പാട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുന്‍ പൊളിറ്റിക്കല്‍ സ്ട്രാറ്റജിസ്റ്റും ജന്‍ സുരാജ് പാര്‍ട്ടി നേതാവുമായ പ്രശാന്ത് കിഷോറിന്റെ പേര് രണ്ട് സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടികയില്‍. ബിഹാറിന് പുറമെ പശ്ചിമ ബംഗാളിലെ വോട്ടര്‍ പട്ടികയിലുമാണ് പ്രശാന്ത് കിഷോറിന്റെ പേരുള്ളത്.
ബീഹാറില്‍ റോത്തസ് ജില്ലയിലെ കര്‍ഗാഹര്‍ മണ്ഡലത്തിലാണ് പ്രശാന്ത് കിഷോറിന്റെ പേരുള്ളത്. സസാരം പാര്‍ലമെന്ററി മണ്ഡലത്തിലാണ് ഇത് ഉള്‍പ്പെടുന്നത്. കൊണാര്‍ ഗ്രാമത്തിലെ മധ്യ വിദ്യാലയ് ആണ് പോളിങ് സ്‌റ്റേഷന്‍.
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മണ്ഡലത്തിലാണ് ബംഗാളില്‍ പ്രശാന്ത് കിഷോറിന് വോട്ടുള്ളത്. ഭവാനിപൂരിലെ തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസിന് തൊട്ടടുത്തായാണ് അദ്ദേഹത്തിന്റെ വിലാസം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2021 ബംഗാള്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്റായി പ്രശാന്ത് കിഷോര്‍ പ്രവര്‍ത്തിച്ചിരുന്നു.
ഈ വിഷയത്തില്‍ പ്രശാന്ത് കിഷോര്‍ ഇനിയും പ്രതികരിച്ചിട്ടില്ല. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് പിന്നാലെ ബീഹാറിലെ കര്‍ഹാഗറില്‍ പ്രശാന്ത് കിഷോറിനെ വോട്ടറായി ചേര്‍ത്തിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത ജന്‍ സുരാജ് പാര്‍ട്ടി നേതാവ് പറഞ്ഞു.
‘ബീഹാറിലെ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയതിന് പിന്നാലെ ബംഗാളിലെ വോട്ടര്‍ ലിസ്റ്റില്‍ നിന്നും പേര് നീക്കം ചെയ്യാന്‍ അദ്ദേഹം അപേക്ഷ നല്‍കിയതായാണ് എനിക്ക് അറിവുള്ളത്. എന്നാല്‍ ഈ അപേക്ഷയുടെ നിലവിലെ സ്റ്റാറ്റസ് എന്താണെന്ന് ഞങ്ങള്‍ക്ക് അറിയില്ല,’ പേര് വെളിപ്പെടുത്താത്ത ജെ.എസ്.പി നേതാവ് പറഞ്ഞു.
പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടി സംസ്ഥാനത്തെ 243 നിയമസഭാ മണ്ഡലങ്ങളിലും മത്സരരംഗത്തുണ്ട്. കര്‍ഹാഗറില്‍ നിന്നും പ്രശാന്ത് കിഷോര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.
എന്നാല്‍ മഹാഗഡ്ബന്ധനിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവിനെതിരെ രഘോപൂരില്‍ നിന്നും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. വൈകാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് പ്രശാന്ത് കിഷോര്‍ തീരുമാനിക്കുകയായിരുന്നു.
പാര്‍ട്ടി തീരുമാനപ്രകാരമാണ് താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തത് എന്നാണ് പ്രശാന്ത് കിഷോര്‍ വിശദീകരണം നല്‍കിയത്. ‘ഇപ്പോള്‍ പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താനും മറ്റ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനുമാണ് ഞാന്‍ ശ്രദ്ധ നല്‍കുന്നത്,’ പ്രശാന്ത് കിഷോര്‍ പറഞ്ഞു.
രണ്ട് ഘട്ടങ്ങളിലായി നംവബര്‍ ആറ്, 11 തീയ്യതികളിലായാണ് വോട്ടെടുപ്പ്.
Content Highlight: Prashant Kishor’s inclusion in the voter list in Bihar and West Bengal has sparked controversy.