| Friday, 27th March 2026, 1:41 pm

വെറുതേ ആ എന്‍.ടി.ആര്‍ തടി കുറച്ച് തെക്കുവടക്ക് നടക്കുകയാണ്, പെട്ടെന്ന് പടം തീര്‍ക്കുമോ? ഡ്രാഗണ്‍ ഷൂട്ട് പൂര്‍ത്തിയാക്കാത്തതില്‍ പ്രശാന്ത് നീലിന് വിമര്‍ശനം

അമര്‍നാഥ് എം.

വെറും മൂന്ന് സിനിമകള്‍ കൊണ്ട് ആരും തിരിഞ്ഞ് നോക്കാതിരുന്ന ഇന്‍ഡസ്ട്രിയെ പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് കൈപിടിച്ചുയര്‍ത്തിയ സംവിധായകനാണ് പ്രശാന്ത് നീല്‍. കണ്ടുശീലിച്ച കഥയെ തന്റേതായ കഥപറച്ചിലിലൂടെ അവതരിപ്പിച്ച് സിനിമാപ്രേമികളെ വിസ്മയിപ്പിച്ച കെ.ജി.എഫ്, ഉഗ്രം എന്നീ കന്നഡ സിനിമകളും സലാര്‍ എന്ന തെലുങ്ക് ചിത്രവുമൊരുക്കി സിനിമാലോകത്ത് തന്റേതായ സ്ഥാനം പ്രശാന്ത് നേടിയെടുത്തു.

സലാറിന്റെ രണ്ടാം ഭാഗം പ്രതീക്ഷിച്ചിരുന്നവര്‍ക്ക് മുന്നില്‍ പ്രശാന്ത് അനൗണ്‍സ് ചെയ്തത് ജൂനിയര്‍ എന്‍.ടി.ആറുമായിട്ടുള്ള പ്രൊജക്ടായിരുന്നു. 2024ല്‍ അനൗണ്‍സ് ചെയ്ത ചിത്രത്തിന്റെ ഷൂട്ട് 2025 ജനുവരിയിലാണ് ആരംഭിച്ചത്. ഷൂട്ട് തുടങ്ങി ഒരു വര്‍ഷം പിന്നിട്ടിട്ടും 40 ശതമാനം പോലും പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഓരോ ഷെഡ്യൂള്‍ ബ്രേക്കിനിടയിലും പ്രശാന്ത് നീല്‍ സ്‌ക്രിപ്റ്റില്‍ മാറ്റം വരുത്തുന്നുണ്ടെന്നും ഇതിനനുസരിച്ച് മറ്റ് കാര്യങ്ങളിലും മാറ്റം വരുത്തേണ്ട അവസ്ഥയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഷൂട്ട് ചെയ്ത സീനുകളില്‍ തൃപ്തി വരാതെ റീഷൂട്ട് ചെയ്യുന്നുണ്ടെന്നും ചിത്രത്തിന്റെ ബജറ്റ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഡ്രാഗണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് വേണ്ടി എന്‍.ടി.ആര്‍ ശരീരഭാരം കുറച്ചത് വലിയ വാര്‍ത്തയായിരുന്നു. അഞ്ച് മാസം കൊണ്ട് 18 കിലോയോളമാണ് താരം കുറച്ചത്. ഷൂട്ടിനിടെ വാരിയെല്ലിന് പരിക്കേറ്റതും പിന്നീട് ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നതും ആരാധകരെ കൂടുതല്‍ പരിഭ്രാന്തരാക്കി. എന്നാല്‍ പരിക്കില്‍ നിന്ന് മുക്തനായി വന്നിട്ടും ഒച്ചിഴയുന്ന വേഗത്തിലാണ് ഡ്രാഗണിന്റെ ഷൂട്ട് പുരോഗമിക്കുന്നത്. ചിത്രത്തിനായി ശരീരഭാരം കുറച്ചതിനാല്‍ മറ്റ് പ്രൊജക്ടുകളിലേക്ക് കടക്കാനാകാത്ത അവസ്ഥയിലാണ് എന്‍.ടി.ആര്‍.

സോഷ്യല്‍ മീഡിയയില്‍ പ്രശാന്ത് നീലിനെതിരെ വലിയ വിമര്‍ശനമാണ് എന്‍.ടി.ആറിന്റെ ആരാധകര്‍ നടത്തുന്നത്. തങ്ങളുടെ ഇഷ്ടനടന്റെ കരിയറിലെ വിലപ്പെട്ട സമയമാണ് ഒരൊറ്റ സിനിമക്ക് വേണ്ടി പാഴാക്കുന്നതെന്നാണ് വിമര്‍ശനം. പ്രഭാസ് ഫാന്‍സും സംവിധായകനെ വിമര്‍ശിക്കുന്നുണ്ട്. ഡ്രാഗണ്‍ പൂര്‍ത്തിയാക്കിയതിന് ശേഷമേ സലാറിന്റെ രണ്ടാം ഭാഗം ആരംഭിക്കുകയുള്ളൂ. 2030ലെങ്കിലും സലാര്‍ 2 പുറത്തിറങ്ങുമോ എന്നാണ് പലരും ചോദിക്കുന്നത്.

സ്ഥിരം കരിപ്പൊടി യൂണിവേഴ്‌സിലെ കഥയാണോ ഡ്രാഗണിന്റേതെന്നും ചോദ്യങ്ങളുണ്ട്. കെ.ജി.എഫിന്റെ രണ്ട് ഭാഗങ്ങളുടെയും മേക്കിങ് പാറ്റേണ്‍ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ സലാറിലും അത് ആവര്‍ത്തിച്ചതോടെ പ്രേക്ഷകര്‍ വിമര്‍ശനമുയര്‍ത്തി. ഈ വര്‍ഷം ജൂണ്‍ 25ന് റിലീസ് ചെയ്യുമെന്നറിയിച്ച ചിത്രം മാറ്റിവെക്കുമെന്നാണ് സൂചനകള്‍.

മലയാളി താരങ്ങളായ ബിജു മേനോനും ടൊവിനോ തോമസും ചിത്രത്തിന്റ ഭാഗമാണ്. പ്രധാന വില്ലനായാണ് ടൊവിനോ വേഷമിടുന്നത്. സൗത്ത് ഇന്ത്യന്‍ സെന്‍സേഷന്‍ രുക്മണി വസന്താണ് ചിത്രത്തിലെ നായിക. ഹോംബാലെ ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

Content Highlight: Prashant Neel getting criticisms for delaying the shoot of Dragon movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more