| Friday, 24th July 2026, 12:10 pm

സൈജുവിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനും ജോജുവിൽ നിന്നും പഠിക്കാതിരിക്കാനും ശ്രമിച്ചിട്ടുണ്ട്: പ്രശാന്ത് അലക്‌സാണ്ടർ

കെ.എസ് ഷാബിന

ടെലിവിഷൻ അവതാരകനായി മലയാളികൾക്ക് മുന്നിലെത്തി, പിന്നീട് അഭിനയരംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ പ്രകത്ഭനായ നടനാണ് പ്രശാന്ത് അലക്‌സാണ്ടർ. സ്വതസിദ്ധമായ ഹാസ്യ ശൈലിയിലൂടെയും സ്വാഭാവിക അഭിനയത്തിലൂടെയും പ്രേക്ഷകമനസ്സിൽ ഇടംനേടാൻ അദ്ദേഹത്തിന് സാധിച്ചു.

‘നമ്മൾ’ എന്ന സിനിമയിലൂടെയാണ് പ്രശാന്ത് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടക്കത്തിൽ സഹനടനായും വില്ലൻ വേഷങ്ങളിലും ചെറിയ കഥാപാത്രങ്ങളിലുമാണ് പ്രത്യക്ഷപ്പെട്ടിരുന്നതെങ്കിലും, പിന്നീട് ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു.

പ്രശാന്ത് അലക്‌സാണ്ടർ.Photo:The Hindu

ഇപ്പോൾ  സിനിമ മേഖലയിലെ സുഹൃത്തുക്കളിൽ നിന്നും പഠിച്ച കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് പ്രശാന്ത് അലക്‌സാണ്ടർ. മൂവി വേൾഡ് ഒറിജിനൽസ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രശാന്ത്.

സൈജുവിന് (സൈജു കുറുപ്പ്) ഒരു സിനിമ വരുകയാണെങ്കിൽ ഒന്നുകിൽ നായകനായിട്ടോ അല്ലെങ്കിൽ വില്ലനായിട്ടോ ഒക്കെയാണ്. നമുക്കാകെ കിട്ടുന്നത് രണ്ടു സീനുകളാണ്. അതുകൊണ്ട് നമ്മളെ സംബന്ധിച്ച് സൈജു ഇപ്പോഴും റേഞ്ചിന് മുകളിലാണ്. ടെൻഷൻ വരുമ്പോൾ എങ്ങനെയാണ് സിനിമയെ സമീപിക്കേണ്ടത് എന്നതിനെക്കുറിച്ചൊക്കെ സൈജു എനിക്ക് ക്ലാസൊക്കെ എടുത്തുതന്നിട്ടുണ്ട്. അതൊന്നും ഇപ്പോഴും ഞാൻ ചെയ്തിട്ടില്ല, പക്ഷേ സൈജു വളരെ കൃത്യമായിട്ട് അതൊക്കെ ചെയ്തു.

പ്രശാന്ത് അലക്‌സാണ്ടർ.സൈജു കുറുപ്പ്.ജോജു ജോർജ്.Photo:X.com

സൈജുവിന്റെ മാന്യമായ പെരുമാറ്റവും ആളുകളോട് ഇടപഴകുന്ന രീതിയും സിനിമയ്ക്ക് വേണ്ടി ഉണ്ടാക്കിയെടുത്തതല്ല. ചെറുപ്പം മുതലേ അവൻ അങ്ങനെയാണെന്ന് സുഹൃത്തുക്കളും പറയാറുണ്ട്. ഞാനൊന്നും അങ്ങനെയല്ല, എന്നെ ഒരുപാട് പാകപ്പെടുത്തിയെടുക്കേണ്ടിയിരിക്കുന്നു. സൈജുവിൽ നിന്ന് ഒരുപാട് കാര്യങ്ങൾ ഞാൻ പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്. ജോജുവിൽ (ജോജു ജോർജ്) നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാതിരിക്കാനും ശ്രമിച്ചിട്ടുണ്ട്. അത് ജോജു മോശക്കാരനായതുകൊണ്ടല്ല, എന്നെക്കൊണ്ട് കൂട്ടിയാൽ കൂടാത്തതുകൊണ്ടാണ്.

അത്രയും ഹാർഡ്‌വർക്കിലേക്ക് എത്താൻ എനിക്ക് കഴിയില്ല. പക്ഷേ സൈജു ചെയ്യുന്ന കാര്യങ്ങളെങ്കിലും എനിക്ക് ചെയ്യാൻ സാധിക്കും. അതിലേക്ക് കാര്യമായി ശ്രദ്ധിക്കാൻ എനിക്ക് ഇതുവരെ സാധിച്ചിട്ടില്ല. എന്നാലും കുറെയേറെ ആളുകളോട് സംസാരിക്കുമ്പോഴും ഇടപഴകുമ്പോഴും ഞാൻ ശ്രദ്ധിക്കാറുണ്ട്. ഓരോരുത്തരും അവരുടേതായ സ്ഥാനങ്ങളിലേക്ക് എത്തുന്നത് അവരുടെ അധ്വാനവും മിടുക്കും കൊണ്ടുതന്നെയാണെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ,’ പ്രശാന്ത് അലക്‌സാണ്ടർ പറഞ്ഞു.

Content Highlight:Prashanth Alexander says he tries to learn from Saiju Kurup, but not from Joju George

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more