| Friday, 29th August 2025, 3:01 pm

ഇന്‍ഷുറന്‍സ് പരിരക്ഷ വേണ്ടത് മുന്‍ പ്രവാസികള്‍ക്ക്; നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മടങ്ങിയെത്തിയവരെ ഉള്‍പ്പെടുത്തണമെന്ന് പ്രവാസി ലീഗല്‍ സെല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്‌സ് നടപ്പിലാക്കുന്ന ആരോഗ്യ-അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍ പദ്ധതിയില്‍ നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസികളെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യം.

നിലവില്‍ വിദേശത്തുള്ള പ്രവാസികള്‍ക്ക് ലഭിക്കുന്ന പ്രീമിയവും ആനുകൂല്യങ്ങളും മടങ്ങിയെത്തിയവര്‍ക്കും നല്‍കണമെന്ന് പ്രവാസി ലീഗല്‍ സെല്‍ ആവശ്യപ്പെട്ടു. 2025 നവംബര്‍ 1 മുതലാണ് നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക.

അതേസമയം, ഈ പദ്ധതിയുടെ വിശദമായ നിബന്ധനകളും വ്യവസ്ഥകളും നോര്‍ക്ക റൂട്‌സ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രവാസി ഐ.ഡി കാര്‍ഡു ള്ള പ്രവാസികള്‍ക്ക് കാര്‍ഡിന്റെ കാലാവധി തീരുന്നത് വരെയാണ് പദ്ധതി അംഗത്വം തുടരാനാവുക.

മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്ക ഐ ഡി കാര്‍ഡ് അംഗത്വം പുതുക്കാനാകാത്ത സാഹചര്യത്തില്‍ നോര്‍ക്ക കെയറില്‍ അംഗത്വം ലഭിക്കില്ലെന്ന് വ്യക്തമാണെന്ന് പ്രവാസി ലീഗല്‍ സെല്‍ പറയുന്നു.

നിലവില്‍ വിദേശത്തുള്ളവര്‍ റെസിഡന്റ് ഐ.ഡി പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ബന്ധിത മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവരാണ്. എന്നാല്‍, ഇന്‍ഷുറന്‍സ് പരിരക്ഷ -ഇല്ലാതെ ബുദ്ധിമുട്ടുന്നത് ആരോഗ്യപ്രശ്‌നങ്ങളുള്ള മുതിര്‍ന്ന പ്രവാസികളാണെന്നും പ്രവാസി ലീഗല്‍ സെല്‍ ചൂണ്ടിക്കാണിച്ചു.

ഇന്‍ഷുറന്‍സിന്റെ നിലവിലെ എന്റോള്‍മെന്റ് വിന്‍ഡോ സെപ്റ്റംബര്‍ 22 മുതല്‍ ഓക്ടോബര്‍ 21 വരെ ആയതിനാല്‍ ആവശ്യമായ നടപടികള്‍ ഉടനെ കൈക്കൊള്ളണമെന്നാണ് പ്രവാസി ലീഗല്‍ സെല്‍ ആവശ്യപ്പെട്ടത്. ഇതിനായി ഇന്‍ഷുറന്‍സ് കമ്പനിയുടെയും നോര്‍ക്ക റൂട്‌സിന്റെയും ആപ്പിലും പോര്‍ട്ടലിലും വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്നാണ് മറ്റൊരു ആവശ്യം.

ഇതൊരു ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി ആയതിനാല്‍ പോളിസി എടുക്കുന്ന ഓരോ അംഗവും ആവശ്യമായ പ്രീമിയം അടക്കുന്നതിനാല്‍ നോര്‍ക്ക റൂട്ട്‌സിനോ സര്‍ക്കാറിനോ അധികബാധ്യത ഉണ്ടാകുന്നില്ലെന്നും പ്രവാസി ലീഗല്‍ സെല്‍ വിശദീകരിച്ചു.

ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രിക്കും നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും നോര്‍ക്ക റൂട്‌സ് സി.ഇ.ഒക്കും നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് പ്രവാസി ലീഗല്‍ സെല്‍ ജനറല്‍ സെക്രട്ടറി അഡ്വ.ആര്‍. മുരളീധരന്‍ അറിയിച്ചു.

Content Highlight: Pravasi Legal Cell wants returnees to be included in Norka Care Insurance Scheme

We use cookies to give you the best possible experience. Learn more