തിരുവനന്തപുരം: കാലഹരണപ്പെട്ട കുടിയേറ്റ നിയമത്തിന് (1983) പകരമായി സര്‍ക്കാര്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന ഓവര്‍സീസ് മൊബിലിറ്റി (ഫെസിലിറ്റേഷന്‍ ആന്റ് വെല്‍ഫയര്‍) ബില്‍ 2025ല്‍ നിലവിലുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ടിന്റെ (ഐ.സി.ഡബ്ലു.എഫ് ക്ഷേമനിധി) എല്ലാ വ്യവസ്ഥകളും പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ വാര്‍ഷിക യോഗം.
പ്രവാസികളുടെ തൊഴില്‍, ക്ഷേമം, പുനരധിവാസം തുടങ്ങിയവ വിഭാവനം ചെയ്യുന്ന പുതിയ ബില്ലാണ് ഓവര്‍സീസ് മൊബിലിറ്റി ബില്‍ 2025. ഈ സാഹചര്യത്തില്‍, 2009 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ വിദേശ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയങ്ങള്‍ വഴി നടപ്പിലാക്കിവരുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ടിന്റെ (ഐ.സി.ഡബ്ലു.എഫ് ക്ഷേമനിധി) എല്ലാ വ്യവസ്ഥകളും പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തുകയും, അതിനെ വകുപ്പ് 4(ജെ) പ്രകാരമുള്ള നിയമപരമായ ക്ഷേമനിധിയായി ആയി അംഗീകരിക്കുകയും ചെയ്യണമെന്ന് പ്രവാസി ലീഗല്‍ സെല്‍ ആവശ്യപ്പെട്ടു.
അതുവഴി ഫണ്ടിന് നിയമപരമായ അംഗീകാരവും പാര്‍ലമെന്ററി മേല്‍നോട്ടവും പ്രവാസികള്‍ക്ക് ക്ഷേമസഹായവും ലഭ്യമാക്കണമെന്നും 2025 ഒക്ടോബര്‍ 18-ന് ഓണ്‍ലൈന്‍ ആയി നടന്ന പ്രവാസി ലീഗല്‍ സെല്‍ കേരള ഘടകത്തിന്റെ വാര്‍ഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അനില്‍ അളകാപുരിയാണ് പ്രമേയം അവതരിപ്പിച്ചത്.
യോഗത്തില്‍ മുന്‍ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണായിരുന്ന പി.എല്‍.സിപ്രസിഡന്റ് ശ്രീ. പി. മോഹനദാസ് അധ്യക്ഷനായിരുന്നു. പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് ഏബ്രഹാം ആമുഖപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി അഡ്വ. ആര്‍ മുരളീധരന്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രെഷറര്‍ തല്‍ഹത്ത് പൂവച്ചല്‍ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു.
2013 ഒക്ടോബറില്‍ പുനഃസംഘടിക്കപ്പെട്ട കേരളഘടകത്തിന്റെ പ്രവര്‍ത്തനം വളര്‍ച്ചയുടെയും വികാസത്തിന്റേതുമായിരുന്നു. നോര്‍ക്ക റൂട്ട്‌സും പ്രവാസി ക്ഷേമനിധിയുമായി ബന്ധപ്പെട്ട പൊതുവായ വിഷയങ്ങളിലും നീതിന്യായസംവിധാനങ്ങള്‍ വഴി നിയമനടപടികള്‍ സ്വീകരിക്കുകയുണ്ടായി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും രാഷ്ട്രീയ നേതാക്കളുമായും എം.പി-എം.എല്‍.എമാരുമായി കൂടിക്കാഴ്ചകള്‍ നടത്തുകയും നിവേദനങ്ങള്‍ നല്‍കുകയുമുണ്ടായി. വിദേശ തൊഴില്‍ തട്ടിപ്പുകാര്‍ക്കെതിരായ പി.എല്‍.സിനിയമനടപടികളില്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാനും നിയമനിര്‍മ്മാണം നടത്താനുമുള്ള നടപടികള്‍ ആരംഭിക്കാനും സര്‍ക്കാര്‍ നിര്‍ബന്ധിതമായെന്നും യോഗം വിലയിരുത്തി.
നിരവധി വെബ്ബിനാറുകളും പ്രവാസി സംഗമങ്ങളും സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റികള്‍ പ്രവര്‍ത്തനസജ്ജമാക്കുകയും അവയുടെ ആഭിമുഖ്യത്തില്‍ പ്രവാസി ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചുവരികയാണ്. ചര്‍ച്ചയില്‍ ഇടപെട്ടുകൊണ്ട് പി.എല്‍.സി അംഗങ്ങളായ ഗോപകുമാര്‍, ലത്തീഫ് തെച്ചി (സൗദി അറേബ്യ), വേണു വടകര (ബഹ്റൈന്‍), പ്രേംസണ്‍ കായംകുളം, മജീദ് തിരൂര്‍ (സൗദി) കുഞ്ഞുമോന്‍ പദ്മാലയം തുടങ്ങിയവര്‍ സംസാരിച്ചു.
ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ പ്രവാസി ലീഗല്‍ സെല്‍ പ്രതിനിധികള്‍ യോഗത്തിന് ആശംസകള്‍ അര്‍പ്പിച്ചു. ടി എന്‍ കൃഷ്ണകുമാര്‍ (ദുബായ് ), ഡോ. ജയപാല്‍ ചന്ദ്രസേനന്‍ (അബുദാബി), സുധീര്‍ തിരുനിലത്ത് (ബഹ്റൈന്‍), പീറ്റര്‍ വര്‍ഗീസ് (സൗദി അറേബ്യ), രാജേഷ് കുമാര്‍ (ഒമാന്‍), അഡ്വ. സാരാനാഥ് (ചെന്നൈ), പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജോയ് കൈതാരത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് സംസാരിച്ചു.
യോഗത്തില്‍ അവതരിപ്പിച്ച് പാസാക്കിയ മറ്റ് പ്രമേയങ്ങള്‍:
പ്രവാസി സംരക്ഷണവും റിക്രൂട്ട്‌മെന്റ് സുതാര്യതയും ഉറപ്പാക്കുന്നതിനായി റിക്രൂട്ട്‌മെന്റ് ഏജന്‍സികളില്‍ കര്‍ശനമായ നിയന്ത്രണവും എംബസികളുടെ ഉത്തരവാദിത്വവും കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന പ്രമേയം ഇജാസ് (സൗദി അറേബ്യന്‍ ചാപ്റ്റര്‍) അവതരിപ്പിച്ചു. നോര്‍ക്ക റൂട്‌സിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 1 മുതല്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന നോര്‍ക്ക കെയര്‍ എന്ന മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മടങ്ങിവന്ന പ്രവാസികളെയും ഉള്‍പ്പെടുത്തണമെന്ന പ്രമേയം തല്ഹത്ത് പൂവച്ചല്‍ അവതരിപ്പിച്ചു.
ഉത്സവകാലങ്ങളിലും അവധിക്കാലങ്ങളിലും ഗള്‍ഫ് ടിക്കറ്റിനുള്ള അമിത വില വര്‍ദ്ധന വ്യോമയാന മന്ത്രാലയം നിയന്ത്രിക്കണം എന്ന പ്രമേയം സൗദി അറേബ്യന്‍ ചാപ്റ്റര്‍ പ്രതിനിധി ഷിബു ഉസ്മാന്‍ അവതരിപ്പിച്ചു.
പ്രവാസി ഭാരതീയര്‍ക്കും പി.ഐ.ഒകള്‍ക്കും ജന്മദേശത്തോടുള്ള ബന്ധം നിലനിര്‍ത്തുന്നതിന് ഇരട്ട പൗരത്വം അനുവദിക്കണമെന്ന ഡോ. എല്‍.എം സിംഗ്വിയുടെ 2000-ത്തിലെ ഉന്നതാധികാര കമ്മറ്റിയുടെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കണമെന്ന പ്രമേയം അനു ബെന്നി അവതരിപ്പിച്ചു.
202526 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെയും ആഭ്യന്തര ആഡിറ്ററെയും യോഗം തെരഞ്ഞെടുത്തു. മുന്‍ മാധ്യമം ന്യൂസ് എഡിറ്റര്‍ എന്‍ പദ്മനാഭന്‍ വരണാധികാരി ആയിരുന്നു.
പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍:
പ്രസിഡന്റ്: പി മോഹനദാസ്
വൈസ് പ്രസിഡന്റുമാര്‍: എം. എ. ജിഹാന്‍ഗിര്‍, രാധാകൃഷ്ണന്‍ ഗുരുവായൂര്‍
ജനറല്‍ സെക്രട്ടറി : അഡ്വ. ആര്‍. മുരളീധരന്‍
ജോയിന്റ് സെക്രട്ടറിമാര്‍: ബെന്നി പെരികിലത്ത്, അബ്ദുള്‍സലാം അല്‍-ഹന.
ട്രെഷറര്‍: തല്‍ഹത്ത് പൂവച്ചല്‍
ഓഡിറ്റര്‍ : രവിവര്‍മ്മ ടി.ആര്‍.
എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍:
നന്ദ ഗോപകുമാര്‍, അനില്‍ അളകാപുരി, റോഷന്‍ പുത്തന്‍പറമ്പില്‍, എം.എം. സലിം, നൗഷാദ് എസ്, നിയാസ് പൂജപ്പുര, ബഷീര്‍ ചേര്‍ത്തല, കുഞ്ഞുമോന്‍ പദ്മാലയം, ഷെരിഫ് കൊട്ടാരക്കര, ആര്‍.കെ പിള്ള, പീറ്റര്‍ വറുഗീസ് (സൗദി അറേബ്യ), ഹാഷിം പെരുമ്പാവൂര്‍ (യു.എ.ഇ ), വേണു വടകര (ബഹ്റൈന്‍), നസ്രുദീന്‍ വി.ജെ (സൗദി അറേബ്യ), രാജേഷ് കുമാര്‍ (ഒമാന്‍)
സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലത്തിലും അന്തര്‍ദേശീയതലത്തിലും കൂടുതല്‍ ഫലപ്രദമായി ഏകോപിപ്പിക്കുന്നതിനായി പ്രത്യേക പ്രതിനിധികളെയും സംഘടനയുടെ നയപരവും പ്രവര്‍ത്തനപരവുമായ മേഖലകള്‍ ശക്തിപ്പെടുത്തുന്നതിനായി നിയമം, നയം, പ്രവാസി ക്ഷേമം, ഫിനാന്‍സ്, മീഡിയ, വനിതകള്‍, യുവജനങ്ങള്‍, ടെക്നോളജി, അംഗത്വ വികസനം, അഡൈ്വസറി ബോര്‍ഡ്, ജില്ലാ കോര്‍ഡിനേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ 11 സ്ഥിരം സമിതികളെയും യോഗം തെരഞ്ഞെടുത്തു. ചടങ്ങില്‍ ബെന്നി പെരികിലത്ത് സ്വാഗതവും നന്ദഗോപകുമാര്‍ നന്ദിയും പറഞ്ഞു.
Content Highlight: Existing Indian Embassy Welfare Fund provisions should be included in the Overseas Mobility Bill: Pravasi Legal Cell