ന്യൂദല്‍ഹി: മണ്ഡലപുനര്‍നിര്‍ണയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രകാശ് രാജ്. തോല്‍ക്കുമെന്ന ഭയത്തിന്റെ പുറത്താണ് കേന്ദ്രം ഇത്തരമൊരു നീക്കവുമായി മുമ്പോട്ട് പോകുന്നതെന്നും എന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തെ അപകടത്തിലാക്കുന്ന ഇത്തരം നയങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലാണ് പ്രകാശ് രാജ് വിമര്‍ശനമുന്നയിച്ചത്.
രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങളെ അപകടത്തിലാക്കുന്ന ഇത്തരം പ്രവൃത്തികള്‍ ഒരിക്കലും അംഗീകരിക്കില്ലെന്നും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ അടക്കമുള്ളവരും ഈ നീക്കത്തെ എതിര്‍ത്തിരുന്നു. വനിതാ സംവരണ നിയമത്തെ മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധിപ്പിക്കുന്നത് 2029ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണെന്നായിരുന്നു കപില്‍ സിബലിന്റെ വിമര്‍ശനം.
മണ്ഡല പുനര്‍നിര്‍ണയം നടപ്പിലാക്കുന്നതിലൂടെ വടക്കന്‍ സംസ്ഥാനങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 16, 17, 18 തീയതികളില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചതിനെയും സിബല്‍ ചോദ്യം ചെയ്തു.
തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ തടസ്സപ്പെടുത്താനാണ് ഈ നീക്കമെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
മണ്ഡല പുനര്‍നിര്‍ണയ കമ്മീഷനെ ബി.ജെ.പി തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഉപയോഗിക്കും. ജമ്മു കശ്മീരിലും അസമിലും സംഭവിച്ചത് ഇതുതന്നെയാണ്. ബി.ജെ.പിക്ക് ഗുണകരമായ രീതിയില്‍ മണ്ഡലങ്ങള്‍ നിശ്ചയിക്കാന്‍ ഈ അധികാരം അവര്‍ ഉപയോഗിക്കുമെന്നും അദ്ദേഹം ആരോപിച്ചു.
Content Highlight: Prakash Raj slams center over delimitation