| Tuesday, 24th June 2025, 11:30 am

പ്രവാസി ലീഗല്‍ സെല്‍ കേരള ചാപ്റ്റര്‍ 'പ്രവാസി മീറ്റ്-2025' ജൂണ്‍ 28ന് തിരുവനന്തപുരത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രവാസി ഇന്ത്യക്കാരെ ആഗോളതലത്തില്‍ നിയമപരമായി ശാക്തീകരിച്ചുകൊണ്ടിരിക്കുന്ന സന്നദ്ധ സംഘടനയായ പ്രവാസി ലീഗല്‍ സെല്ലിന്റെ (പി.എല്‍.സി) കേരള ചാപ്റ്റര്‍ പ്രവാസി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ‘പ്രവാസി മീറ്റ്-2025’ സംഘടിപ്പിക്കുന്നു. ജൂണ്‍ 28ന് ശനിയാഴ്ച ഉച്ചക്കുശേഷം ഒരു മുതല്‍ ആറ് വരെ തിരുവനന്തപുരം സ്റ്റാച്യൂവിലുള്ള വൈ.എം.സി.എ കെ.സി. ഈപ്പന്‍ ഹാളിലാണ് സംഗമം.

പരിപാടി തിരുവനന്തപുരം പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് (Protector of Emigrants) മേജര്‍ ശശാങ്ക് ത്രിപാഠി ഉദ്ഘാടനം ചെയ്യും. പി.എല്‍.സി കേരള ചാപ്റ്റര്‍ ചെയര്‍മാനും മുന്‍ ജില്ലാ ജഡ്ജിയുമായ പി മോഹനദാസ് അധ്യക്ഷത വഹിക്കും.

തിരുവനന്തപുരം സബ് ഡജ്ഡിയും ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറിയുമായ എസ്. ഷംനാദ് മുഖ്യാപ്രഭാഷണം നിര്‍വ്വഹിക്കും. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്റ് ഡവലപ്മെന്റ് ചെയര്‍മാന്‍ പ്രൊഫ. എസ് ഇരുദയ രാജന്‍, നോര്‍ക്ക റൂട്സ് ജനറല്‍ മാനേജര്‍ രശ്മി പി, പ്രവാസി ക്ഷേമ ബോര്‍ഡ് ഫിനാന്‍സ് മാനേജര്‍ ജയകുമാര്‍.ടി എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.

സുപ്രീം കോടതി അഭിഭാഷകനും പി.എല്‍.സി ഗ്ലോബല്‍ പ്രസിഡന്റുമായ അഡ്വ. ജോസ് എബ്രഹാം പ്രവാസി ലീഗല്‍ സെല്ലിന്റെ ലക്ഷ്യവും ദൗത്യവും വിശദീകരിക്കും. സാമൂഹിക പ്രവര്‍ത്തക ഷീബ രാമചന്ദ്രന്‍, സംസ്ഥാന ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ സെന്റര്‍ ജന. സെക്രട്ടറി ജോയ് കൈതാരത്ത്, നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ എം.എസ് ഫൈസല്‍ ഖാന്‍ എന്നിവര്‍ ആശംസകള്‍ നേരും.

പി.എല്‍.സി രൂപീകരിച്ച 2009 മുതല്‍ 2025 വരെയുള്ള പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള ലഘുലേഖയുടെ പ്രകാശനം, പി.എല്‍.സി സൗദി ചാപ്റ്ററിന്റെ ഔപചാരികമായ ഉദ്ഘാടനം എന്നിവയും ചടങ്ങിന്റെ ഭാഗമായി നടക്കും.

തുടര്‍ന്ന് നടക്കുന്ന വിശിഷ്ടാതിഥികള്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചയും ഓപ്പണ്‍ ഫോറവും ‘ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികളുടെ വേതന മോഷണം: നിയമപരവും ഭരണപരവും നയതന്ത്രപരവുമായ വെല്ലുവിളികള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തും.

വിദേശത്ത് നല്‍കാത്ത വേതനം, സേവനാവസാന ആനുകൂല്യങ്ങള്‍, നീതി എന്നിവ ലഭിക്കുന്നതിനുള്ള തടസ്സങ്ങള്‍, ഇന്ത്യയുടെ നിലവിലുള്ള നിയമ, നയ, നയതന്ത്ര ചട്ടക്കൂടുകള്‍ക്കുള്ളിലെ പരിഹാരങ്ങളെക്കുറിച്ചുള്ള അന്വേഷണം, അറേബ്യയിലെ നാസര്‍ എസ്. അല്‍ ഹജ്രി കോര്‍പ്പറേഷനിലെ 140 മുന്‍ തൊഴിലാളികളുടെ സര്‍വ്വീസ് ആനുകൂല്യങ്ങള്‍ നല്‍കാതെ വഞ്ചിച്ച കേസ് എന്നിവയിലായിരിക്കും പ്രത്യേക ഫോക്കസ്ചര്‍ച്ചയും ഓപ്പണ്‍ ഫോറവും പി.എല്‍.സി ഗ്ലോബല്‍ പ്രസിഡന്റും സുപ്രീം കോടതി അഭിഭാഷകനുമായ ജോസ് അബ്രഹാം മോഡറേറ്റ് ചെയ്യും.

വിശിഷ്ട നിയമ വിദഗ്ധര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കുടിയേറ്റ പഠന വിദഗ്ദ്ധര്‍ എന്നിവരായിരിക്കും പാനലിസ്റ്റുകള്‍.
പ്രവാസി ലീഗല്‍ സെല്‍ ജനറല്‍ സെക്രട്ടറി അഡ്വ. ആര്‍. മുരളീധരന്‍, ട്രെഷറര്‍ തല്‍ഹത് പൂവച്ചല്‍, ഭരണസമിതി അംഗങ്ങളായ നിയാസ് പൂജപ്പുര, അനില്‍ കുമാര്‍, നന്ദഗോപകുമാര്‍, ബെന്നി പെരികിലാത്, ജിഹാന്ഗിര്‍, ശ്രീകുമാര്‍, ബഷീര്‍ ചേര്‍ത്തല തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ജനറല്‍ സെക്രട്ടറി അഡ്വ. ആര്‍. മുരളീധരന്‍ അറിയിച്ചു.

Content Highlight:  Pravasi Legal Cell Kerala Chapter ‘Pravasi Meet-2025’ to be held in Thiruvananthapuram on June 28

We use cookies to give you the best possible experience. Learn more