ന്യൂദല്‍ഹി: പ്രവീണ്‍ വധക്കേസിലെ മുഖ്യപ്രതി മുന്‍ ഡി.വൈ.എസ്.പി ആര്‍ ഷാജിക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. ഷാജിക്ക് വിചാരണക്കോടതി പരമാവധി ശിക്ഷ നല്‍കിയുണ്ടെന്ന് പറഞ്ഞാണ് സുപ്രീംകോടതി അപ്പീല്‍ തള്ളിയത്.
പ്രവീണ്‍ വധക്കേസില്‍ ഡി.വൈ.എസ്.പി ഷാജിക്ക് വിചാരണക്കോടതി ജീവപര്യന്തം വിധിച്ചിരുന്നു. ഇത് വധശിക്ഷയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജിയാണ് സുപ്രീംകോടതി തള്ളിയത്.
നേരത്തെ കേസില്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഷാജി പ്രത്യേകാനുമതി ഹരജി നല്‍കിയതിനെ തുടര്‍ന്ന് കോടതി ജാമ്യം അനുവദിച്ചിരുന്നു. സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാവാതിരുന്നതിനാലായിരുന്നു ഷാജിക്ക് ജാമ്യം നല്‍കിയത്. എന്നാല്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ജാമ്യം റദ്ദാക്കിരുന്നു.
ഇതേ തുടര്‍ന്ന് ഷാജി വീണ്ടും ജാമ്യാപേക്ഷ നല്‍കി. അതിനിടയില്‍ തന്നെ ഷാജിയുടെ ജീവപര്യന്തം വധശിക്ഷയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാ സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നതിനാല്‍ ഷാജിയുടെ ജാമ്യ ഹരജി തള്ളുകയും ചെയ്തു.
പ്രവീണ്‍ വധക്കേസ്
2005 ഫെബ്രുവരി 15 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സ്വകാര്യബസിലെ ജീവനക്കാരനായ പ്രവീണിനെ തന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ഷാജി ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു. മലപ്പുറം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡിവൈ.എസ്.പിയായിരുന്നു ആര്‍. ഷാജി, ഷാജിയുടെ ബന്ധു ബിനുവാണ് കൊലപാതകത്തിന് സഹായിച്ചത്.
ദൃക്‌സാക്ഷികള്‍ ആരുമില്ലാതിരുന്ന കേസില്‍ ശാസ്ത്രീയ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. 2005 ഫെബ്രുവരി 16 ന് കുമരകത്തിനു സമീപം ചീപ്പുങ്കല്‍ പാലത്തിനടിയില്‍ വെട്ടിമാററപ്പെട്ട നിലയില്‍ രണ്ട് കാലുകള്‍ കണ്ടെത്തിയതാണ് തുടക്കം. മകനെ കാണാനില്ലെന്ന പരാതിയുമായി പ്രവീണിന്റെ പിതാവായ മേവക്കാട്ട് വീട്ടില്‍ പവിത്രന്‍ ഏററുമാനൂര്‍ പോലീസ് സ്‌ററേഷനിലെത്തി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന കാലുകള്‍ പവിത്രന്‍ തിരിച്ചറിഞ്ഞതോടെ കൊല്ലപ്പെട്ടത് പ്രവീണാണെന്ന് തെളിയുകയായിരുന്നു. കൊച്ചി നേവല്‍ ബേസിനു സമീപം പ്ലാസ്‌ററിക് ചാക്കില്‍ പൊതിഞ്ഞനിലയില്‍ അറുത്തുമാററിയ തല പിന്നീട് കണ്ടെടുക്കുകയായിരുന്നു.
ഷാജിയുടെ ബസിലെ ജീവനക്കാരനായിരുന്നു പ്രവീണ്‍. കൊലപാതകം നടത്താന്‍ ബന്ധുവായ ബിനുവിനെയും വാടകക്കൊലയാളികളെയും ഷാജി കൂടെക്കൂട്ടിയിരുന്നു. ബിനു രഹസ്യമായി പ്രവീണിനെ കൂട്ടിക്കൊണ്ടുപോയാണ് കൊല നടത്തിയത്. 2006 ജനുവരി മൂന്നിനാണ് കീഴ്‌ക്കോടതി ഒന്നാം പ്രതി ഷാജിക്കും രണ്ടാം പ്രതി ബിനുവിനും ജീവപര്യന്തം ശിക്ഷ വിധിച്ചത്.