പാട്‌ന: രാജ്യവ്യാപകമായി ഉയര്‍ന്ന നീറ്റ് പരീക്ഷാ പ്രതിഷേധങ്ങള്‍ക്ക് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. ബിഹാറിലെ ബി.ജെ.പിയുടെ കരുത്തുറ്റ കോട്ടയായ ബങ്കിപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജന്‍ സുരാജ് പാര്‍ട്ടി (ജെ.എസ്.പി) സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് ചരിത്ര വിജയം.
ബി.ജെ.പിയുടെ കുത്തകയായിരുന്ന മണ്ഡലമാണ് വെറും 30 ദിവസത്തെ പ്രചാരണം കൊണ്ട് പ്രശാന്ത് കിഷോര്‍ പിടിച്ചെടുത്തത്.
വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി നീരജ് കുമാര്‍ സിന്‍ഹയെക്കാള്‍ ഏകദേശം 18,953 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രശാന്ത് കിഷോര്‍ വിജയം സ്വന്തമാക്കിയത്. ആര്‍.ജെ.ഡിയുടെ രേഖ കുമാരിയാണ് മൂന്നാമത്.
‘തന്റെ കന്നി തെരഞ്ഞെടുപ്പ് വിജയം ബീഹാര്‍ ജനത ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് നല്‍കിയ ശക്തമായ സന്ദേശമാണ്. ബീഹാറില്‍ മികച്ച വിദ്യാഭ്യാസം, യുവാക്കള്‍ക്ക് തൊഴില്‍, ഇതര സംസ്ഥാനങ്ങളിലേക്കുള്ള പലായനം തടയല്‍ എന്നിവയ്ക്കാണ് ജനങ്ങള്‍ മുന്‍ഗണന നല്‍കുന്നത്,’ വിജയശേഷം പ്രശാന്ത് കിഷോര്‍ പറഞ്ഞു.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ മാത്രം വിജയിച്ചുപോന്ന പാര്‍ട്ടിയുടെ സുരക്ഷിത മണ്ഡലമാണിത്.
2010ല്‍ മണ്ഡലം രൂപീകരിച്ചപ്പോള്‍ മുതല്‍ നിതിന്‍ നബീന്‍ ആണ് ബങ്കിപ്പൂരിനെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്. 2025ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 51,936 വോട്ടുകള്‍ക്കായിരുന്നു നിതിന്‍ നബീന്റെ വിജയം.
ദേശീയതലത്തിലെ നീറ്റ് പ്രതിഷേധങ്ങള്‍ക്ക് ശേഷമുള്ള ഈ തിരിച്ചടി ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. വോട്ടെണ്ണലിന്റെ 28ാം റൗണ്ട് കഴിഞ്ഞപ്പോള്‍ തന്നെ പരാജയം ഉറപ്പിച്ച ബി.ജെ.പി ഏജന്റുമാര്‍ കൗണ്ടിങ് സെന്ററില്‍ നിന്ന് മടങ്ങിയിരുന്നു.
ജനവിധി മാനിക്കുന്നുവെന്നും തോല്‍വിയുടെ കാരണങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും ബീഹാര്‍ ബി.ജെ.പി അധ്യക്ഷന്‍ സഞ്ജയ് സരാവോഗി പ്രതികരിച്ചു.
Content Highlight: Prashant Kishor Defeats BJP in 2026 Bankipur By-Election