| Monday, 3rd November 2025, 6:13 pm

ഫയല്‍സുകളും പൈല്‍സുകളും മാത്രം പരിഗണിക്കപ്പെടുന്ന ദേശീയ അവാര്‍ഡ് മമ്മൂട്ടിയെപ്പോലൊരു നടനെ അര്‍ഹിക്കുന്നില്ല: പ്രകാശ് രാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്നെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ജൂറിയായി വിളിച്ചതിനെക്കുറിച്ച് സംസാരിച്ച് ചെയര്‍ പേഴ്‌സണ്‍ പ്രകാശ് രാജ്. പല അവാര്‍ഡുകളും വിവാദങ്ങളിലൂടെ കടന്നുപോകുന്ന കാലത്താണ് തന്നെ കേരള സര്‍ക്കാര്‍ ജൂറിയായി വിളിച്ചതെന്ന് പ്രകാശ് രാജ് പറഞ്ഞു. എന്തിനാണ് തന്നെ വിളിച്ചതെന്ന് ആലോചിച്ചപ്പോള്‍ അവര്‍ തന്നെ അതിനുള്ള മറുപടി നല്കിയെന്നും അദ്ദേഹം പറയുന്നു.

‘ദേശീയ അവാര്‍ഡ് പ്രഖ്യാപനങ്ങളെല്ലാം ഒരുവിഭാഗത്തെ മാത്രം തൃപ്തിപ്പെടുത്തുന്നതാണെന്ന് പറയാന്‍ എനിക്ക് യാതൊരു മടിയുമില്ല. കേരള ചലച്ചിത്ര പുരസ്‌കാരത്തിന്റെ ജൂറിയായി ഇവിടുത്തെ സര്‍ക്കാര്‍ എന്നെ വിളിച്ചപ്പോള്‍ ഞാന്‍ സന്തോഷിച്ചു. ഞങ്ങള്‍ ഇതില്‍ കൈകടത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിന് വേണ്ടിയാണ് പുറത്തു നിന്ന് ഒരാളെ വിളിക്കുന്നതെന്നും അവര്‍ പറഞ്ഞു.

എല്ലാ തീരുമാനങ്ങളും എടുക്കാന്‍ എനിക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും അവര്‍ ഉറപ്പ് തന്നിട്ടുണ്ട്. എന്നാല്‍ ഈയൊരു അവസ്ഥ ദേശീയ അവാര്‍ഡ് വേദിയില്‍ ഒരിക്കലും കാണാനാകില്ല. ഫയല്‍സിനും പൈല്‍സിനും അവാര്‍ഡ് കിട്ടുമ്പോള്‍ നമുക്ക് അത് കൃത്യമായി മനസിലാവുകയും ചെയ്യും. അത്തരത്തിലൊരു അവാര്‍ഡ് ജൂറിയോ കേന്ദ്ര ഗവണ്മെന്റോ ഒരിക്കലും മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ല,’ പ്രകാശ് രാജ് പറഞ്ഞു.

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ പ്രകടനമാണ് മമ്മൂട്ടിയെ മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. അവസാന റൗണ്ടില്‍ ആസിഫ് അലി, വിജയരാഘവന്‍, ടൊവിനോ തോമസ് എന്നിവരോട് മത്സരിച്ചാണ് കരിയറിലെ ഏഴാമത്തെ അവാര്‍ഡ് മമ്മൂട്ടി സ്വന്തം പേരിലാക്കി ചരിത്രം കുറിച്ചത്.

ഇപ്പോഴുള്ള യുവതാരങ്ങള്‍ക്ക് മമ്മൂട്ടി പ്രചോദനമാണെന്നും അദ്ദേഹം പറയുന്നു. അവാര്‍ഡിനായി പരിഗണിച്ച സിനിമകളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നെന്നും ചില പ്രകടനങ്ങള്‍ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു. 55ാമത് ചലച്ചിത്ര പുരസ്‌കാരത്തിന്റെ ജൂറിയായി പ്രകാശ് രാജിനെ തെരഞ്ഞെടുത്തത് വലിയ വാര്‍ത്തയായിരുന്നു.

Content Highlight: Prakash Raj saying National Award Jury didn’t deserve Mammootty

We use cookies to give you the best possible experience. Learn more