| Saturday, 6th December 2025, 9:16 pm

ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; വിജയ്‌യുടെ പുതുച്ചേരി യോഗത്തിന് അനുമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ തീരുമാനിച്ച ടി.വി.കെ (തമിഴക വെട്രി കഴകം) പൊതുയോഗത്തിന് അനുമതി ലഭിച്ചതായി റിപ്പോര്‍ട്ട്. 5,000 പേരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് യോഗം നടത്താനാണ് അനുമതി.

ഡിസംബര്‍ ഒമ്പതിന് (ചൊവ്വ) പുതുച്ചേരിയിലെ ഉപ്പളം ഗ്രൗണ്ടിലാണ് യോഗം നടക്കുക. യോഗവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പൊലീസ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

യോഗം നടത്താന്‍ അനുമതി നല്‍കിയേക്കും. എന്നാല്‍ ടി.വി.കെ ആവശ്യപ്പെട്ടതുപോലെ ആയിരിക്കില്ല യോഗം നടക്കുക. പാസുള്ളവര്‍ക്ക് മാത്രമേ ഗ്രൗണ്ടിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പരമാവധി രണ്ട് മണിക്കൂര്‍ മാത്രമേ പരിപാടി നടത്താന്‍ അനുമതി ഉണ്ടാകുകയുള്ളൂ, ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും പരിപാടിയിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല, യോഗത്തിലേക്ക് അണികളെ എത്തിക്കുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പ്രത്യേകം സ്ഥലം കണ്ടെത്തണം, ഗ്രൗണ്ടിനുള്ളില്‍ മെഡിക്കല്‍, കുടിവെള്ളം, ടോയ്‌ലറ്റ് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കണം തുടങ്ങിയ കര്‍ശന നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.

നേരത്തെ പുതുച്ചേരിയില്‍ നടത്താനിരുന്ന വിജയ്‌യുടെ റോഡ് ഷോയ്ക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ആളുകളെ ഉള്‍ക്കൊള്ളാന്‍ പരിമിതിയുള്ള റോഡുകള്‍ ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. തുടര്‍ന്ന് ഡിസംബര്‍ അഞ്ചിന് നടക്കാനിരുന്ന റോഡ്‌ഷോ ഉപ്പളം മൈതാനത്ത് പാര്‍ട്ടിയുടെ പൊതുയോഗമായി സംഘടിപ്പിക്കാന്‍ ടി.വി.കെ തീരുമാനിച്ചിരുന്നു.

ശേഷം ടി.വി.കെ ജനറല്‍ സെക്രട്ടറി എന്‍. ആനന്ദ് മുഖ്യമന്ത്രി എന്‍. രംഗസാമി, ആഭ്യന്തരമന്ത്രി എ. നമശ്വിവായം എന്നിവരെയും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെയും അനുമതി ആവശ്യപ്പെട്ട് സമീപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് യോഗത്തിന് അനുമതി ലഭിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.

Content Highlight: Pregnant women and children should not participate; Permission granted for Vijay’s Puducherry meeting

We use cookies to give you the best possible experience. Learn more