| Monday, 29th September 2025, 12:48 pm

1967ന് മുമ്പുള്ള ഫലസ്തീന്‍ അതിര്‍ത്തികള്‍ നിലനിര്‍ത്തണം, ജെറുസലേമിനെ തലസ്ഥാനമാക്കണം; ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്: 1967ന് മുമ്പുള്ള ഫലസ്തീന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കണമെന്നും ജെറുസലേമിനെ അതിന്റെ തലസ്ഥാനമാക്കണമെന്നും ഐക്യരാഷ്ട്ര സഭയില്‍ പാകിസ്ഥാന്‍. രണ്ടാം നഖ്ബയ്ക്ക് മുമ്പുണ്ടായിരുന്ന അതിര്‍ത്തിയില്‍ ഫലസ്തീന്‍ സംരക്ഷിക്കപ്പെടണമെന്നും ഈ അതിര്‍ത്തികളെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കണമെന്നുമാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പറഞ്ഞത്.

1967ല്‍ ഇസ്രഈല്‍ പിടിച്ചടക്കിയ വെസ്റ്റ് ബാങ്ക്, ഗസ ഉള്‍ക്കൊള്ളുന്നതാണ് ഈ അതിര്‍ത്തികള്‍. സെക്യൂരിറ്റി കൗണ്‍സില്‍ റെസല്യൂഷന്‍ 446 പ്രകാരം ഇസ്രഈലിന്റെ ഔട്ട്‌പോസ്റ്റുകള്‍ നിയമവിരുദ്ധമെന്നാണ് ഐക്യരാഷ്ട്ര സഭ കണക്കാക്കുന്നത്.

അന്താരാഷ്ട്ര സമൂഹവും 2017ന് മുമ്പുള്ള യു.എസ്. ഭരണകൂടം അംഗീകരിച്ചതുമായ കിഴക്കന്‍ ജെറുസലേമിനെ ഫലസ്തീന്‍ തലസ്ഥാനമാക്കണമെന്നല്ല, മറിച്ച് പൂര്‍ണമായും ജെറുസലേം ഫലസ്തീന്‍ തലസ്ഥാനമാകണമെന്നാണ് പാകിസ്ഥാന്റെ നിലപാട്.

2019 മുതല്‍ ജെറുസലേമിനെ പൂര്‍ണമായും ഇസ്രഈലിന്റെ തലസ്ഥാനമായാണ് അമേരിക്ക കണക്കാക്കുന്നത്.

ഇസ്രഈലിന്റെ ചങ്ങലകളില്‍ ഫലസ്തീനിന് ഇനി തുടരാന്‍ സാധിക്കില്ലെന്നും അവര്‍ സ്വതന്ത്രമാക്കപ്പെടണമെന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞു.

‘ദീര്‍ഘകാലം നീണ്ടുനിന്ന ഈ അനീതി നമ്മുടെ ധാര്‍മിക അപചയത്തിന്റെ അടയാളമാണ്, ആഗോള മനസാക്ഷിയിലേറ്റ കളങ്കമാണ്. ഏകദേശം 80 വര്‍ഷമായി വെസ്റ്റ് ബാങ്കിില്‍, തങ്ങളുടെ മാതൃരാജ്യത്ത് ഇസ്രഈല്‍ നടത്തിയ ക്രൂരതകള്‍ അവര്‍ ധൈര്യപൂര്‍വം സഹിച്ചു. എന്നാല്‍ ഓരോ ദിവസം കഴിയുമ്പോഴും ഈ ക്രൂരതകള്‍ കൂടി വരികയാണ്.

നിയമവിരുദ്ധമായി കുടിയേറിയവര്‍ ആളുകളെ ശിക്ഷാനടപടികളുടെ ഭയമേതുമില്ലാതെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നു. അവരെ ചോദ്യം ചെയ്യാന്‍ സാധിക്കുന്നില്ല.

ഗസയിലേക്ക് വരുമ്പോള്‍, ചരിത്രത്തിലിന്നോളമില്ലാത്ത രീതിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ഇസ്രഈല്‍ ആക്രമണമഴിച്ചുവിടുകയാണ്. അവരുടെ വംശഹത്യ പറഞ്ഞറിയിക്കാനാവാത്ത വിധം ഭീകരമാണ്.

തങ്ങളുടെ ദുഷ്ടലക്ഷ്യങ്ങള്‍ക്കായി നിരപരാധികളായ ഫലസ്തീന്‍ ജനതയ്ക്ക് മേല്‍ ഇസ്രഈല്‍ തീര്‍ത്തും ലജ്ജാകരമായ ആക്രമണമഴിച്ചുവിടുകയാണ്. ചരിത്രം അതിന്റെ ഇരുണ്ട അധ്യായങ്ങളിലൊന്നായിട്ടാകും ഇതിനെ ഓര്‍ക്കുന്നത്,’ ഷഹബാസ് ഷെരീഫ് പറഞ്ഞു.

അതേസമയം, ഇസ്രഈല്‍ ഗസയില്‍ ആക്രമണം കടുപ്പിക്കുകയാണ്. ഐക്യരാഷ്ട്ര സഭയിലടക്കം ഫലസ്തീന് പിന്തുണയേറുകയും ഇസ്രഈല്‍ ലോകത്തിന് മുമ്പില്‍ അപഹാസ്യരാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൂടിയാണ് ഗസയില്‍ ഇസ്രഈല്‍ ആക്രമണത്തിന്റെ തീവ്രത വര്‍ധിപ്പിച്ചതായി പ്രതിരോധ മന്ത്രി ഇസ്രഈല്‍ കാറ്റ്സ് അറിയിച്ചത്.

ഗസ നശിപ്പിക്കപ്പെടുമെന്നായിരുന്നു കാറ്റ്സിന്റെ പ്രതികരണം. ഗസയില്‍ ഐ.ഡി.എഫ് ആക്രമണങ്ങള്‍ കടുപ്പിച്ചതായും അടുത്ത ഘട്ടത്തിലേക്ക് കടന്നതായും കാറ്റ്സ് അറിയിച്ചു.

ഇസ്രഈല്‍ ഡിഫന്‍സ് ഫോഴ്സ് സൈനികരെ ധീരരെന്ന് വിശേഷിപ്പിച്ച കാറ്റ്സ്, ഗസയിലെ വ്യോമ, കര മേഖലകളില്‍ നിന്നുള്ള പ്രതിരോധ ശക്തികളെ തകര്‍ക്കാനായി പ്രദേശത്ത് ശക്തമായ സൈനിക വിന്യാസം നടത്തിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

Content Highlight: Pre-1967 borders of Palestine should be maintained, Jerusalem should be its capital; Pakistan at United Nations

We use cookies to give you the best possible experience. Learn more