ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഗര്‍ഭിണിയെ തല്ലിക്കൊന്നു. മെയിന്‍പുരി ഗോപാല്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. പങ്കാളിയും കുടുംബാംഗങ്ങളും ചേര്‍ന്ന് യുവതിയെ തല്ലിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
21 വയസുകാരിയായ രജനി കുമാരിയാണ് മരിച്ചത്. സച്ചിന്‍ എന്നയാളാണ് രംഗ്പൂര്‍ സ്വദേശിയായ രജനിയെ വിവാഹം ചെയ്തത്. ഈ വര്‍ഷം ഏപ്രിലിലാണ് ഇരുവരുടെയും വിവാഹം നടന്നത്.
ടെന്റ് ഹൗസ് തുറക്കാന്‍ യുവാവിന്റെ ബന്ധുക്കള്‍ അഞ്ച് ലക്ഷം രൂപ കൂടി സ്ത്രീധനമായി രജനിയുടെ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം യുവതിയുടെ കുടുംബം വിസമ്മതിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്.
21കാരിയെ യുവാവിന്റെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതും ശാരീരികമായി പീഡിപ്പിച്ചതും മരണത്തിന് കാരണമായെന്നാണ് വിവരം. വെള്ളിയാഴ്ചയാണ് യുവതി അതിക്രമത്തിന് ഇരയായത്.
കൂടാതെ തെളിവുകള്‍ നശിപ്പിക്കാന്‍ സച്ചിന്റെ കുടുംബം യുവതിയുടെ അന്ത്യകര്‍മങ്ങള്‍ രഹസ്യമായി നടത്തിയതായും ആരോപണമുണ്ട്. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ അമ്മ സുനിത ദേവി പൊലീസ് പരാതി നല്‍കുകയായിരുന്നു.
നിലവില്‍ സുനിത ദേവിയുടെ പരാതിയില്‍ 21കാരിയുടെ പങ്കാളി, സഹോദരന്മാരായ പ്രാന്‍ഷു, സഹ്ബാഗ്, ബന്ധുക്കളായ രാം നാഥ്, ദിവ്യ, ടീന എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഒഞ്ച പൊലീസിന്റേതാണ് നടപടി. സംഭവത്തില്‍ അന്വേഷണം തുടരുന്നതായി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് രാഹുല്‍ മിംതാസ് പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ തുടരുകയാണെന്ന് മിംതാസ് അറിയിച്ചു.
Content Highlight: Pregnant woman beaten to death over dowry in UP