ബോക്‌സ് ഓഫീസില്‍ ഗംഭീര കളക്ഷനുമായി മുന്നേറുകയാണ് ഇന്ത്യന്‍ സിനിമയുടെ മാഗ്നം ഓപ്പസ് രാമായണ. 1500 കോടിക്ക് മുകളില്‍ ചെലവഴിച്ച് ഒരുക്കിയ ചിത്രം ആദ്യ വീക്കെന്‍ഡില്‍ തന്നെ 500 കോടിക്ക് മുകളില്‍ ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു. ഈ വര്‍ഷം രണ്ടാമത്തെ ആയിരം കോടിയും ആദ്യത്തെ 2000 കോടിയും രാമായണയിലൂടെ പിറവിയെടുക്കുമെന്നാണ് കണക്കുകൂട്ടല്‍.
രണ്ടാം ഭാഗത്തിനായി കാത്തിരിപ്പിച്ചുകൊണ്ടാണ് ചിത്രം അവസാനിച്ചത്. 50 ശതമാനത്തോളം ഷൂട്ട് പൂര്‍ത്തിയായ രാമായണയുടെ സെക്കന്‍ഡ് പാര്‍ട്ട് 2028ല്‍ പുറത്തിറങ്ങും. ആദ്യഭാഗത്തില്‍ നായകനായ രാമനെക്കാള്‍ പലരും എടുത്തുപറഞ്ഞ പെര്‍ഫോമന്‍സ് വില്ലനായ രാവണന്റെയാണ്. പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ യഷ് ആണ് രാവണനായി വേഷമിട്ടത്. അസുരരാജനായി വന്ന യഷ് സ്‌ക്രീന്‍ പ്രസന്‍സില്‍ ഞെട്ടിച്ചു.
രണ്ടാം ഭാഗത്തില്‍ നായകനായ രാമനും വില്ലനായ രാവണനും സൈഡായേക്കുമെന്നാണ് ഇപ്പോള്‍ സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. ആരണ്യകാണ്ഡം, യുദ്ധകാണ്ഡം എന്നിവ ഫോക്കസ് ചെയ്ത് ഒരുങ്ങുന്ന രണ്ടാം ഭാഗത്തിലാണ് ഹനുമാനടക്കമുള്ള കഥാപാത്രങ്ങള്‍ രംഗപ്രവേശം ചെയ്യുന്നത്. ബോളിവുഡിലെ വെറ്ററന്‍ സൂപ്പര്‍സ്റ്റാര്‍ സണ്ണി ഡിയോളാണ് ഹനുമാനായി വേഷമിടുന്നത്.
ആദ്യഭാഗത്തിന്റെ പോസ്റ്റ് ക്രെഡിറ്റില്‍ കാണിച്ച ഹനുമാന്റെ ഗ്ലിംപ്‌സിന് തന്നെ വലിയ റെസ്‌പോണ്‍സായിരുന്നു. 69ാം വയസിലും സ്‌ക്രീന്‍ പ്രസന്‍സിന്റെ ബാപ്പ് എന്ന് വിശേഷിപ്പിക്കുന്ന സണ്ണി പാജി ഹനുമാനായി വേഷമിടുമ്പോള്‍ പ്രതീക്ഷകളേറെയാണ്. ലങ്കാദഹനം സീക്വന്‍സില്‍ യഷ്- സണ്ണി ഡിയോള്‍ ഫേസ് ഓഫ് സീന്‍ കാണാനാണ് പലരും കാത്തിരിക്കുന്നത്.
രാവണപുത്രന്‍ മേഘനാഥനാണ് രണ്ടാമത്തെ കഥാപാത്രം. കില്ലിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധ നേടിയ രാഘവ് ജുയലാണ് മേഘനാഥനായി വേഷമിടുന്നത്. ഒരൊറ്റ ഷോട്ട് കൊണ്ട് രണ്ടാം ഭാഗത്തിലെ പ്രധാന ആകര്‍ഷണമായി രാഘവ് ജുയല്‍ മാറി. രണ്‍ബീര്‍ കപൂര്‍- രാഘവ് ജുയല്‍ ഫേസ് ഓഫ് സീനിനായും പലരും കാത്തിരിക്കുന്നുണ്ട്.
ആദ്യഭാഗത്തില്‍ ചെറിയ ഭാഗങ്ങള്‍ മാത്രം തൊട്ടുപോയ അണിയറപ്രവര്‍ത്തകര്‍ രണ്ടാം ഭാഗത്തിലാണ് പ്രധാനപ്പെട്ട സീക്വന്‍സുകളെല്ലാം ഒരുക്കിയിട്ടുള്ളത്. ആകെ ബജറ്റിന്റെ 70 ശതമാനത്തോളം രണ്ടാം ഭാഗത്തിന് വേണ്ടിയാകും ചെലവഴിക്കുക. ആദ്യഭാഗം ബോക്‌സ് ഓഫീസില്‍ അടിക്കുന്ന അടിയുടെ ഇരട്ടിയാകും രണ്ടാം ഭാഗത്തില്‍ ഉണ്ടാവുകയെന്നാണ് ട്രാക്കര്‍മാരുടെ പ്രവചനം.
Content Highlight: Predictions that Raghav Juyal and Sunny Deol’s character will score in Ramayana 2 movie