| Tuesday, 17th June 2025, 8:52 am

'സമാധാനത്തിനായി പ്രാര്‍ത്ഥിക്കുന്നു'; ട്രംപിന് സമാധാന സന്ദേശമയച്ച് റൊണാള്‍ഡോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒട്ടാവ: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമാധാന സന്ദേശമയച്ച് പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇറാനും ഇസ്രഈലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ട്രംപിന് റൊണാള്‍ഡോയുടെ സന്ദേശം ലഭിക്കുന്നത്.

‘സമാധാനത്തിനായി പ്രാര്‍ത്ഥിക്കുന്നു’ എന്ന് എഴുതിയ ഓട്ടോഗ്രാഫോട് കൂടിയ ജേഴ്‌സിയിലാണ് റൊണാള്‍ഡോ സന്ദേശമയച്ചത്. കാനഡയില്‍ നടക്കുന്ന ജി7 മീറ്റില്‍ വെച്ച് അധികൃതര്‍ റൊണാള്‍ഡോ ഒപ്പിട്ട പോര്‍ച്ചുഗീസ് ടീം ജേഴ്സി ട്രംപിന് സമ്മാനിച്ചു.

ജേഴ്‌സിയിലെ സന്ദേശം വായിച്ച ശേഷം അദ്ദേഹം അത് മാധ്യമങ്ങളെ കാണിക്കുകയും പ്രതികരിക്കുകയും ചെയ്തു. അതേസമയം ഇതിനുമുമ്പും യുദ്ധാന്തരീക്ഷത്തില്‍ റൊണാള്‍ഡോ തന്റെ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗസയിലെ ഇസ്രഈല്‍ ആക്രമണങ്ങളില്‍ ഉള്‍പ്പെടെ റൊണാള്‍ഡോ പ്രതികരിച്ചിരുന്നു.

അതേസമയം ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ട്രംപ്, കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി, ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഇറാന്‍-ഇസ്രഈല്‍ സംഘര്‍ഷം, ഫലസ്തീന്‍-ഇസ്രഈല്‍ യുദ്ധം എന്നീ വിഷയങ്ങള്‍ ലോക നേതാക്കള്‍ ചര്‍ച്ചക്കെടുമെന്നാണ് വിലയിരുത്തല്‍.

അതേസമയം ഇസ്രഈല്‍- ഇറാന്‍ സംഘര്‍ഷം തുടരുന്നതിനിടെ ടെഹ്റാനില്‍ നിന്നും എല്ലാവരും ഒഴിഞ്ഞു പോകണമെന്ന മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ടെഹ്റാന്‍ ഉടനടി ഒഴിപ്പിക്കണമെന്ന് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് അറിയിക്കുകയായിരുന്നു.

ഇറാന്‍ അമേരിക്കയുമായി ആണവ കരാറില്‍ ഒപ്പിടേണ്ടിയിരുന്നതായിരുന്നുവെന്നും ഇറാന് ആണവായുധങ്ങള്‍ ഉണ്ടാവാന്‍ പാടില്ലെന്നും ഇത് താന്‍ നിരവധി തവണ പറഞ്ഞിട്ടുണ്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ഇതിനുപിന്നാലെ ജി7 ഉച്ചകോടിയില്‍ നിന്ന് ട്രംപ് ഉടന്‍ മടങ്ങുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഒരു ദിവസം മുന്നേ മടങ്ങുമെന്നാണ് വിവരം. അടുത്ത ചൊവ്വാഴ്ച വരെയാണ് ഉച്ചകോടി സമ്മേളനങ്ങള്‍ നടക്കുന്നത്.

പശ്ചിമേഷ്യയില്‍ സൈനിക വിന്യാസം നടത്തുന്നുണ്ടെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് തിങ്കളാഴ്ച സ്ഥിരീകരിച്ചിരുന്നു. മേഖലയിലെ അമേരിക്കന്‍ സൈനികരുടെ സംരക്ഷണം ശക്തിപ്പെടുത്താനാണ് തീരുമാനമെന്നാണ് ഹെഗ്സെത്ത് പ്രതികരിച്ചത്.

കൂടാതെ യു.എസ് യുദ്ധക്കപ്പലായ നിമിറ്റ്‌സ് പശ്ചിമേഷ്യയിലേക്ക് നീങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തിങ്കളഴ്ച ഉച്ചയോടെ കപ്പല്‍ സംഘര്‍ഷ മേഖലയിലേക്ക് നീങ്ങിത്തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളില്‍ ഒന്നാണ് നിമിറ്റ്‌സ്.

Content Highlight: ‘Praying for peace’; Ronaldo sends message of peace to Trump

We use cookies to give you the best possible experience. Learn more