| Monday, 9th July 2012, 10:42 am

പ്രീജയ്ക്കും കവിതയ്ക്കും ഒളിമ്പിക്‌സ് യോഗ്യത നേടാനായില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:  ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് പ്രീജ ശ്രീധരന് ഒളിമ്പിക് യോഗ്യത കണ്ടെത്താനായില്ല. ഇറ്റലിയിലെ സാന്തിയയില്‍ നടന്ന അവസാന യോഗ്യതാ അവസരത്തില്‍ ഇന്ത്യന്‍ താരങ്ങളായ പ്രീജയും കവിതാ റൗട്ടും 10,000 മീറ്റര്‍ പൂര്‍ത്തിയാക്കാതെ പിന്മാറി.

10000 മീറ്ററില്‍ മികച്ച നിലയില്‍ തുടക്കമിട്ട ഇരുവരും പകുതി ദൂരം പിന്നിട്ടതോടെ വേഗം കുറയ്ക്കുകയായിരുന്നു. ഒളിമ്പിക്‌ ബി സ്റ്റാന്‍ഡേര്‍ഡ് യോഗ്യതാസമയം 32 മിനിറ്റ് 10 സെക്കന്‍ഡ് ആയിരുന്നു. എന്നാല്‍ 5000 മീറ്റര്‍ ഇരുവരും പൂര്‍ത്തിയാക്കിയത് 16 മിനിറ്റ് 28 സെക്കന്‍ഡിലായിരുന്നു.

ലക്ഷ്യം പൂര്‍ത്തീകരിക്കാനാവില്ലെന്ന് ഉറപ്പായതോടെ 6000 മീറ്ററിനുശേഷം ഇവര്‍ മല്‍സരം ഉപേക്ഷിക്കുകയായിരുന്നു. ഗ്വാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ ഇരുവരും ഇന്ത്യയ്ക്കായി മെഡല്‍ നേടിയിരുന്നു. ഇതോടെ ഇക്കുറി ഒളിമ്പിക്‌സില്‍ ട്രാക്കിലും ഫീല്‍ഡിലുമായി ഇന്ത്യയെ പ്രതിനിധീകരിക്കുക 14 അത്‌ലിറ്റുകളാകും.

ഏഷ്യന്‍ ഗെയിംസില്‍ പ്രീജ 10,000 മീറ്ററില്‍ സ്വര്‍ണവും 5,000 മീറ്ററില്‍ വെള്ളിയും നേടിയിരുന്നു. കവിത 10,000 മീറ്ററില്‍ വെള്ളിയും 5000 മീറ്ററില്‍ വെങ്കലവും സ്വന്തമാക്കി.

We use cookies to give you the best possible experience. Learn more