വോഡഫോൺ സൂസൂ പരസ്യങ്ങളിലൂടെ ശ്രദ്ധ നേടിയ പ്രശസ്ത പരസ്യചിത്ര സംവിധായകനും നിർവാണ ഫിലിംസ് സഹസ്ഥാപകനുമാണ് പ്രകാശ് വർമ. മോഹൻലാലിനെ നായകനാക്കി ഒരുക്കിയ തുടരും എന്ന ചിത്രത്തിലെ സി.ഐ ജോർജ് എന്ന വില്ലൻ വേഷത്തിലൂടെ അഭിനേതാവായും അദ്ദേഹം ഏറെ പ്രശംസ പിടിച്ചുപറ്റി.
രഞ്ജിത്തിന്റെ സംവിധാനത്തിൽ ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ലോ ആൻഡ് ഓർഡർ എന്ന പുതിയ ചിത്രത്തിലൂടെ നായകവേഷത്തിലും പ്രകാശ് വർമ്മ എത്തുകയാണ്. സെപ്റ്റംബർ 4-ന് ചിത്രം തിയേറ്ററുകളിലെത്താനിരിക്കെ, തന്റെ ജീവിതവിശേഷങ്ങൾ പങ്കുവെക്കുകയാണ് അദ്ദേഹം. മീഡിയ വൺ ഷോ മാളിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രകാശ് വർമ.
പ്രകാശ് വർമ. Photo. Screen grab/ Youtube
സ്വന്തം ശക്തിയും ദൗർബല്യങ്ങളും തിരിച്ചറിയുന്നത് വളരെ പ്രധാനമാണെന്നാണ് പറയുകയാണ് പ്രകാശ് വർമ്മ. കുറവുകളെക്കുറിച്ച് ബോധ്യമുണ്ടെങ്കിലും, തന്റെ കഴിവുകൾ തിരിച്ചറിഞ്ഞുകൊണ്ടാണ് താൻ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഞാൻ എന്റെ മക്കളോട് എപ്പോഴും പറയുന്ന കാര്യമാണ് സ്വന്തം സ്ട്രെങ്ത്തും വീക്ക്നെസ്സും തിരിച്ചറിയുക എന്നത്. കാരണം വളരെ പെർഫെക്റ്റ് ആയിട്ടുള്ള മനുഷ്യന്മാരില്ല. ഞാൻ ഭയങ്കര യൂണീക്ക് ആയിട്ടുള്ള ഒരു ക്യാരക്ടറാണ്. കാരണം എന്നെ നോക്കി ചിരിക്കാനും ആളുകൾക്ക് മാറിനിന്ന് സംസാരിച്ച് ആസ്വദിക്കാനുമുള്ള ധാരാളം കാര്യങ്ങൾ എന്നിലുണ്ട്. പക്ഷേ എന്റെ സ്ട്രെങ്ത് എനിക്ക് അറിയാവുന്നത് കൊണ്ടാണ് ഞാൻ മുന്നോട്ട് പോകുന്നത്,’ പ്രകാശ് വർമ പറഞ്ഞു.
സ്വന്തം കഴിവുകൾ മറ്റുള്ളവരുടെ മുന്നിൽ തെളിയിക്കണമെന്ന തോന്നൽ എപ്പോഴും തനിക്കുണ്ടാകാറുണ്ടെന്നും പറയുകയാണ് അദ്ദേഹം. മികച്ച പ്രകടനത്തിലൂടെയാണ് മുന്നോട്ട് പോകാൻ കഴിയുന്നതെന്ന വിശ്വാസമാണ് അതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘എന്റെ സ്ട്രെങ്ത് എപ്പോഴും ആളുകളുടെ മുന്നിൽ പ്രൂവ് ചെയ്യാൻ ശ്രമിക്കാറുണ്ട്. അത് നല്ലൊരു സ്വഭാവമാണോ എന്ന് എനിക്കറിയില്ല. എന്റെ ഭാര്യ എപ്പോഴും ചോദിക്കും എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന്. പക്ഷേ എന്റെ സർവൈവൽ എന്റെ പെർഫോമൻസിന്റെ അടിസ്ഥാനത്തിലാണെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. കാരണം അങ്ങനെയല്ലെങ്കിൽ ഞാൻ പരിഹസിക്കപ്പെടും അല്ലെങ്കിൽ ചിരിക്കപ്പെടും എന്നൊരു തോന്നൽ ഉള്ളിൽ എപ്പോഴുമുണ്ട്,’ പ്രകാശ് വർമ പറഞ്ഞു.
പ്രകാശ് വർമ. Photo. Screen grab/ Youtube