| Thursday, 8th October 2026, 1:00 pm

പുതുമയൊന്നുമില്ല, പ്രെഡിക്ടബിളായിരുന്നു... റിലീസായി ഒരാഴ്ച പിന്നിടുമ്പോഴും രണ്ട് കോടി പോലും നേടാനാകാതെ പ്രേം കീടാണു

അമര്‍നാഥ് എം.

ഒരുവശത്ത് ദൃശ്യം 3യുടെ റീമേക്ക് ഒറിജിനല്‍ വേര്‍ഷനെക്കാള്‍ ഗംഭീര പ്രതികരണം നേടി മുന്നേറുമ്പോള്‍ മറ്റൊരു റീമേക്ക് ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിയുന്ന കാഴ്ചക്കാണ് ബോളിവുഡ് ബോക്‌സ് ഓഫീസ് സാക്ഷ്യം വഹിക്കുന്നത്. ഭാഷാതിര്‍ത്തികള്‍ കടന്ന് ചര്‍ച്ചയായ പ്രേമലുവിന്റെ ഹിന്ദി പതിപ്പ് പ്രേം കീടാണു ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി മാറി.

റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ വേള്‍ഡ്‌വൈഡ് ബോക്‌സ് ഓഫീസില്‍ നിന്ന് ഏകദേശം 1.45 കോടി മാത്രമാണ് ചിത്രം നേടിയതെന്ന് ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രേമലുവിന്റെ ആദ്യദിന കളക്ഷന്‍ തന്നെ 1.3 കോടിയുള്ളപ്പോഴാണ് ഒരാഴ്ച കൊണ്ട് പ്രേം കീടാണു ഈ കളക്ഷന്‍ സ്വന്തമാക്കിയത്. നിരൂപകരം പ്രേക്ഷകരും ഒരുപോലെ കൈയൊഴിഞ്ഞ ചിത്രം ഒ.ടി.ടി റിലീസിന് ശേഷം ട്രോള്‍ മെറ്റീരിയലാകുമെന്ന് ഉറപ്പാണ്.

അനൗണ്‍സ് ചെയ്ത സമയത്ത് തന്നെ ബോക്‌സ് ഓഫീസില്‍ പ്രേം കീടാണു തകര്‍ന്നടിയുമെന്ന് സിനിമാപേജുകള്‍ പ്രവചിച്ചിരുന്നു. മലയാളത്തില്‍ നസ്‌ലെന്‍ ചെയ്ത റോള്‍ ഹിന്ദിയില്‍ അവതരിപ്പിച്ച് വീര്‍ പഹാരിയയാണ്. 23 വയസുള്ള സച്ചിനായി 31കാരനായ വീറിനെ കാസ്റ്റ് ചെയ്തപ്പോള്‍ തന്നെ പലരും നിരാശരായി. അനാവശ്യമായി കുത്തിക്കയറ്റിയ പാട്ടുകളും റിലീസിന് മുമ്പ് വലിയ ചര്‍ച്ചയായിരുന്നു.

പല സീനുകളിലും നസ്‌ലെന്റെ പ്രകടനത്തിന്റെ പകുതിപോലും പുറത്തെടുക്കാന്‍ വീറിന് സാധിച്ചിട്ടില്ല. നായികയായി വേഷമിട്ട ആഫിയ സയേദിന്റെ പെര്‍ഫോമന്‍സും കണക്കാണെന്ന് പലരും അഭിപ്രായപ്പെടുന്നു. റീനുവും സച്ചിനും ഉണ്ടാക്കിയ ഇംപാക്ട് എത്രമാത്രം വലുതാണെന്ന് ഹിന്ദി റീമേക്ക് കാണുമ്പോള്‍ മനസിലാകുമെന്നും കമന്റുകളുണ്ട്.

സ്‌കൈ ഫോഴ്‌സ് എന്ന ചിത്രത്തില്‍ നായകതുല്യ വേഷം ചെയ്ത താരമാണ് വീര്‍ പഹാരിയ. ആദ്യചിത്രത്തില്‍ മികച്ച പ്രശംസ ലഭിച്ച വീറിന് രണ്ടാംവരവില്‍ പാളി. ഒറിജിനലിനെ ഇല്ലാതാക്കിയ റീമേക്കുകളുടെ ലിസ്റ്റില്‍ ഏറ്റവും ഒടുവിലത്തെ എന്‍ട്രി കൂടിയാണ് പ്രേം കീടാണു. ഇനിയെങ്കിലും ബോളിവുഡ് ഇന്‍ഡസ്ട്രി റീമേക്കുകള്‍ക്ക് ഫുള്‍സ്റ്റോപ്പ് ഇടുമോ എന്നും ചോദ്യമുണ്ട്.

പ്രേം കീടാണുവിന്റെ റിലീസിനോടനുബന്ധിച്ച് ജിയോ ഹോട്‌സ്റ്റാറില്‍ നിന്ന് പ്രേമലു നീക്കം ചെയ്തതും വലിയ വാര്‍ത്തയായിരുന്നു. ബെത്‌ലഹേം കുടുംബ യൂണിറ്റ് നിറഞ്ഞോടുന്ന സമയത്ത് പ്രേമലു നീക്കം ചെയ്തത് മോശമായെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. പ്രേം കീടാണു ബോക്‌സ് ഓഫീസില്‍ മൂക്കുംകുത്തി വീണ സ്ഥിതിക്ക് പ്രേമലു തിരിച്ചെത്തുമെന്നാണ് കരുതുന്നത്.

Content Highlight: Prem Kitanu movie struggles to collect two crores in Box Office

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more