ലഖ്നൗ: ഗര്‍ഭിണിയായ മുസ്‌ലിം സ്ത്രീയ്ക്ക് ചികിത്സ നിഷേധിച്ച സംഭവം വര്‍ത്തയാക്കിയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. യു.പിയിലെ ജോന്‍പൂരിലാണ് സംഭവം. ആശുപത്രി അധികൃതര്‍ വാര്‍ത്തയിലെ വിവരങ്ങള്‍ നിഷേധിച്ചതോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. മഹേന്ദ്ര ഗുപ്ത നല്‍കിയ പരാതിയിലാണ് കേസ്. ലേബര്‍ അതിക്രമിച്ചു കയറി, അനുമതിയില്ലാതെ വീഡിയോ ചിത്രീകരിച്ചു, ആശുപത്രി സ്വത്തുക്കള്‍ക്ക് നാശനഷ്ടം വരുത്തി എന്നീ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഡോക്ടറുടെ പരാതി.
നിലവില്‍ മാധ്യമപ്രവര്‍ത്തകരായ മായങ്ക് ശ്രീവാസ്തവ, മുഹമ്മദ് ഉസ്മാന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കോട്‌വാലി പൊലീസിന്റേതാണ് നടപടി.
ഒക്ടോബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാമ പര്‍വീണ്‍ എന്ന മുസ്‌ലിം സ്ത്രീ മതപരമായി ആശുപത്രിയില്‍ നിന്ന് വിവേചനം നേരിട്ടുവെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഒരു മുസ്‌ലിം സ്ത്രീയെ താന്‍ ചികിത്സിക്കില്ലെന്ന് ഡോക്ടര്‍ പറഞ്ഞതായും ഷാമയെ ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രവേശിപ്പിച്ചില്ലെന്നുമാണ് ആരോപണം. മുസ്‌ലിം സ്ത്രീയെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടതായും പരാതിയുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നത്.
സെപ്റ്റംബര്‍ 30ന് രാത്രി 10 മണിയോടെയാണ് ഷാമയെ ജില്ലാ വനിതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ഷാമയെ പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മതപരമായി അധിക്ഷേപിക്കുകയോ പരാമര്‍ശം നടത്തുകയോ ചെയ്തിട്ടില്ലെന്നാണ് മഹേന്ദ്ര ഗുപ്ത പറയുന്നത്.
സംഭവത്തില്‍ ഡ്യൂട്ടി ഡോക്ടറോട് വിശദീകരണം തേടിയിട്ടുണ്ടെന്നും ഉന്നത അധികാരികളെ വിഷയം അറിയിച്ചിട്ടുണ്ടെന്നും ഗുപ്ത പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം മുസ്‌ലിം സ്ത്രീയ്ക്ക് ചികിത്സ നിഷേധിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്നാണ് ബി.ജെ.പിയുടെ വാദം. ‘സബ്കാ സാത്ത് സബ്കാ വികാസ്’ എന്ന മുദ്രാവാക്യത്തിന് യു.പി സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് ബി.ജെ.പി വക്താവ് അവ്‌നിഷ് ത്യാഗി പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തില്‍ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ളതെന്നും ത്യാഗി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുപോലെ കാണേണ്ടവര്‍ തന്നെ മുസ്‌ലിമായതുകൊണ്ട് ഒരു ഗര്ഭിണിയ്ക്ക് ചികിത്സ നിഷേധിക്കുന്നത് ലജ്ജാകരമെന്ന് കോണ്‍ഗ്രസ് ഉത്തര്‍പ്രദേശ് നേതൃത്വം പ്രതികരിച്ചു.
വിഷയത്തില്‍ ജില്ലാ മജിസ്ട്രറ്റിനെ സമീപിക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും സമാജ്‌വാദി എം.എല്‍.എ രാഗിണി സോങ്കര്‍ പറഞ്ഞു.
Content Highlight: Pregnant Muslim woman denied treatment made news; Case filed against journalists in UP