| Monday, 31st August 2026, 7:27 pm

പരസ്യം ചെയ്യാന്‍ അഞ്ചുകോടി വരെ വാങ്ങിക്കും, എന്നുവെച്ച് ഇത്ര രൂപ തന്നാലേ അഭിനയിക്കുള്ളൂ എന്ന നിര്‍ബന്ധമില്ല, കാരണം... പ്രകാശ് വര്‍മ

അമര്‍നാഥ് എം.

ഇന്ത്യയിലെ പരസ്യ സംവിധായകര്‍ക്കിടയിലെ അതികായനാണ് പ്രകാശ് വര്‍മ. വര്‍ഷങ്ങളായി പരസ്യചിത്ര മേഖലയിലെ ബ്രാന്‍ഡായി മാറിയ പ്രകാശ് വര്‍മ അഭിനയരംഗത്തും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിജയമായ തുടരുമിലൂടെയാണ് പ്രകാശ് വര്‍മ സിനിമാലോകത്തേക്ക് കടന്നുവന്നത്.

മോഹന്‍ലാലിനൊപ്പം കട്ടക്ക് നില്‍ക്കുന്ന പെര്‍ഫോമന്‍സായിരുന്നു ആദ്യ സിനിമയില്‍ പ്രകാശ് വര്‍മ കാഴ്ചവെച്ചത്. ജോര്‍ജ് സാര്‍ എന്ന കഥാപാത്രം സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായി. പ്രകാശ് വര്‍മ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലോ ആന്‍ഡ് ഓര്‍ഡര്‍ റിലീസിന് തയാറെടുക്കുകയാണ്. അഭിനയത്തെക്കുറിച്ചും പരസ്യ സംവിധാനത്തെക്കുറിച്ചും സംസാരിക്കുകയാണ് പ്രകാശ് വര്‍മ.

ഒരു പരസ്യത്തിനായി അഞ്ച് കോടിയോളം പ്രതിഫലം വാങ്ങുന്ന പ്രകാശ് വര്‍മ സിനിമക്ക് വേണ്ടി എത്ര പ്രതിഫലം വാങ്ങുന്നു എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് അദ്ദേഹം. പരസ്യം സംവിധാനം ചെയ്യുക എന്നത് തന്റെ പ്രൊഫഷനാണെന്ന് പ്രകാശ് വര്‍മ പറയുന്നു. വര്‍ഷങ്ങളായി താന്‍ ഉണ്ടാക്കിയെടുത്ത ബ്രാന്‍ഡിന്റെ മൂല്യമാണ് തന്റെ പ്രതിഫലമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമ എന്ന് പറഞ്ഞാല്‍, ഞാനിപ്പോള്‍ പരസ്യമേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. അതിപ്പോള്‍ നിങ്ങള്‍ പറഞ്ഞ സംഖ്യ എത്രവേണമെങ്കിലും ആയിക്കോട്ടെ. നമ്മളിപ്പോള്‍ പ്രാഡ ബ്രാന്‍ഡിന്റെ ജാക്കറ്റോ ഫുള്‍ സ്യൂട്ടോ കാശുകൊടുത്ത് വാങ്ങാറില്ലേ? അത് എന്തുകൊണ്ടാണ്? കാരണം, അതിനൊരു ക്വാളിറ്റിയുണ്ട്. ഒരു കഥയുണ്ട്. അത്രയും വലിയ തുക നമ്മള്‍ നല്‍കുന്നത് ആ ബ്രാന്‍ഡിന്റെ ക്വാളിറ്റിക്കും ചരിത്രത്തിനും കൂടിയാണ്. അല്ലാതെ ആ തുണിക്ക് മാത്രമല്ല.

എന്റെ ജോലി ഞാന്‍ നന്നായി ചെയ്യുന്നുണ്ടെങ്കില്‍ അതിന് അര്‍ഹിക്കുന്ന പ്രതിഫലം നല്‍കിയേ മതിയാകൂ. അത് പരസ്യമേഖലയിലെ എന്റെ പ്രൊഫഷനാണ്. കഴിഞ്ഞ 30 വര്‍ഷത്തെ എന്റെ പ്രയത്‌നത്തിനും ചരിത്രത്തിനുമാണ് ആളുകള്‍ പണം നല്‍കേണ്ടത്. നിങ്ങള്‍ക്ക് അതിനുള്ള പണമില്ലെങ്കില്‍ എന്നെ വിളിക്കേണ്ടതില്ല. ഒരു നിശ്ചിത സമയം കഴിഞ്ഞ് നമ്മള്‍ സ്വയം എസ്റ്റാബ്ലിഷ് ചെയ്യേണ്ടതാണ്.

എന്റെ സമയത്തിനും ഞാന്‍ ചെയ്തുവെച്ച വര്‍ക്കുകളുടെ ചരിത്രത്തിനും ഒരു മൂല്യമുണ്ട്. അതിന്റെ പേരിലാണ് ഞാന്‍ പ്രതിഫലം ചോദിക്കുന്നത്. അതേസമയം അഭിനയത്തില്‍ ഞാനൊരു വിദ്യാര്‍ത്ഥിയാണ്. അവിടെ പുതിയൊരു കാര്യം പഠിക്കുകയാണ്. ഭാവിയില്‍ എപ്പോഴെങ്കിലും ഞാന്‍ കൂടുതല്‍ അധ്വാനിക്കുന്നുണ്ടെന്ന് തോന്നിയാല്‍ അപ്പോള്‍ പ്രതിഫലത്തെക്കുറിച്ച് ആലോചിക്കാം,’ പ്രകാശ് വര്‍മ പറയുന്നു.

Content Highlight: Prakash Varma about his remuneration in Advertisement and Cinema

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more