുറിച്ചത്.
‘ബോംബാണെങ്കില്‍ ഈസിയാണ്… മലപ്പുറത്ത് സാധനം കിട്ടും’ തുടങ്ങിയ അശ്രദ്ധയോട് കൂടിയ പരാമര്‍ശങ്ങള്‍ ഇന്നത്തെ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളില്‍ ആവര്‍ത്തിക്കാന്‍ പാടില്ലാത്തതാണെന്നും പ്രേം കുമാര്‍ ചൂണ്ടിക്കാട്ടി.
Content Highlight: Prem Kumar says there is inconsistency in P. Sarin’s Muslim League remarks