ന്യൂദല്‍ഹി: രാഷ്ട്രീയ സമ്മേളത്തിനിടെ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനായി ‘ദുആ’ ഇരക്കുന്നതും മറ്റുള്ളവര്‍ ആമീന്‍ പറയുന്നതും മതത്തിന്റെ പേരിലുള്ള വോട്ട് ചോദിക്കലല്ലെന്ന് സുപ്രീം കോടതി.
2024ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മലേഗാവ് സെന്‍ട്രല്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എ.ഐഎം.ഐ.എം സ്ഥാനാര്‍ത്ഥി മുഫ്തി മുഹമ്മദ് ഇസ്മായില്‍ അബ്ദുല്‍ ഖാലിഖിന്റെ വിജയം ചോദ്യം ചെയ്ത് കൊണ്ടുള്ള ഹരജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി.
ഇതുസംബന്ധിച്ച ബോംബെ ഹൈക്കോടതി വിധി ശരിവെച്ചാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങുന്ന ബെഞ്ച് വിധി പ്രസ്താവിച്ചിരിക്കുന്നത്. മാലേഗാവ് സെന്‍ട്രല്‍ മണ്ഡലത്തില്‍ നടന്ന മത്സരത്തിനൊടുവില്‍ വെറും 162 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എ.ഐ.എം.ഐ.എം സ്ഥാനാര്‍ത്ഥിയായ മുഫ്തി ഇസ്മായില്‍ വിജയിച്ചത്.
എന്നാല്‍ പ്രചാരണ യോഗങ്ങളില്‍ ജാമേ മസ്ജിദിലെ ഇമാം കൂടിയായ മുഫ്തി ഇസ്മായില്‍ തന്റെ വിജയത്തിനായി പ്രാര്‍ത്ഥനകള്‍ (ദുആ) നടത്തുകയും പങ്കെടുത്ത ജനങ്ങള്‍ ‘ആമീന്‍’ എന്ന് പ്രതികരിക്കുകയും ചെയ്തത് മതപരമായ വോട്ടഭ്യര്‍ത്ഥനയാണെന്ന് ചൂണ്ടിക്കാട്ടി എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പ്രാര്‍ത്ഥനയ്ക്ക് ‘ആമീന്‍’ എന്ന് മറുപടി നല്‍കുന്നത് വിജയത്തെ പിന്തുണയ്ക്കുന്നതിന് തുല്യമാണെങ്കിലും, അത് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുമെന്നുള്ള ഔദ്യോഗിക വാഗ്ദാനം ആയി കാണാനാകില്ലെന്ന് കോടതി പറഞ്ഞു.
പൊതുയോഗങ്ങളില്‍ വിജയത്തിനായി പ്രാര്‍ത്ഥിക്കുന്നത് വോട്ടര്‍മാരെ വഴിവിട്ട് സ്വാധീനിക്കലോ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 123 പ്രകാരമുള്ള അഴിമതി നടപടിയോ അല്ല.
രാഷ്ട്രീയ ചര്‍ച്ചകളില്‍ മതപരമായ പരാമര്‍ശങ്ങള്‍ വരുന്നത് പൂര്‍ണമായി നിരോധിച്ചിട്ടില്ലെന്നും, ചില മതസംഘടനകള്‍ പിന്തുണ നല്‍കുന്നത് കൊണ്ട് മാത്രം തെരഞ്ഞെടുപ്പ് നിയമവിരുദ്ധമാകില്ലെന്നും കോടതി വ്യക്തമാക്കി.
സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി നല്‍കിയ അപ്പീല്‍ പൂര്‍ണമായും തള്ളിയ സുപ്രീം കോടതി, മാലേഗാവ് സെന്‍ട്രല്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ശരിവെക്കുകയും ചെയ്തു.
Content Highlight: Prayer for victory cannot be considered an appeal for votes in the name of religion: Supreme Court