നാടകത്തിലൂടെ സിനിമയിലെത്തിയ നടനാണ് പ്രമോദ് വെളിയനാട്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച അദ്ദേഹം തമിഴ് ചിത്രത്തിലുൾപ്പെടെ അഭിനയിച്ചിരുന്നു. ഇപ്പോൾ സിനിമയിലെത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
നാടകമാണ് തന്നെ സിനിമയിലെത്തിച്ചതെന്നും സിനിമയ്ക്ക് പറ്റിയ ഒരാളല്ല താനെന്ന വിചാരം തനിക്കുണ്ടായിരുന്നെന്നും പ്രമോദ് വെളിയനാട് പറയുന്നു. പാച്ചുവും കോവാലനും എന്ന സിനിമയിൽ അഭിനയിച്ചിരുന്നെങ്കിലും വലിയ വേഷമായിരുന്നില്ലെന്നും പിന്നീട് സ്വർണക്കടുവ എന്ന ചിത്രത്തിൽകൂടെ വീണ്ടും സിനിമയിലെത്തി എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘നാടകമാണ് എന്നെ സിനിമയിലെത്തിച്ചത്. അരങ്ങുണരും മുമ്പ് ‘ഇന്നത്തെ അവതരണം മികച്ചതാവണേ, എന്റെ കഥാപാത്രം ഭംഗിയായി അവതരിപ്പിക്കാൻ കഴിയണേ’ എന്നൊക്കെയായിരിക്കും മിക്ക അഭിനേതാക്കളുടെയും പ്രാർഥന. പക്ഷേ, എന്റെ പ്രാർഥന ഈ നാടകം ജീവിതത്തിൽ ഒരു വഴിത്തിരിവാകണേ എന്നാണ്. അരങ്ങിൽനിന്ന് അരങ്ങിലേക്ക് യാത്ര തുടരുമ്പോഴും സിനിമ എന്റെ സ്വപ്നത്തിലുണ്ടായിരുന്നു.
വർഷങ്ങൾക്കുമുമ്പ് ‘പാച്ചുവും കോവാലനും‘ എൻ്റെ മുഖം സ്ക്രീനിൽ കാണിച്ചുതന്നെങ്കിലും അത്രയേറെ ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷമായിരുന്നില്ല അത്. വേദിയിൽ നിറഞ്ഞാടുമ്പോഴും എന്നെ ആവശ്യമുള്ള ഒരു ചലച്ചിത്രസംവിധായകൻ, തിരക്കഥാകൃത്ത് പ്രേക്ഷകർക്കിടയിലുണ്ടെന്ന് ഞാൻ വിശ്വസിച്ചു. അദ്ദേഹം എന്നെങ്കിലും എന്നെത്തേടിവരും എന്ന് എൻ്റെ മനസ് പറഞ്ഞു കൊണ്ടിരുന്നു. അപ്പോഴും സിനിമക്ക് പറ്റിയ ഒരാളല്ല ഞാനെന്ന തെറ്റിദ്ധാരണയും എന്നിലുണ്ടായിരുന്നു.
അതിന്റെ കാരണം എൻ്റെ ആകാരംതന്നെ. പക്ഷേ ആ ധാരണകളെയെല്ലാം തകിടംമറിച്ചുകൊണ്ട് ഒരാൾ എനിക്കുവേണ്ടി കാത്തുനിൽപ്പുണ്ടായിരുന്നു. സംവിധായകൻ ജോസ് തോമസ് സാർ. ഒപ്പം ആർട്ടിസ്റ്റ് സുജാതൻ മാഷുമുണ്ടായിരുന്നു. കോട്ടയം ദർശന അക്കാദമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ ‘മുൻപേ പറക്കുന്ന പക്ഷികൾ’ അവതരിപ്പിച്ച് ഗ്രീൻറൂമിലെത്തിയ സമയമായിരുന്നു അത്. ഒരാൾ വന്നു പറഞ്ഞു ‘പ്രമോദിനെ അന്വേഷിച്ച് പുറത്ത് ചിലർ കാത്തുനിൽക്കുന്നു’ എന്ന്. സിനിമയിലേക്കുള്ള വാതിൽ അവിടെ തുറക്കുകയായിരുന്നു. ജോസ് തോമസ് സാറിൻ്റെ ‘സ്വർണക്കടുവ‘ യിലൂടെ ഞാൻ വീണ്ടും വെള്ളിത്തിരയിലെത്തി,’ പ്രമോദ് വെളിയനാട് പറയുന്നു.
Content Highlight: Pramod Veliyanad Talking about His film Journey