| Thursday, 14th August 2025, 8:00 am

രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനത്തിന് ശേഷം വോട്ടര്‍പട്ടിക കോപ്പികള്‍ വായിക്കാന്‍ കഴിയാത്ത രൂപത്തിലാക്കി; സുപ്രീം കോടതിൽ പ്രശാന്ത് ഭൂഷണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്താസമ്മേളനത്തിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിലുള്ള ഡിജിറ്റല്‍ കോപ്പികള്‍ വായിക്കാന്‍ കഴിയാത്ത രൂപത്തിലാക്കിയെന്ന് സുപ്രീം കോടതിയെ അറിയിച്ച് സീനിയര്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.

എന്നാല്‍ രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്താസമ്മേളനം അറിഞ്ഞിട്ടില്ലെന്ന് ബിഹാര്‍ എസ്.ഐ.ആറിനെതിരായ ഹരജികള്‍ കേള്‍ക്കുന്ന ജസ്റ്റിസ് എ.സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനത്തിന്റെ പിറ്റേന്ന് മുതലാണ് ബിഹാറിലെ ഏത് വോട്ടര്‍ക്കും തങ്ങളുടെ പേരുണ്ടോ എന്ന് നോക്കാന്‍ കഴിഞ്ഞിരുന്ന വോട്ടര്‍പട്ടിക കമ്മീഷന്‍ വെബ്‌സൈറ്റില്‍ നിന്ന് പിന്‍വലിച്ചതെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. തുടര്‍ന്നാണ് വാര്‍ത്താസമ്മേളനം താന്‍ അറിഞ്ഞിട്ടില്ലെന്ന കോടതിയുടെ പരാമര്‍ശം.

രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം എന്താണെന്ന് ഭൂഷണ്‍ കോടതിയെ അറിയിച്ചു. വോട്ടര്‍പട്ടിക ഇപ്പോള്‍ ആരും പരിശോധിക്കാതിരിക്കാന്‍ മെഷീന്‍ റിഡബിളല്ലാത്ത ഡിജിറ്റല്‍ കോപ്പികളാക്കി മാറ്റി വോട്ടര്‍പട്ടികയ്ക്ക് പകരം വെച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പകരം ആഗസ്റ്റ് നാലിന് മുമ്പുണ്ടായിരുന്ന ആളുകളുടെ പേര് തിരയാവുന്ന വോട്ടര്‍പട്ടിക സോഫ്റ്റ് കോപ്പി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും വെട്ടിമാറ്റിയ ലക്ഷക്കണക്കിന് ആളുകളുടെ പേരുകള്‍ പ്രസിദ്ധീകരിക്കണമെന്നും പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു.

അതേസമയം ബിഹാറിലെ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് ശേഷം പ്രസിദ്ധീകരിച്ച കരടുപട്ടിക കംപ്യൂട്ടര്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കഴിയാത്ത തരത്തിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റുകയായിരുന്നു. ഓഗസ്റ്റ് ഒന്നിന് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ തുറന്ന് നോക്കാനും സേര്‍ച് ചെയ്യാനും കഴിയുമായിരുന്നെങ്കിലും പിന്നീടത് സ്‌കാന്‍ ചെയ്ത ഇമേജ് രൂപത്തിലേക്ക് മാറ്റി. ഈ പതിപ്പ് ഉപയോഗിച്ച് ഇപ്പോള്‍ വോട്ടിലെ ഇരട്ടിപ്പും ക്രമക്കേടും കണ്ടെത്തുക എളുപ്പമല്ല.

സ്‌കാന്‍ ചെയ്ത രൂപത്തിലുള്ള ഫയലുകളില്‍ നിന്ന് ടെക്സ്റ്റ് പകര്‍ത്തിയെടുക്കുന്ന ഒപ്റ്റിക്കല്‍ ക്യാരക്ടര്‍ റെക്കഗ്‌നീഷന്‍ (ഒ.സി.ആര്‍) സംവിധാനം ഉപയോഗിച്ച് പോലും ഡാറ്റ വേര്‍തിരിക്കുക എളുപ്പമല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ കംപ്യൂട്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് ബുദ്ധിമുട്ടേറും.

കര്‍ണാടകയിലെ മഹാദേവപുര മണ്ഡലത്തിലെ വോട്ടര്‍പട്ടികയുടെ ഡിജിറ്റല്‍ കോപ്പി ലഭ്യമാക്കിയില്ലെന്നതായിരുന്നു ഓഗസ്റ്റ് ഏഴിന് രാഹുല്‍ ഗാന്ധി ഉന്നയിച്ച പ്രധാന ആരോപണങ്ങളിലൊന്ന്. തുടര്‍ന്ന് കോണ്‍ഗ്രസ് ആറ് മാസത്തോളമെടുത്ത് പേരുകളും ചിത്രങ്ങളും താരതമ്യം ചെയ്ത് ക്രമക്കേടുകള്‍ കണ്ടെത്തുകയായിരുന്നു.

Content Highlight: Prashant Bhushan tells Supreme Court copies of voter lists were made unreadable after Rahul Gandhi’s press conference

We use cookies to give you the best possible experience. Learn more