| Tuesday, 9th September 2025, 4:33 pm

ജോര്‍ജ് സാറും ബെന്നിയും മാത്രമല്ല, ഇത്തവണ ബെന്‍സും പൊലീസാ, വരാന്‍ പോകുന്നത് കൊലകൊല്ലി ഐറ്റം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആദ്യചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടാന്‍ സാധിച്ച നടനാണ് പ്രകാശ് വര്‍മ. മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത് ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായ തുടരും എന്ന സിനിമയിലൂടെയാണ് പരസ്യചിത്ര സംവിധായകനായ പ്രകാശ് വര്‍മ അഭിനേതാവായി അരങ്ങേറിയത്.

കാണുന്ന പ്രേക്ഷകന് ഒരെണ്ണം പൊട്ടിക്കാന്‍ തോന്നുന്ന ജോര്‍ജ് എന്ന വില്ലനായി ഗംഭീര പ്രകടനമാണ് പ്രകാശ് വര്‍മ കാഴ്ചവെച്ചത്. ‘ഹലോ’ എന്ന വിളിയും ഡയലോഗ് ഡെലിവറിയും കൊണ്ട് പ്രകാശ് വര്‍മയുടെ ജോര്‍ജ് സാര്‍ തരംഗമായി മാറി. ഇപ്പോഴും പലര്‍ക്കും ഇദ്ദേഹം ജോര്‍ജ് സാര്‍ തന്നെയാണ്. ഇപ്പോഴിതാ അടുത്ത ചിത്രത്തിലും പൊലീസ് വേഷത്തില്‍ പ്രത്യക്ഷപ്പെടാന്‍ പോവുകയാണ് പ്രകാശ് വര്‍മ.

തുടരുമില്‍ പ്രകാശ് വര്‍മക്കൊപ്പം കട്ട വില്ലനിസം കാഴ്ചവെച്ച ബിനു പപ്പു ഇത്തവണയും പ്രകാശ് വര്‍മക്കൊപ്പമുണ്ട്. മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രത്തിലാണ് തുടരുമിലെ ട്രയോ ഒന്നിക്കുന്നത്. ചെറുതും വലുതുമായ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ഓസ്റ്റിന്‍ ഡാന്‍ ആദ്യമായി സംവിധായക കുപ്പായമണിയുന്ന ചിത്രത്തിലാണ് മൂവരും വീണ്ടും ഒരുമിക്കുന്നത്.

L 365 എന്ന് താത്കാലിക ടൈറ്റിലിട്ടിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പ്രകാശ് വര്‍മയും ബിനു പപ്പുവും പ്രധാനവേഷം കൈകാര്യം ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്ഷന്‍- കോമഡി- ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ഏറെക്കാലത്തിന് ശേഷം താടി പൂര്‍ണമായും വടിച്ചാകും ഈ സിനിമയില്‍ മോഹന്‍ലാല്‍ എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആഷിക് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ട് അടുത്തവര്‍ഷം ഫെബ്രുവരിയോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ രണ്ട് സിനിമകളുടെ ഷൂട്ടിലേക്കാണ് മോഹന്‍ലാല്‍ കടക്കാന്‍ പോകുന്നത്. ഇന്ത്യന്‍ സിനിമ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 3യും വിസ്മയ മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന തുടക്കം എന്ന ചിത്രത്തിലുമാണ് മോഹന്‍ലാല്‍ ഭാഗമാകുന്നത്.

2018 എന്ന ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ചിത്രത്തിനായി 30 ദിവസത്തെ ഡേറ്റാണ് മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്. അതിഥിവേഷം എന്നതിനെക്കാള്‍ കഥയില്‍ പ്രധാന്യമുള്ള വേഷത്തിലാണ് മോഹന്‍ലാല്‍ തുടക്കത്തില്‍ പ്രത്യക്ഷപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒക്ടോബറിലാണ് ദൃശ്യം 3യുടെ ഷൂട്ട് ആരംഭിക്കുക. ഒറ്റ ഷെഡ്യൂളില്‍ 60 ദിവസത്തെ ഷൂട്ട് കൊണ്ട് ചിത്രം പൂര്‍ത്തിയാക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്. മലയാളത്തിലെ സകലമാന കളക്ഷന്‍ റെക്കോഡുകളും തകര്‍ത്തെറിയാന്‍ കെല്പുള്ള പ്രൊജക്ടാണ് ദൃശ്യം 3യെന്ന് സിനിമാപ്രേമികള്‍ വിലയിരുത്തുന്നുണ്ട്. 2026 ഏപ്രിലില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് കരുതുന്നു.

Content Highlight: Prakash Varma and Binu Pappu act together with Mohanlal in upcoming movie directed by Austin Dan

We use cookies to give you the best possible experience. Learn more