| Monday, 19th October 2026, 10:29 pm

നാലെണ്ണം കൈവശം വെക്കാന്‍ ക്രെഡിറ്റ് കാര്‍ഡാണോ; തനിക്ക് നാല് വോട്ടര്‍ ഐഡിയുണ്ടെന്ന പ്രചാരണത്തിന് മറുപടിയുമായി പ്രകാശ് രാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തനിക്ക് നാല് വോട്ടര്‍ ഐഡി കാര്‍ഡുണ്ടെന്ന പ്രചാരണത്തിന് മറുപടിയുമായി പ്രകാശ് രാജ്. തന്റെ വോട്ടര്‍ ഐഡിയുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്ന സമയത്ത് തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ കാര്യങ്ങള്‍ വ്യക്തമാക്കിയതാണെന്നും നാല് വോട്ടര്‍ ഐഡിയുണ്ടെന്നത് വ്യാജ വാര്‍ത്തയാണെന്നും പ്രകാശ് രാജ് പറഞ്ഞു.

നാലെണ്ണം കൈവശം വെക്കാന്‍ ഇതെന്താ ക്രെഡിറ്റ് കാര്‍ഡ് ആണോ എന്നും അദ്ദേഹം ചോദിച്ചു. മീഡിയ വണ്ണുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്.

2018ല്‍ താന്‍ തെരഞ്ഞെടുപ്പില്‍ നില്‍ക്കുമ്പോഴാണ് തനിക്ക് നാല് വോട്ടര്‍ ഐ.ഡികള്‍ ഉണ്ടെന്ന പ്രചാരണം വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റിയില്‍ വന്നതെന്ന് പ്രകാശ് രാജ് പറഞ്ഞു. അപ്പോള്‍, താന്‍ പറഞ്ഞത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നോട് ചോദിക്കട്ടെ എന്നാണ്. 2019-ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ വിളിച്ചിരുന്നു. ‘നിങ്ങള്‍ക്ക് നാല് സ്ഥലങ്ങളില്‍ വോട്ടുള്ളതിനാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല,’ എന്ന് അന്ന് അവര്‍ പറഞ്ഞുവെന്നും പ്രകാശ് രാജ് പറഞ്ഞു.

താന്‍ 20 വര്‍ഷം തമിഴ്നാട്ടിലായിരുന്നെന്നും അവിടെ ഒരു സ്ഥലത്ത് വോട്ട് ഉണ്ടായിരുന്നെന്നും അത് ഒഴിവാക്കാന്‍ ഞാന്‍ ഫോം ഏഴ് സമര്‍പ്പിച്ചിരുന്നെന്നും അന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഫോം ഏഴ് സമര്‍പിച്ചതിന്റെ രേഖ കൈയിലുണ്ട്. അതിന് ശേഷമാണ് തനിക്ക് ബെംഗളൂരുവില്‍ വോട്ട് ലഭിച്ചത്. ബാക്കി തനിക്കെതിരെ ഉയരുന്നതെല്ലാം വ്യാജ ആരോപണമാണെന്നും അത് അന്വേഷിക്കൂ എന്നും അന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് വ്യക്തമാക്കിയിരുന്നെന്നും പ്രകാശ് രാജ് പറഞ്ഞു.

അവര്‍ അന്വേഷണം നടത്തി, അവയെല്ലാം വ്യാജമാണെന്ന് കണ്ടെത്തി. തുടര്‍ന്ന്, ഇപ്പോള്‍ നിങ്ങള്‍ക്ക് മത്സരിക്കാമെന്ന് അവര്‍ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ആരോ തന്റെ പേരില്‍ ഒരു സ്വകാര്യ പരാതി നല്‍കി. മാധ്യമങ്ങളില്‍ ചിലര്‍ ഇത് വീണ്ടും വാര്‍ത്തയാക്കിയെന്നും പ്രകാശ് രാജ് അഭിമുഖത്തില്‍ പറഞ്ഞു.

‘ ഞാന്‍ എന്റെ അഭിഭാഷകനെ വിളിച്ചു. സുപ്രീം കോടതിയിലെ ഒരു മികച്ച അഭിഭാഷകനാണ് അദ്ദേഹം. സമന്‍സ് എവിടെയാണ് അയച്ചതെന്നും ഏത് വിലാസത്തിലേക്കാണ് അയച്ചതെന്നും പരിശോധിക്കാന്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. പരിശോധിച്ചപ്പോള്‍, അത് തെറ്റായ വിലാസത്തിലേക്കാണ് അയച്ചിരുന്നതെന്ന് മനസ്സിലായി.

ഞാന്‍ കോടതിയില്‍ നേരിട്ട് പോയി. എന്റെ സത്യവാങ്മൂലത്തില്‍ എന്റെ ചെന്നൈയിലെയും ഹൈദരാബാദിലെയും വിലാസങ്ങളും, എന്റെ ഫോണ്‍ നമ്പറും ഇമെയില്‍ വിലാസവും കൃത്യമായി നല്‍കിയിട്ടുണ്ട്. പിന്നെ എന്തിനാണ് തെറ്റായ വിലാസത്തിലേക്ക് സമന്‍സ് അയച്ചത്?,’ പ്രകാശ് രാജ് ചോദിച്ചു.

പിന്നീട് താന്‍ ഹൈക്കോടതിയെ സമീപിച്ചു. കൂടാതെ, തിരഞ്ഞെടുപ്പ് കമ്മീഷനില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കി. ഞാന്‍ പരാതി നല്‍കി കാര്യങ്ങള്‍ ശരിയാക്കിയ ശേഷം എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു. തുടര്‍ന്ന്, പ്രകാശ് രാജിന് ബാംഗ്ലൂരിലല്ലാതെ മറ്റൊരിടത്തും വോട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തമിഴ്നാട്ടിലെയും തെലങ്കാനയിലെയും തെരഞ്ഞെടുപ്പ് കമ്മീഷനുകളെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

എന്തെങ്കിലും തെറ്റായ കാര്യമുണ്ടായിരുന്നെങ്കില്‍ 2019-ല്‍ അത് നീക്കം ചെയ്യേണ്ടതായിരുന്നു. ഇപ്പോള്‍ ഹൈക്കോടതി കേസ് കൊടുത്ത ആളെ വിളിപ്പിക്കുന്നുണ്ട്. എന്നാല്‍ മാധ്യമങ്ങള്‍ ഇന്നും അതിനെക്കുറിച്ച് എഴുതുന്നില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.

‘ മാത്രമല്ല, അവര്‍ എന്റെ വോട്ടും നീക്കം ചെയ്തിരിക്കുന്നു. അവര്‍ ഇപ്പോള്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ഇത് സത്യമാണെങ്കില്‍ ഞാന്‍ ജയിലിലായിരിക്കേണ്ടതല്ലേ?, അദ്ദേഹം ചോദിച്ചു.

പ്രകാശ് രാജ് നാല് തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നു എന്നോ, അതോ താന്‍ 10,000 രൂപ വാങ്ങി നാല് സംസ്ഥാനങ്ങളില്‍ പോയി വോട്ട് ചെയ്തു എന്നോ ഒക്കെ പറയുന്നത് എത്രത്തോളം യുക്തിസഹമാണ്. കുറച്ചെങ്കിലും സാമാന്യബോധം വേണ്ടേയെന്നും പ്രകാശ് രാജ് ചോദിച്ചു.

Content Highlight: Prakash Raj Response on Allegations of Multiple Voter ID

We use cookies to give you the best possible experience. Learn more