| Monday, 17th August 2026, 2:26 pm

എന്റെ അമ്മയടക്കം എന്നെക്കുറിച്ചുള്ള ട്രോളുകള്‍ അയക്കാറുണ്ട്, അതൊന്നും കാര്യമാക്കണ്ട എന്നാണ് ലോകേഷ് സാര്‍ പറഞ്ഞത്: പ്രണവ് ടിയോഫിന്‍

അമര്‍നാഥ് എം.

വിക്രം, നരിവേട്ട തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ നടനാണ് പ്രണവ് ടിയോഫിന്‍. നരിവേട്ടയിലെ താമി എന്ന കഥാപാത്രത്തിലൂടെയാണ് പ്രണവ് കൂടുതല്‍ ശ്രദ്ധിക്കപ്പട്ടത്. തിയേറ്ററില്‍ ഗംഭീര പ്രതികരണം നേടി മുന്നേറുന്ന ഡി.സിയിലും മികച്ച പ്രകടനമാണ് പ്രണവ് കാഴ്ചവെക്കുന്നത്. ലോകേഷ് അവതരിപ്പിച്ച ദാസിന്റെ സുഹൃത്ത് സെബാസ്റ്റ്യന്‍ എന്നാണ് പ്രണവിന്റെ കഥാപാത്രത്തിന്റെ പേര്.

ലോകേഷുമൊത്തുള്ള ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് പ്രണവ്. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന സിനിമ എന്ന് പറഞ്ഞാണ് തന്നെ വിളിച്ചതെന്നും നായകന്‍ ആരാണെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും പ്രണവ് പറഞ്ഞു. ലോകേഷ് എന്ന സംവിധായകന് കീഴില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹത്തോടൊപ്പം ക്യാമറക്ക് മുന്നില്‍ പെര്‍ഫോം ചെയ്തത് പുതിയൊരു അനുഭവമായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.

കൂലി എന്ന സിനിമക്ക് ശേഷം ലോകേഷിന് ലഭിക്കുന്ന ട്രോളുകളെക്കുറിച്ചും പ്രണവ് സംസാരിച്ചു. അത്രയും വലിയൊരു സംവിധായകനെ സോഷ്യല്‍ മീഡിയ ട്രോളുന്നത് കണ്ട് തനിക്ക് വിശ്വസിക്കാനായില്ലെന്നും താരം പറഞ്ഞു. ട്രോളുകളെക്കുറിച്ച് ലോകേഷിനോട് സംസാരിച്ചിട്ടുണ്ടായിരുന്നെന്നും പ്രണവ് പറയുന്നു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു പ്രണവ് ടിയോഫിന്‍.

‘എനിക്ക് ഇതിനെക്കുറിച്ച് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, പേടി കാരണം ചോദിച്ചില്ല. ഞങ്ങളുടെ ഗ്യാങ്ങിലുണ്ടായിരുന്ന കിട്ടിക്കും ട്രോളുകളെക്കുറിച്ച് സംസാരിക്കാന്‍ മടിയായിരുന്നു. ലോകേഷ് സാറുമായി ക്ലോസായപ്പോഴും ഈ പേടിയുണ്ടായിരുന്നു. എന്നിട്ടും ഒരുദിവസം ഷൂട്ടിന്റെ ഇടയില്‍ ലോകേഷ് സാറിനോട് ട്രോളിനെക്കുറിച്ച് സംസാരിച്ചു.

ഇങ്ങനെയൊക്കെ ട്രോളുന്നുണ്ടെന്നുള്ള കാര്യം അറിയുമോ എന്ന് ചോദിച്ചപ്പോള്‍ ‘ഞാന്‍ എല്ലാം കാണാറുണ്ട്. എന്റെ അമ്മ തന്നെ പല ട്രോളുകളും അയച്ചുതരും. അതിലൊന്നും കാര്യമില്ല. നമ്മള്‍ ഒരു നല്ല പടം ചെയ്താല്‍ ആളുകള്‍ നമ്മളെ ആഘോഷിക്കും. അല്ലെങ്കില്‍ അതിന്റെ ഓപ്പോസിറ്റാകും സംഭവിക്കുക. എന്റെ കഴിഞ്ഞ രണ്ട് പടങ്ങളില്‍ മിസ്റ്റേക്ക് വന്നതുകൊണ്ടാണ് അവര്‍ ഇങ്ങനെ ട്രോളുന്നത്. അല്ലുവിന്റെ കൂടെയുള്ള പടം ഇറങ്ങുമ്പോള്‍ ഇവരൊക്കെ ഇത് മാറ്റിപ്പറയും’ എന്നാണ് സാര്‍ പറഞ്ഞത്. അത് അദ്ദേഹം കൂളായിട്ടാണ് എടുക്കുന്നത്,’ പ്രണവ് പറയുന്നു.

അല്ലു- ലോകേഷ് സിനിമയെക്കുറിച്ച് പ്രണവ് പറഞ്ഞ വാക്കുകളും ഇതിനോടകം ചര്‍ച്ചയായി. ചിത്രത്തില്‍ അല്ലു അര്‍ജുന്റെ വില്ലനായി വരുന്ന നടന്റെ പേര് കേട്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും അതിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ തനിക്ക് അനുവാദമില്ലെന്നും പ്രണവ് കൂട്ടിച്ചേര്‍ത്തു. ലോകേഷ് എന്ന സംവിധായകന്റെ തിരിച്ചുവരവാകും AA 23 എന്നും പ്രണവ് പറയുന്നു.

Content Highlight: Pranav Teophine about the trolls on Lokesh Kanagaraj

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more