കോഴിക്കോട്: മീഡിയവണ്ണിനെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് എഡിറ്റര്‍ പ്രമോദ് രാമന്‍. കർണാടകയിലെ യെലഹങ്ക വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ഇടപെടേണ്ടതില്ലെന്ന് കര്‍ണാടക സി.പി.ഐ.എം അറിയിച്ചുവെന്ന വാര്‍ത്തക്കെതിരായ വിമര്‍ശനങ്ങളിലാണ് പ്രതികരണം.
ദി ഹിന്ദുവിനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു മീഡിയവണ്ണിന്റെ വാര്‍ത്ത. പ്രസ്തുത വാര്‍ത്ത ഹിന്ദു പിന്‍വലിക്കുകയോ പാര്‍ട്ടി സെക്രട്ടറിയുടെ നിഷേധക്കുറിപ്പ് പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ലെന്നും പ്രമോദ് രാമന്‍ ചൂണ്ടിക്കാട്ടി. മാധ്യമപ്രവര്‍ത്തനത്തിന്റെ മിനിമം മര്യാദ പോലും പാലിക്കാന്‍ ഹിന്ദു തയ്യാറല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
എന്നാല്‍ വ്യാവസായിക മന്ത്രി പി. രാജീവും മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കും എന്തുകൊണ്ടാണ് അത് കണ്ടില്ലെന്ന് നടിക്കുന്നതെന്നും ചോദ്യമുണ്ട്. എന്തുകൊണ്ട് ദി ഹിന്ദുവിനെ വിമര്‍ശിക്കുന്നില്ല? ലക്ഷ്യം മീഡിയവണ്‍ മാത്രമാണെന്നും പ്രമോദ് രാമന്‍ പറഞ്ഞു.
യെലഹങ്ക വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ഇടപെടേണ്ടതില്ലെന്ന തരത്തിലാണ് ദി ഹിന്ദു വാര്‍ത്ത നല്‍കിയത്. സംസ്ഥാനത്തെ പാര്‍ട്ടിക്ക് ഈ വിഷയം സ്വന്തം നിലയില്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുണ്ട്. കേരളത്തില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കളുടെ ഇടപെടല്‍ വിഷയം രാഷ്ട്രീയവത്കരിക്കുന്നതിനും അടിസ്ഥാന പ്രശ്നത്തില്‍ നിന്നും ശ്രദ്ധ തിരിയുന്നതിനും കാരണമാകുമെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ തള്ളിക്കൊണ്ട് കര്‍ണാടക സി.പി.ഐ.എം പ്രസ്താവനയിറക്കിയതും മീഡിയവണ്‍ വാര്‍ത്ത നല്‍കിയിരുന്നു. തെറ്റായ വാര്‍ത്തകള്‍ നീക്കം ചെയ്യണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. പക്ഷെ ദി ഹിന്ദു ഇപ്പോഴും ആദ്യവാര്‍ത്ത പിന്‍വലിച്ചിട്ടില്ലന്നാണ് പ്രമോദ് രാമന്‍ പറയുന്നത്.
‘ബുള്‍ഡോസര്‍ രാജ് നടത്തി മുന്നോറോളം കുടുംബങ്ങളെ തെരുവിലിറക്കി വിട്ടവരെ സംരക്ഷിക്കാന്‍ ഇത്രയും ഹീനമായി രംഗത്തിറങ്ങാന്‍ എങ്ങനെ സാധിക്കുന്നുവന്നേ ചോദിക്കാനുള്ളൂ,’ എന്നായിരുന്നു മന്ത്രി പി. രാജീവിന്റെ വിമര്‍ശനം. മീഡിയവണ്ണിന്റെ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.
‘മീഡിയവണ്‍ ഇത്തരമൊരു വ്യാജപ്രചാരണത്തിന് എന്തിന് മുന്‍കൈയെടുക്കണം. സി.പി.ഐ.എമ്മിനെ കുറിച്ച് അവര്‍ സൃഷ്ടിക്കുന്ന നുണയുടെ ഒരു ആഖ്യാനമുണ്ട്. സി.പി.ഐ.എം മുസ്‌ലിം വിരുദ്ധരാണ്. എന്നാല്‍ കോണ്‍ഗ്രസോ? ഇതുപോലൊരു ന്യൂനപക്ഷ സംരക്ഷകര്‍ ഇല്ലായെന്ന മട്ടിലാണ് മീഡിയവണ്ണിന്റെ വാര്‍ത്തകളും വിശകലനവും,’ തോമസ് ഐസക്കിന്റെ വിമര്‍ശനം.
Content Highlight: Pramod Raman responds to criticism against MediaOne in Karnataka’s bulldozer raj