| Sunday, 1st March 2026, 11:08 am

ദുബായ്‌യില്‍ താമസിച്ചുകൊണ്ട് കേരള സ്‌റ്റോറിക്ക് പ്രൊമോഷന്‍, പ്രണിതയുടെ സത്യമേവ ജയതേ പോസ്റ്റിനെ ട്രോളി സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

കേരളത്തെ മറ്റ് സംസ്ഥാനങ്ങളുടെ മുന്നില്‍ താറടിച്ച് കാണിക്കുന്ന പ്രൊപ്പഗണ്ട ചിത്രം കേരള സ്റ്റോറി 2 കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ സ്‌റ്റേ ഉണ്ടായതിനാല്‍ അര്‍ധരാത്രി ഡിവിഷന്‍ ബെഞ്ച് ഇടപെട്ടാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്. കേരളത്തില്‍ പലയിടത്തും കാണാനാളില്ലാത്തതിനാല്‍ പ്രദര്‍ശനം നടക്കാതെ പോയിരുന്നു.

കേരളത്തില്‍ ചിത്രത്തിനെതിരെ വലിയ പ്രതിഷേധമാണെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ ചിലയിടത്ത് പ്രദര്‍ശനം നടക്കുന്നുണ്ട്. സംഘപരിവാര്‍ അനുകൂല ഐ.ഡികളെല്ലാം കേരള സ്റ്റോറി 2നെ പ്രകീര്‍ത്തിച്ചുകൊണ്ട് പോസ്റ്റുകള്‍ പങ്കുവെക്കുന്നുണ്ട്. കന്നഡ, തമിഴ് താരം പ്രണിത സുഭാഷ് പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

കേരള സ്‌റ്റോറി 2നെ പിന്തുണച്ചുകൊണ്ട് പ്രണിത കഴിഞ്ഞദിവസം തന്റെ എക്‌സ് പേജില്‍ പോസ്റ്റ് പങ്കുവെച്ചു. ‘സത്യമേവ ജയതേ’ എന്ന ക്യാപ്ഷനോടെയായിരുന്നു പോസ്റ്റ്. ‘ഷോ യുവര്‍ ഡോട്ടേഴ്‌സ്’ എന്ന ടാഗ്‌ലൈനും പോസ്റ്റിലുണ്ട്. ഇതിന് പിന്നാലെ പ്രണിതയെ ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. നാല് വര്‍ഷം മുമ്പ് പ്രണിതക്ക് യു.എ.ഇ ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നു.

‘യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ കിട്ടി ആദരിക്കപ്പെട്ടു’ എന്ന ക്യാപ്ഷനോടെ പ്രണിത 2022ല്‍ പങ്കുവെച്ച പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഇതിനോടകം വൈറലായി. മുസ്‌ലിം രാജ്യത്തിന്റെ വിസ വാങ്ങിയതിന് ശേഷം മുസ്‌ലിം സമുദായത്തിനെതിരെ വിഷം തുപ്പുന്ന സിനിമയെ പ്രൊമോട്ട് ചെയ്യുകയാണ് പ്രണിതയെന്ന് പലരും അഭിപ്രായപ്പെട്ടു.

മുസ്‌ലിം രാജ്യത്ത് താമസിക്കാന്‍ വേണ്ടി അപേക്ഷിച്ചപ്പോള്‍ രാജ്യസ്‌നേഹം എവിടെപ്പോയെന്നാണ് പലരും ചോദിക്കുന്നത്. അതിര്‍ത്തി കടക്കുന്നതുവരെയേ ഉള്ളൂ ദേശസ്‌നേഹമെന്നും വല്ലാത്ത ജന്മമാണെന്നും ചിലര്‍ പ്രണിതയുടെ പോസ്റ്റിന് താഴെ കമന്റ് പങ്കുവെക്കുന്നുണ്ട്. വിദേശത്തിരുന്ന് ദേശസ്‌നേഹത്തെക്കുറിച്ച് ക്ലാസെടുക്കുന്ന നിങ്ങളെപ്പോലെയുള്ളവരെ സൂക്ഷിക്കണമെന്നും കമന്റുകളുണ്ട്.

‘പൈസയുള്ള മുസ്‌ലിങ്ങളാണെങ്കില്‍ കുഴപ്പമില്ല, അവരുടെ അടുത്തുനിന്ന് എന്തും വാങ്ങും, എങ്ങോട്ടും പോകും’, ‘നിങ്ങളൊന്നും ഒരുകാലത്തും കേരളത്തില്‍ പോകണ്ട, കുടുംബത്തോടെ ചാണകം കഴിച്ച് നോര്‍ത്ത് ഇന്ത്യയില്‍ തന്നെ ഇരുന്നോളൂ’, ‘ഇത്രയൊക്കെ കാര്യങ്ങള്‍ സത്യമാണെങ്കില്‍ നിങ്ങളെന്തിനാ മുസ്‌ലിം രാജ്യത്ത് താമസിക്കുന്നത്’ എന്നിങ്ങനെയാണ് പോസ്റ്റിന് താഴെ പലരും ചോദിക്കുന്നത്.

Content Highlight: Pranitha Subhash’s X post about promoting Kerala Story 2 getting trolls

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more