സിനിമാലോകത്ത് കഴിഞ്ഞ കുറച്ചുകാലമായി കേള്‍ക്കുന്ന റൂമറാണ് സൂര്യ- ജിത്തു മാധവന്‍ പ്രൊജക്ട്. ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നില്ലെങ്കിലും ചിത്രത്തെക്കുറിച്ച് പല റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ടായിരുന്നു. ആവേശത്തിന് ശേഷം ജിത്തു മാധവന്‍ കൈകോര്‍ക്കുന്നത് സൂര്യയുമായിട്ടാണെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എറണാകുളത്ത് വലിയ സെറ്റിട്ട് പൊലീസ് സ്റ്റേഷന്റെ പണികള്‍ പുരോഗമിക്കുകയാണ്. സെറ്റിന്റെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അടുത്ത മാസം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നും കേള്‍ക്കുന്നുണ്ട്.
ചിത്രത്തില്‍ മലയാളി താരം ഫഹദ് ഫാസില്‍ അതിഥിവേഷത്തിലെത്തുമെന്നും അഭ്യൂഹങ്ങളുണ്ട്. ഇന്ത്യന്‍ സിനിമയിലെ രണ്ട് മികച്ച പെര്‍ഫോമര്‍മാര്‍ ഒന്നിച്ച് സ്‌ക്രീനിലെത്തുമ്പോള്‍ സിനിമാപ്രേമികള്‍ക്ക് ആഘോഷിക്കാനുള്ള വക തന്നെയാകും ലഭിക്കുക. ചിത്രത്തിന്റെ ഒഫിഷ്യല്‍ അനൗണ്‍സ്‌മെന്റിനായി ആരാധകരും സിനിമാപ്രേമികളും കാത്തിരിക്കുകയാണ്.
കോമഡി ആക്ഷന്‍ ഴോണറിലാകും ചിത്രമൊരുങ്ങുക. തമിഴ് നാട്ടില്‍ നിന്ന് ട്രാന്‍സ്ഫര്‍ ലഭിച്ച് കേരളത്തിലെത്തുന്ന പൊലീസ് ഓഫീസര്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ കഥ. സൂര്യയും ജിത്തു മാധവനും ചേര്‍ന്ന് ആരംഭിക്കുന്ന ഴഗരം ഫിലിംസാണ് ഈ പ്രൊജക്ട് നിര്‍മിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏറെക്കാലത്തിന് ശേഷം പൊലീസ് വേഷത്തില്‍ സൂര്യ അവതരിക്കുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ്. ഒപ്പം ഫഹദും ഒന്നിക്കുമ്പോള്‍ അത് വീണ്ടും ഉയരത്തിലാണ്.
സുധാ കൊങ്കരയുടെ പുറനാനൂറില്‍ സൂര്യയും ദുല്‍ഖര്‍ സല്‍മാനുമായിരുന്നു പ്രധാന താരങ്ങള്‍. എന്നാല്‍ സൂര്യ ഈ പ്രൊജക്ടില്‍ നിന്ന് പിന്മാറുകയും പിന്നീട് ശിവകാര്‍ത്തികേയന്‍ ഈ പ്രൊജക്ടിലേക്ക് എത്തുകയും ചെയ്തിരുന്നു. പരാശക്തി എന്ന് പേര് മാറ്റിയ ചിത്രത്തില്‍ ദുല്‍ഖറിന് പകരം അഥര്‍വയാണ് വേഷമിടുന്നത്.
നിലവില്‍ വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന സൂര്യ 46ന്റെ തിരക്കിലാണ് താരം. മലയാളി താരം മമിത ബൈജുവും സൂര്യ 46ല്‍ ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ലക്കി ഭാസ്‌കറിന് ശേഷം വെങ്കി സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷം ഏപ്രിലില്‍ തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ഈ വര്‍ഷം ഒടുവില്‍ പുറത്തിറങ്ങും.
Content Highlight: Pre Production work photos of Suriya Jithu Madhavan project viral