മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകളിലായി മുന്നൂറിലധികം സിനിമകളിൽ നൃത്തസംവിധാനം നിർവ്വഹിച്ച കൊറിയോഗ്രാഫറാണ് പ്രസന്ന സുജിത്. പ്രസന്ന മാസ്റ്റർ എന്ന പേരിൽ അറിയപ്പെടുന്ന അദ്ദേഹം മൂന്ന് പതിറ്റാണ്ടോളമായി ചലച്ചിത്രരംഗത്ത് സജീവമാണ്.
മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ് തുടങ്ങി മുൻനിര താരങ്ങളുടെ നിരവധി ഹിറ്റ് പാട്ടുകൾക്ക് അദ്ദേഹം നൃത്തസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. സി.ഐ.ഡി മൂസ, രാജമാണിക്യം, ഛോട്ടാ മുംബൈ, പോക്കിരിരാജ തുടങ്ങിയ ചിത്രങ്ങളിലെ തരംഗമായ ഡാൻസ് നമ്പറുകൾ ഇദ്ദേഹത്തിന്റെ കൊറിയോഗ്രഫിയാണ്.
പ്രസന്ന മാസ്റ്റർ. Screen Grab/ Youtube
മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ മികച്ച നൃത്തസംവിധാനത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. നൃത്തസംവിധാനത്തിന് പുറമെ വിവിധ ടെലിവിഷൻ ഡാൻസ് റിയാലിറ്റി ഷോകളിൽ വിധികർത്താവായും പ്രസന്ന മാസ്റ്റർ ജനശ്രദ്ധ നേടിയിട്ടുണ്ട്. ആർ.ജെ ഗദ്ദാഫിയുമായുള്ള പോഡ്‌കാസ്റ്റിൽ തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് പ്രസന്ന മാസ്റ്റർ.
മലയാള സിനിമയിലൂടെ തന്റെ കരിയർ ആരംഭിക്കാനായതിലും ഈ ഇൻഡസ്ട്രിയിൽ നിലനിൽക്കാനാകുന്നതിലും ഏറെ നന്ദിയുണ്ടെന്ന് പ്രസന്ന മാസ്റ്റർ പറയുന്നു. ചെന്നൈയിൽ ജനിച്ച് വളർന്ന താൻ മലയാള സിനിമയിലൂടെയാണ് തന്റെ യാത്ര ആരംഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഈയൊരു ഇൻഡസ്ട്രിയിൽ നിലനിൽക്കാൻ സാധിക്കുന്നു എന്നതിൽ തന്നെ ഞാൻ വളരെ ഗ്രേറ്റ്ഫുൾ ആണ്. മലയാള സിനിമ മേഖലയോട് എനിക്ക് ഒരുപാട് നന്ദിയുണ്ട്. കാരണം ഞാൻ ഇന്ന് എന്താണോ അതിന് മലയാളം ഇൻഡസ്ട്രി മാത്രമാണ് കാരണം. ഞാൻ ഒരു ഹാഫ് മലയാളിയാണ്, ജനിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്. ഡാൻസ് കൊറിയോഗ്രാഫേഴ്സ് ഒക്കെ ചെന്നൈയിലാണ് ഉള്ളത്. പക്ഷെ അങ്ങനെ ഇരിക്കുന്ന ഒരു സമയത്താണ് മലയാളത്തിൽ നിന്നും എന്റെ ജേർണി തുടങ്ങുന്നത്,’ അദ്ദേഹം പറഞ്ഞു.
മലയാള സിനിമയിലെ താരങ്ങളുടെ ഡാൻസിങ് മികവിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
‘എന്നെ അത്ഭുതപ്പെടുത്തിയ ഒരു ആക്ടറും ഡാൻസറും എന്ന് പറയുന്നത് ചാക്കോച്ചൻ ആയിരിക്കും. ഞാൻ കൊറിയോഗ്രാഫിയിൽ അസിസ്റ്റന്റ് ആയിട്ട് തുടങ്ങിയപ്പോൾ മുതൽ ചാക്കോച്ചൻ ഹീറോ ആയിട്ട് അഭിനയിക്കുന്നുണ്ട്. സെയിം പീരിയഡിലാണ് ഞങ്ങൾ വന്നിട്ടുണ്ടായിരുന്നത്. അപ്പോൾ പുള്ളിയാണ് അന്നുമുതൽ ഇന്നുവരെ ഡാൻസിൽ അപ്ഡേറ്റഡ് ആയിട്ടുള്ളത്.
പ്രസന്ന മാസ്റ്റർ. Photo. X.Com
കൂടാതെ അദ്ദേഹത്തിന്റെ സ്റ്റൈലും എലഗൻസുമൊക്കെ ഇന്നും പുള്ളിക്കുണ്ട്, ഒരു മുപ്പത് വർഷത്തോളം ആ ഒരു കോൺസിസ്റ്റൻസി കാത്തുസൂക്ഷിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പിന്നെ നമ്മൾ കൊടുക്കുന്ന സ്റ്റെപ്പിൽ കുറച്ച് ഇംപ്രാവൈസേഷൻ ഒക്കെ ഇട്ട് ചെയ്യുന്ന നടൻ പൃഥ്വിരാജ് ആണ്. ശരിക്കും പറഞ്ഞാൽ ഇന്ദ്രജിത്തും ഒരു നല്ല ഡാൻസർ ആണ്.
ചോട്ടാ മുംബൈ സിനിമയിലൊക്കെ ഞാൻ അദ്ദേഹത്തെ കൊറിയോഗ്രാഫ് ചെയ്തിട്ടുണ്ട്. അന്നൊക്കെ ഞങ്ങൾ ഒരു മച്ചാ മച്ചാ ഫീലിലാണ് വർക്ക് ചെയ്തത്. എന്റെ അഭിപ്രായത്തിൽ ഇന്ദ്രജിത്തിനെ ഇപ്പോഴും പ്രേക്ഷകർ പൂർണമായി പരീക്ഷിച്ചിട്ടില്ല, പ്രസന്ന മാസ്റ്റർ പറഞ്ഞു.