കോഴിക്കോട്: എഴുത്തുകാരന്‍ ബെന്യാമിനെതിരെ പരോക്ഷ വിമര്‍ശനവുമായി മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍. വിമര്‍ശനം ഉന്നയിക്കുന്നവരെ അധിക്ഷേപിച്ച് ഒരെഴുത്തുകാരന്‍ പോസ്റ്റ് പങ്കുവെക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് പ്രമോദ് രാമന്‍ പറഞ്ഞു.
എ.സി റൂമില്‍ നിന്ന് പുറത്തിറങ്ങിയാല്‍ കേരളത്തെ മനസിലാക്കാമെന്ന ബെന്യാമിന്റെ പോസ്റ്റിനെതിരെയാണ് പ്രമോദ് രാമന്റെ പ്രതികരണം. കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ചുകൊണ്ടായിരുന്നു ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കേരളത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുന്നുവെന്ന് പറയുമ്പോള്‍ അതില്‍ സംശയം തോന്നുന്നവരും അതിനെ ചോദ്യം ചെയ്യുന്നവരും ഉണ്ടാകാനിടയുണ്ടെന്നും പ്രമോദ് രാമന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ സംശയം ഉന്നയിക്കുന്നവരെ അധിക്ഷേപിക്കുന്നത് ശരിയല്ലെന്നാണ് പ്രമോദ് രാമന്‍ പറയുന്നത്.
സര്‍ക്കാരിന്റെ ഔദ്യോഗിക അതിദാരിദ്ര്യമുക്ത പ്രഖ്യാപന ചടങ്ങില്‍ നടന്‍ മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ ബെന്യാമിന്‍ കേള്‍ക്കണമെന്നും ശേഷം കുറച്ച് ലജ്ജിക്കണമെന്നും പ്രമോദ് രാമന്‍ കുറിച്ചു. അതിദാരിദ്യത്തില്‍ നിന്നുമാത്രമാണ് കേരളം മുക്തമായിരിക്കുന്നതെന്നും ദാരിദ്ര്യം ഇപ്പോഴുമുണ്ടെന്നുമായിരുന്നു മമ്മൂട്ടിയുടെ പ്രസ്താവന.
ഇതിനെ മുന്‍നിര്‍ത്തിയാണ് പ്രമോദ് രാമന്‍ ബെന്യാമിനെ വിമര്‍ശിച്ചത്. ബെന്യാമിന്റെ പേരെടുത്ത് പറയാതെ ‘മെനകെട്ട പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് കമന്റില്‍’ നല്‍കിയിട്ടുണ്ടെന്നും പ്രമോദ് രാമന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം പ്രമോദ് രാമന്‍ സംസ്ഥാന സര്‍ക്കാരിന് അഭിവാദ്യങ്ങളും അറിയിച്ചു. ‘അതിസൂക്ഷ്മ പരിശോധനയിലൂടെ 64,000 കുടുംബങ്ങളെ കണ്ടെത്തി അതിദാരിദ്ര്യത്തില്‍ നിന്ന് കൈപിടിച്ചു കയറ്റാന്‍ കഴിഞ്ഞത് അസാധാരണ നേട്ടമാണ്,’ എന്നാണ് പ്രമോദ് രാമന്റെ പരാമര്‍ശം.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തെ എതിര്‍ക്കുന്ന പ്രതിപക്ഷത്തെ എലിവാണങ്ങള്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ബെന്യാമിന്റെ കുറിപ്പ്.
‘എന്ത് നല്ല കാര്യം നടന്നാലും അതിനെതിരെ ചാടി വീഴുന്ന ചില കൊച്ചമ്മാവന്മാര്‍ എല്ലാ ദേശത്തുമുണ്ട്. ഇവറ്റകളെയും അക്കൂട്ടത്തില്‍ മാത്രം കണ്ടാല്‍ മതി. സാക്ഷരത പോലെ, ജനകീയാസൂത്രണം പോലെ, സ്ത്രീശാക്തീകരണം പോലെ, ആരോഗ്യ സൂചികപോലെ അതിദാരിദ്യമുക്തിയിലും കേരളം ലോകത്തിന് മാതൃകയാവുന്നതില്‍ നമുക്ക് അഭിമാനിക്കാം, സന്തോഷിക്കാം. ഈ എലിവാണങ്ങളെ ബഹിരാകാശത്തേക്ക് കയറ്റി അയക്കാന്‍ നാസയോട് അഭ്യര്‍ത്ഥിക്കുകയല്ലാതെ താത്ക്കാലം വേറെ മാര്‍ഗമില്ല,’ ബെന്യാമിന്‍ പറഞ്ഞു.
Content Highlight: Pramod Raman indirectly criticizes Benyamin’s FB post