| Friday, 19th September 2025, 4:05 pm

എല്ലാവരുടേയും അദ്ധ്വാനത്തിന്റെ ഫലമായാണ് ഞാനിന്ന് ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത്; സിനിമ എന്നെ കുറേ കാര്യങ്ങള്‍ പഠിപ്പിച്ചു: പ്രീതി മുകുന്ദന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മ്യൂസിക് ആല്‍ബങ്ങളില്‍ അഭിനയിച്ചും മോഡലിങ് ചെയ്തുമാണ് പ്രീതിയെ എല്ലാവര്‍ക്കും പരിചിതം.’ഓം ഭീം ഭുഷ്’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പ്രീതിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ശേഷം ‘കണ്ണപ്പാ’ എന്ന ചിത്രത്തിലും അഭിനയിച്ച പ്രീതി മുകുന്ദന്‍, സ്റ്റാറിലൂടെ തമിഴിലും അഭിനയിച്ചു.’മേനേ പ്യാര്‍ കിയാ’ എന്ന ചിത്രത്തിലൂടെ നടി മലയാളത്തിലും തന്റെ സാന്നിധ്യമറിയിച്ചു.

സിനിമയില്‍ എത്തിയതിന് ശേഷം പല കാര്യങ്ങളിലും താന്‍ ബുദ്ധിമുട്ടിയിരുന്നുവെന്ന് പറയുകയാണ് നടി പ്രീതി മുകുന്ദന്‍. എന്നാല്‍ അതിനേക്കാള്‍ താന്‍ ഒരുപാട് കാര്യങ്ങള്‍ സിനിമയില്‍ നിന്ന് പഠിക്കുകയാണ് ചെയ്തതെന്നും നടി പ്രീതി പറഞ്ഞു.

‘കഠിനാദ്ധ്വാനം ഒരിക്കലും പാഴാവില്ല. വര്‍ഷങ്ങളോളം ഇവിടെ പലരും പല രീതിയില്‍ അവരുടെ കഠിനാദ്ധ്വാനം നല്‍കുന്നു. അത് അര്‍പ്പണത്തോടെ വേണം എന്ന് ഞാന്‍ പഠിച്ചു. എല്ലാവരുടേയും അദ്ധ്വാനത്തിന്റെ ഫലമായിട്ടാണ് ഞാനിന്ന് ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത്. അത് ഇനിയും കൂടുതല്‍ അര്‍പ്പണത്തോടെ ചെയ്യണമെന്ന് മനസിലായി’ പ്രീതി പറയുന്നു.

സിനിമക്ക് റിഹേഴ്‌സലുകളും ഹോംവര്‍ക്കുമൊക്കെ അത്യന്താപേക്ഷിതമാണെന്നും താന്‍ ഒറ്റയ്ക്ക് സജ്ജമാവുന്നതിലുപരി സെറ്റിലുള്ളവരുമായി ആശയങ്ങള്‍ പങ്കിട്ടും അഭിപ്രായങ്ങള്‍ ചോദിച്ചും സജ്ജമായി വരാറുണ്ടെന്നും പ്രീതി പറയുന്നു.

‘ഷൂട്ടിങ്ങിന് എത്രമാത്രം പ്രാധാന്യം നല്‍കുന്നുവോ അതിനുതുല്യമായ പ്രാധാന്യം റിഹേഴ്‌സലിനും നല്‍കുന്നു. അതു പോലെ അഭിനയം എപ്പോള്‍ എവിടെവെച്ചു വേണമെങ്കിലും പഠിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട്. ഞാന്‍ അപ്പോള്‍ ട്രെയിനേഴ്‌സിനോട് സംശയങ്ങള്‍ ചോദിച്ച് മനസിലാക്കി എന്നെത്തന്നെ ഞാന്‍ പുതുക്കിക്കൊണ്ടിരുന്നു.

കൂടാതെ നിത്യ ജീവിതത്തില്‍ ഞാന്‍ ചെയ്യുന്ന കൊച്ചുകൊച്ചു പ്രവൃത്തികള്‍ പോലും എന്റെ അഭിനയത്തില്‍ കൊണ്ടുവരുന്നു. അഭിനയവും നിത്യജീവിതത്തില്‍നിന്നും പഠിക്കേണ്ടതുതന്നെയാണ്,’ പ്രീതി പറഞ്ഞു.

Content highlight: Preeti Mukundan talks about her film career

We use cookies to give you the best possible experience. Learn more