| Thursday, 13th August 2026, 11:00 pm

പ്രീ റിലീസില്‍ പതിനൊന്ന് കോടി; കറുപ്പിന് പിന്നാലെ ബോക്‌സ് ഓഫീസ് തൂക്കാന്‍ സൂര്യ, ഒപ്പം മമിതയും

അശ്വിന്‍ രാജേന്ദ്രന്‍

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ അട്ടിമറി വിജയത്തിലൂടെ തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സ്ഥാനമേറ്റ ശേഷം വലിയ മാറ്റങ്ങള്‍ക്കായിരുന്നു കോളിവുഡ് സാക്ഷ്യം വഹിച്ചത്. വിജയ് സിനിമാ ജീവിതം അവസാനിപ്പിച്ചതോടെ വലിയ വിടവായിരുന്നു തമിഴ് സിനിമയില്‍ രൂപപ്പെട്ടത്. ഈ അവസരം മുതലെടുക്കാന്‍ കൃത്യസമയത്തായിരുന്നു തന്റെ തുടര്‍ പരാജയം അവസാനിപ്പിച്ച് കറുപ്പ് എന്ന ഹിറ്റ് ചിത്രവുമായി സൂര്യ തിയേറ്ററുകളിലേക്കെത്തിയത്.

വിശ്വനാഥ് ആന്‍ഡ് സണ്‍സ്. Photo: X.com

2013ന് ശേഷം ഒരു ബോക്‌സ് ഓഫീസ് വിജയം പോലും ഇല്ലാതിരുന്ന സൂര്യ ആര്‍.ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പിലൂടെ 300 കോടി അടിച്ച് കൊണ്ടായിരുന്നു തിരിച്ചുവരവ് ഗംഭീരമാക്കിയത്. കേരളത്തിലും ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ഈ വിജയം തുടരാനായി വിശ്വനാഥ് ആന്‍ഡ് സണ്‍സ് എന്ന പുതിയ ചിത്രവുമായി നാളെ (വ്യാഴം) തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ് സൂര്യ. കറുപ്പ് ഒരു റൂറല്‍ ആക്ഷന്‍ ചിത്രമായിരുന്നെങ്കില്‍ റോ-കോം ഴോണര്‍ ചിത്രവുമായാണ് സൂര്യ ഇനി എത്തുന്നത്.

ലക്കി ഭാസ്‌കര്‍ എന്ന ഹിറ്റ് ദുല്‍ഖര്‍ ചിത്രത്തിന് ശേഷം വെങ്കി അത്‌ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥ് ആന്‍ഡ് സണ്‍സില്‍ നായികയായെത്തുന്നത് മമിത ബൈജുവാണ്. റിലീസിന് മുമ്പ് ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ ഏകദേശം പതിനൊന്ന് കോടിയിലധികം ചിത്രം സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റിലീസിന് മണിക്കൂറുകള്‍ ശേഷിക്കവെ ഇത് 15 കോടി പിന്നിട്ടേക്കുമെന്നാണ് സിനിമാ പേജുകള്‍ വിലയിരുത്തുന്നത്. 120 കോടിയോളമാണ് ചിത്രത്തിന്റെ ബജറ്റെന്നാണ് പുറത്തുവരുന്ന വിവരം.

Photo: X.com

അതേസമയം ഡിജിറ്റല്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് 85 കോടി മുടക്കി ചിത്രം ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് 12 കോടി രൂപയ്ക്കാണ് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരിക്കുന്നത്. 28 കോടി രൂപ മുടക്കി സീ നെറ്റ് വര്‍ക്ക് ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ്‌സും കൈവശപ്പെടുത്തിയിട്ടുണ്ട്. ഇതിനെല്ലാം പുറമെ തിയേറ്ററിക്കല്‍ റൈറ്റ്‌സിലൂടെ വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ് 72 കോടിയുടെ ബിസിനസാണ് നടത്തിയിരിക്കുന്നത്. ഇതോടെ റിലീസിന് മുമ്പ് തന്നെ ചിത്രം 95 കോടിയുടെ ലാഭത്തിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Content Highlight: Pre Release business of Viswanath and Sons movie starring Suriya

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more