പ്രയാഗ്‌രാജ്: മഹാ കുംഭമേളക്ക് എത്തിയ തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ട് 10 മരണം. അപകടത്തില്‍ 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രയാഗ്‌രാജ്-മിര്‍സാപൂര്‍ ഹൈവേയില്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. ഛത്തീസ്ഗഡില്‍ നിന്നുള്ള തീര്‍ത്ഥാടകരുമായി എത്തിയ ബൊലേറോ ഒരു ബസിലിടിച്ചാണ് അപകടമുണ്ടായത്.
ബൊലേറോയിലുണ്ടായിരുന്ന 10 പേരും തല്‍ക്ഷണം തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയില്‍ നിന്നുള്ളവരാണ് ബൊലേറോയില്‍ ഉണ്ടായിരുന്നത്.
25നും 45 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരാണ് അപകടത്തെ തുടര്‍ന്ന് മരണപ്പെട്ടത്. കുംഭമേളയില്‍ പങ്കെടുത്തതിന് ശേഷം വാരണാസിയിലേക്ക് തിരിച്ചുപോകുകയായിരുന്ന ബസുമായാണ് ബൊലേറോ കൂട്ടിയിടിച്ചത്. മധ്യപ്രദേശിലെ രാജ്ഗഡില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ബസില്‍ ഉണ്ടായിരുന്നത്.
ബസിലുണ്ടായിരുന്നവര്‍ നിലവില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
അപകടത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റ് ചികിത്സയിലുള്ളവര്‍ക്ക് അടിയന്തിര വൈദ്യസഹായം ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്നും യോഗി ആദിത്യനാഥ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി സ്വരൂപ് റാണി മെഡിക്കല്‍ ആശുപത്രിയിലേക്ക് മാറ്റിയതായി പ്രയാഗ്‌രാജ് അഡീഷണല്‍ എസ്.പി വിവേക് ചന്ദ്ര യാദവ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും എസ്.പി അറിയിച്ചു.
ചൊവ്വാഴ്ച ആന്ധ്രാപ്രദേശില്‍ നിന്ന് കുംഭമേളക്കെത്തിയ തീര്‍ത്ഥാടകര്‍ വാഹനാപകടത്തില്‍പ്പെട്ട് മരിച്ചിരുന്നു. മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലെ ഹൈവേയില്‍ വെച്ചാണ് അപകടമുണ്ടായത്.
കുംഭമേളയില്‍ പങ്കെടുത്ത് തിരിച്ചുപോകുകയായിരുന്ന ഏഴ് പേരാണ് അപകടത്തില്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലര്‍ ഒരു ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
തിങ്കളാഴ്ച ത്രിവേണി സംഗമത്തിലെ പുണ്യസ്‌നാനത്തിന് ശേഷം മടങ്ങിയ ആഗ്രയില്‍ നിന്നുള്ള ദമ്പതികളും അപകടത്തില്‍ പെട്ടിരുന്നു. കാര്‍ ഒരു ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. തല്‍ക്ഷണം തന്നെ ദമ്പതികള്‍ മരിക്കുകയായിരുന്നു.
കുംഭമേള ആരംഭിച്ചതിന് പിന്നാലെ 10ത്തോളം ഗുരുതമായ വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Content Highlight: prayagraj highway accident: 10 Mahakumbh devotees killed