സര്‍വ്വം മായയിലൂടെ ബോക്‌സ് ഓഫീസിലെ പഴയ പ്രതാപത്തിലേക്ക് നിവിന്‍ പോളി തിരിച്ചെത്തിയെന്ന് ആരാധകര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ സര്‍വ്വം മായക്ക് ശേഷം നിവിന്റേതായി പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ പരാജയമായിരിക്കുകയാണ്. അവസാനമായി തിയേറ്ററുകളിലെത്തിയ പ്രതിഛായയുടെ ബോക്‌സ് ഓഫീസ് ഗതിയും വ്യത്യസ്തമല്ല.
റിലീസ് ചെയ്ത് ഒരാഴ്ചയായിട്ടും അഞ്ച് കോടി പോലും നേടാനാകാതെ കിതക്കുകയാണ് പ്രതിഛായ. ആറ് ദിവസം കൊണ്ട് വേള്‍ഡ്‌വൈഡ് ബോക്‌സ് ഓഫീസില്‍ വെറും 3.2 കോടി മാത്രമാണ് ചിത്രം നേടിയത്. പ്രതിഛായക്ക് മുമ്പ് നിവിന്റേതായി പുറത്തിറങ്ങിയ ബേബി ഗേളിന് മോശം റിവ്യൂ നേടിയിട്ടും ഇതിനെക്കാള്‍ കളക്ഷനുണ്ടായിരുന്നു എന്നതും ട്രാക്കര്‍മാര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്.
സര്‍വ്വം മായ ആദ്യത്തെ ആറ് ദിവസത്തില്‍ നേടിയ കളക്ഷന്റെ പത്തിലൊന്ന് പോലും പ്രതിഛായക്ക് നേടാനായിട്ടില്ലെന്നും ട്രാക്കര്‍മാര്‍ ചൂണ്ടിക്കാട്ടി. 32 കോടിയായിരുന്നു ആദ്യത്തെ ആറ് ദിവസത്തില്‍ സര്‍വ്വം മായ നേടിയത്. ഇതോടെ ബോക്‌സ് ഓഫീസില്‍ നിവിന്റെ പഴയ കഷ്ടകാലം വീണ്ടും തുടരുകയാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
കൊവിഡിന് ശേഷം നിവിന്റേതായി പുറത്തുവന്ന സിനിമകളൊന്നും ബജറ്റ് പോലും തിരിച്ചുപിടിക്കാനാകാതെ പരാജയപ്പെടുകയായിരുന്നു. മഹാവീര്യര്‍, പടവെട്ട്, സാറ്റര്‍ഡേ നൈറ്റ്‌സ്, തുറമുഖം, രാമചന്ദ്ര ബോസ് ആന്‍ഡ് കോ, മലയാളി ഫ്രം ഇന്ത്യ എന്നിങ്ങനെ പരാജയങ്ങളുടെ നീണ്ട നിരയായിരുന്നു നിവിന്റേത്. വര്‍ഷങ്ങള്‍ക്ക് ശേഷത്തിലെ അതിഥിവേഷവും, സര്‍വ്വം മായയും മാത്രമാണ് ഇതിനിടയില്‍ വിജയിച്ചത്.
എന്നാല്‍ സര്‍വ്വം മായക്ക് മുമ്പ് കമ്മിറ്റ് ചെയ്ത ചിത്രങ്ങളാണ് പ്രതിഛായയും ബേബി ഗേളുമെന്നും ഇനിയങ്ങോട്ട് താരത്തിന്റെ സ്‌ക്രിപ്റ്റ് സെലക്ഷന്‍ ശ്രദ്ധാപൂര്‍വമായിരിക്കുമെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. ഈ വര്‍ഷം നിവിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത് ബെത്‌ലഹേം കുടുംബ യൂണിറ്റാണ്. പ്രേമലുവിന് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തും. മമിത ബൈജുവാണ് ചിത്രത്തിലെ നായിക.
തമിഴ് ചിത്രം ബെന്‍സും ഈ വര്‍ഷമാണ് റിലീസ്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ ബെന്‍സില്‍ വില്ലനായാണ് നിവിന്‍ വേഷമിടുന്നത്. പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രനുമായി നിവിന്‍ ഒന്നിക്കുന്ന പ്രൊജക്ടിനെക്കുറിച്ചും ചര്‍ച്ചകളുണ്ട്. 11 വര്‍ഷങ്ങള്‍ക്ക് ശേഷം ഐക്കോണിക് കോമ്പോ വീണ്ടുമൊന്നിക്കുന്നെന്ന വാര്‍ത്ത പുറത്തുവിട്ടത് അല്‍ഫോണ്‍സ് തന്നെയാണ്. നിവിന്‍ 2.0ന് വേണ്ടി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്.
Content Highlight: Prathichaya Struggling to collect five crores in Box office
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ