തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഗ്യാനേഷിന്റെ രാജി മാത്രമല്ല ആവശ്യപ്പെടുന്നതെന്ന് പ്രകാശ് രാജ്. ഇതില്‍ എസ്.ഐ.ആര്‍ ഇല്ലാതാക്കുക എന്നതാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഗ്യാനേഷിന്റെ രാജി മാത്രമല്ല വിഷയം. ഒരു ഗ്യാനേഷ് പോയാല്‍ മറ്റൊരു ഗ്യാനേഷ് വരും. എസ്.ഐ.ആര്‍ ഇല്ലാതാക്കുക എന്നതാണ് വേണ്ടത്. അത് ഒരു പ്രശ്‌നമുള്ള പ്രക്രിയയാണ്. 13 കോടി പേരെ പുറത്താക്കാന്‍ ആരാണ് അധികാരം നല്‍കിയത്.
നമ്മള്‍ നമ്പറുകളെ കുറിച്ചല്ല സംസാരിക്കുന്നത്. ഈ രാജ്യത്തെ വോട്ടര്‍മാരെ കുറിച്ചാണ് സംസാരിക്കുന്നത്. ഇവിടെ വോട്ട് ചെയ്തിരുന്ന പൗരന്‍മാരെക്കുറിച്ചാണ് സംസാരിക്കുന്നത്. 13 കോടിയിലധികം വോട്ടര്‍മാരെയാണ് ഈ രാജ്യത്തെ വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിയത്,’ പ്രകാശ് രാജ് പറഞ്ഞു.
കേന്ദ്രത്തിലെ സര്‍ക്കാര്‍ അവര്‍ക്ക് ഭൂരിപക്ഷം ലഭിച്ചതിനാല്‍ അല്ല ഭരിക്കുന്നത്. നിതീഷ് കുമാര്‍, ചന്ദ്രബാബു നായിഡു എന്നീ ഊന്നുവടികളിലാണ് അത് നില്‍ക്കുന്നത്. ബി.ജെ.പിക്ക് ജനവിധി ലഭിച്ചില്ല. അവര്‍ അധികാരം വാങ്ങുകയായിരുന്നു. അവര്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും പ്രകാശ് രാജ് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും രംഗ ബില്ലമാരാണെന്നും പ്രകാശ് രാജ് പറഞ്ഞു.
ജനങ്ങളെ വോട്ടുള്ളവരും ഇല്ലാത്തവരുമായി വിഭജിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. വോട്ടില്ലാത്തവര്‍ ബി.ജെ.പിക്ക് വേണ്ടാത്തവരാണ്. മുസ്‌ലിം, ക്രിസ്ത്യന്‍ മതവിഭാഗങ്ങളേയും ഇടത്, സ്വതന്ത്ര ചിന്താഗതിയുള്ളവരെയും വോട്ടര്‍ പട്ടികയില്‍ നിന്നും മുഴുവനായി ഒഴിവാക്കാനാണ് ബി.ജെ.പി ശ്രമം. രാജ്യത്തെയും ജനാധിപത്യത്തെയും ഇല്ലാതാക്കുന്ന ബി.ജെ.പി ശ്രമത്തിനെതിരെ ഓരോ പൗരനും പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നിയമ പരിരക്ഷ നല്‍കുന്ന നിയമ നിര്‍മാണത്തെയും പ്രകാശ് രാജ് വിമര്‍ശിച്ചു. 2023ല്‍ പ്രതിപക്ഷ എം.പിമാരെ അച്ചടക്ക നടപടി പറഞ്ഞ് പുറത്താക്കി കേന്ദ്രം പാസാക്കിയ ചില നിയമങ്ങളുണ്ട്. അതിലൊന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് നിയമ നടപടിയില്‍നിന്ന് സംരക്ഷണം നല്‍കുന്ന നിയമമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗ്യാനേഷ് ഈ കാലയളവില്‍ ചെയ്യുന്ന എന്ത് കാര്യത്തിനും റിട്ടയര്‍മെന്റിന് ശേഷം പോലും പൊലീസ് കേസോ നിയമ നടപടിയോ സ്വീകരിക്കാന്‍ പറ്റില്ല. ഇത് എങ്ങനെയാണ് ഒരു ജനാധിപത്യത്തില്‍ നടക്കുക. ഗ്യാനേഷ് കുമാര്‍ ഈ രംഗ ബില്ലമാരോട് പറഞ്ഞിരുന്നോ നിങ്ങള്‍ പറയുന്നതൊക്കൊ ചെയ്താന്‍ ഞാന്‍ കോടതിയിലോ ജയിലിലോ പോകുമെന്ന്. അപ്പോള്‍ രംഗ ബില്ലമാര്‍ വിഷമിക്കേണ്ട അതില്‍ നിന്ന് പ്രതിരോധിക്കാനുള്ള വഴിയുണ്ടാക്കം എന്ന് പറഞ്ഞോയെന്നും അദ്ദേഹം മോദിയെയും അമിത് ഷായെയും ഗ്യാനേഷിനെയും ലക്ഷ്യമിട്ട് പറഞ്ഞു.
നിയമപരമായി അംഗീകാരമുള്ള വോട്ടര്‍ പട്ടികയില്‍ ആറ് മാസത്തിനുള്ളില്‍ എസ്.ഐ.ആര്‍ ചെയ്യണമെന്ന തീരുമാനം ആരുടേതാണെന്ന് ചോദിച്ച് ആക്ടിവിസ്റ്റായ അഞ്ജലി ഭരദ്വാജ് ആര്‍.ടി.ഐ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇതിന് മറുപടി ലഭിച്ചില്ല. ആരാണ് എസ്.ഐ.ആര്‍ നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എത്രകാലം അമിത് ഷായ്ക്ക് കീഴില്‍ ഗ്യാനേഷ് കുമാര്‍ പ്രവര്‍ത്തിച്ചു. അയാള്‍ എങ്ങനെ നീതിപരമായി തെരഞ്ഞെടുപ്പ് നടത്തും. ഗ്യാനേഷ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയ ശേഷം എന്ത് സംഭവിച്ചെന്ന് പഠിക്കൂ. എത്ര പ്രാദേശിക പാര്‍ട്ടികള്‍ പിളര്‍ന്നു. എത്ര തവണയാണ് തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൈകിപ്പിച്ചത്. എത്ര എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കുമാണ് പാര്‍ട്ടി മാറുമ്പോള്‍ സമയം നല്‍കി നിയമ പരിരക്ഷ നല്‍കിയതെന്നും പ്രകാശ് രാജ് ചോദിച്ചു.
Content Highlight: Prakash Raj’s Press Conference on SIR issue and Gyanesh’s Resignation