| Wednesday, 9th July 2025, 8:02 am

'എന്റെ കുട്ടികള്‍ ഇങ്ങനെയാകുമോ?' അന്ന് ലാലേട്ടനെ കണ്ട് ഞാന്‍ സ്വയം ചിന്തിച്ചു: പ്രകാശ് വര്‍മ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രമാണ് തുടരും. തിയേറ്ററില്‍ വന്‍ വിജയമായ സിനിമയായിരുന്നു ഇത്. ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റെ വില്ലനായി എത്തിയിരുന്നത് പ്രകാശ് വര്‍മ ആയിരുന്നു.

ജോര്‍ജ് മാത്തന്‍ എന്ന കഥാപാത്രമായിട്ടാണ് പ്രകാശ് വര്‍മ തുടരും സിനിമയില്‍ അഭിനയിച്ചത്. ഇപ്പോള്‍ മോഹന്‍ലാലിനെ കുറിച്ച് പറയുകയാണ് നടന്‍. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.

‘ബെംഗളൂരില്‍ നിന്ന് ഞാനും എന്റെ വൈഫും കുട്ടികളും യു.എസിലേക്കോ മറ്റോ യാത്ര ചെയ്യുകയായിരുന്നു. രാത്രിയുള്ള ഫ്‌ളൈറ്റിലാണ് ഞങ്ങള്‍ പോകുന്നത്. അതേ ഫ്‌ളൈറ്റില്‍ തന്നെ ലാലേട്ടനും ഉണ്ടായിരുന്നു.

ടേക്ക് ഓഫിന്റെ സമയമായി കാണണം. അഞ്ചരയ്‌ക്കോ 5:36ന് മുമ്പോ ആയിരുന്നു ടേക്ക് ഓഫ്. എന്റെ ഓര്‍മ ശരിയാണെങ്കില്‍ അതാണ് സമയം. പക്ഷെ നാലരയോ മറ്റോ ആയപ്പോഴേക്കും ഞാന്‍ ലാലേട്ടനെ നോക്കി.

ആ സമയത്ത് ലാന്‍ഡിങ്ങിന് മുമ്പുള്ള ലൈറ്റ് ഓണ്‍ ആയിരുന്നില്ല. ലൈറ്റ് ഓണ്‍ ആവാന്‍ പിന്നെയും 20 മിനിട്ടോ മറ്റോ ഉണ്ടാകും. ലാലേട്ടന്‍ എന്റെ തൊട്ടുമുമ്പിലാണ് ഇരിക്കുന്നത്. ഞാന്‍ അദ്ദേഹത്തെ നോക്കി.

നമുക്ക് ഫ്‌ളൈറ്റില്‍ ഒരു ഷീറ്റുണ്ടാകും. അതുപോലെ ചെറിയ ലെയറുള്ള മാട്രസും ഉണ്ടാകും. ഞാന്‍ കാണുന്നത് ലാലേട്ടന്‍ ആ ഷീറ്റ് എടുത്തിട്ട് അതിന്റെ ഒരറ്റം പിടിച്ച് മടക്കുകയാണ്. ആ സമയത്ത് എല്ലാവരും ഉറക്കമാണ്. അളവൊക്കെ നോക്കി കൃത്യമായിട്ടാണ് അദ്ദേഹം അത് മടക്കി വെക്കുന്നത്. രണ്ടും മടക്കിയിട്ട് ലാലേട്ടന്‍ അവിടേക്ക് കയറി വരുമ്പോള്‍ എങ്ങനെയാണോ ഉണ്ടായിരുന്നത്, അതുപോലെ തന്നെ എടുത്ത് വെച്ചു.

പിന്നെ അദ്ദേഹം നേരെ വാഷ്‌റൂമിലേക്ക് പോയി, ഫ്രഷായിട്ട് തിരിച്ചു വന്നു. ഞാന്‍ ഇത് മുഴുവനും കണ്ടിട്ട് ഇരിക്കുകയാണ്. ‘എന്റെ കുട്ടികള്‍ ഇങ്ങനെയാകുമോ? എനിക്ക് ഇങ്ങനെ ആകാന്‍ സാധിക്കുമോ’ എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. ഞാന്‍ ഇങ്ങനെ ചെയ്ത് കാണിച്ചാല്‍ മാത്രമല്ലേ അവരും അങ്ങനെ ചെയ്യുള്ളൂ,’ പ്രകാശ് വര്‍മ പറയുന്നു.


Content Highlight: Prakash Varma Talks About Mohanlal

We use cookies to give you the best possible experience. Learn more