കാലടി: കാലടി സംസ്കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി നടനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രകാശ് രാജ്. വിദ്യാര്‍ഥികള്‍ ചെയ്ത കുറ്റമെന്താണെന്ന് ചോദിച്ച പ്രകാശ് രാജ് എല്ലാവരും മോദിയെയും കേന്ദ്രസര്‍ക്കാരിനെയും പോലെ പെരുമാറുന്നത് തുടരുമെന്ന് ചോദിച്ചു.
അഭിജീത് ദീപ്കെ സമരവേദിയില്‍ എത്തേണ്ടതായിരുന്നുവെന്നും അതിന് സാധിച്ചില്ലെന്നും പറഞ്ഞുകൊണ്ടാണ് പ്രകാശ് രാജ് തന്റെ പ്രസംഗം ആരംഭിച്ചത്.
സര്‍വകലാശാലയും സംസ്ഥാന വിദ്യാഭ്യാസമന്ത്രിയും എന്തുകൊണ്ടാണ് ഏകാധിപത്യപരമായ രീതിയില്‍ പെരുമാറുന്നതെന്ന് പ്രകാശ് രാജ് ചോദിച്ചു. പ്രതിഷേധിക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്ന യുവാക്കളെ തടയാന്‍ കേന്ദ്രസര്‍ക്കാരിനെപ്പോലെ പെരുമാറുന്നത് എത്ര കാലം തുടരുമെന്ന് അദ്ദേഹം ചോദിച്ചു.
ഈ വിദ്യാര്‍ഥികള്‍ എന്താണ് ചെയ്തത്? സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉന്നയിച്ചു. അവര്‍ നാടകവിഭാഗത്തില്‍ നിന്നുള്ളവരാണ്. അതുകൊണ്ട് നാടകം അവതരിപ്പിച്ചു. ഈ രാജ്യത്ത് നാടകം അവതരിപ്പിക്കുന്നത് ഒരു കുറ്റമാണോ?’ പ്രകാശ് രാജ് ചോദിച്ചു.
മാപ്പെഴുതിക്കൊടുക്കുന്ന സവര്‍ക്കറുടെ തലമുറയല്ല ഇന്നത്തേതെന്ന് സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. അക്രമത്തിന്റെ വഴിയിലല്ല ഇന്നത്തെ തലമുറയെന്നും ഗാന്ധിജി പഠിപ്പിച്ച ശക്തിയുപയോഗിച്ചാണ് ഈ തലമുറ പ്രതിഷേധിക്കുന്നതെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.
‘അംബേദ്കര്‍ നല്കിയ അവകാശമുപയോഗിച്ചാണ് അവര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത്. ഇവിടെ മനുസ്മൃതിയല്ല, ഭരണഘടനയാണ് നിലനില്‍ക്കുന്നത്. അവരുടെ ഹൃദയങ്ങളില്‍ ഭഗത് സിങ്ങുണ്ട്. അവര്‍ക്ക് വ്യക്തമായ പ്രതിബദ്ധതയുണ്ട്,’ അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ആഭ്യന്തരമന്ത്രിയോടും വിദ്യാഭ്യാസമന്ത്രിയോടും ഉത്തരവാദിത്തത്തോടെ പെരുമാറാന്‍ പ്രകാശ് രാജ് അഭ്യര്‍ത്ഥിച്ചു. വിദ്യാര്‍ഥികള്‍ എങ്ങനെയാണ് പ്രതിഷേധിക്കുന്നത് എന്നതിന് പകരം എന്തിനാണ് പ്രതിഷേധിക്കുന്നത് എന്ന് അറിയാന്‍ ശ്രമിക്കാന്‍ അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകാന്‍ വിദ്യാര്‍ഥികളോട് സംസാരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘വിഷയം കോടതിയിലെത്തിയപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാമെന്ന് കോടതി പറഞ്ഞതാണ്. എന്നിട്ടും പരീക്ഷയെഴുതാനുള്ള യോഗ്യതയില്ലെന്ന് പറഞ്ഞ് അവരെ തടയാന്‍ നിയമത്തെ ദുരുപയോഗം ചെയ്യാന്‍ സര്‍വകലാശാലയ്ക്ക് എങ്ങനെ ധൈര്യം വന്നു?,’ പ്രകാശ് രാജ് ചോദിച്ചു.
പ്രതിഷേധക്കാര്‍ക്ക് മോദി സര്‍ക്കാര്‍ സമാധാന ബോണ്ടുകള്‍ ഒപ്പിടാന്‍ നല്കിയതുപോലെയുള്ള നടപടിയാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം രാജ്യം കാണുന്നുണ്ടെന്നും സര്‍ക്കാര്‍ ഉത്തരവാദിത്തത്തോടെ പെരുമാറേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘വിദ്യാര്‍ഥികള്‍ക്കൊപ്പം നിന്ന് അവര്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം നല്‍കണം. സംഭവത്തില്‍ അന്വേഷണം നടത്തുകയും വേണം. വൈസ് ചാന്‍സലറുടെ കൂടെ മാത്രമാണ് നിങ്ങള്‍ നില്‍ക്കുന്നത്. വിദ്യാര്‍ഥികള്‍ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് എന്ത് തെളിവാണുള്ളത്?,’ അദ്ദേഹം ചോദിച്ചു.
തന്നെ ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും സ്ത്രീകളുടെ മാന്യതയെ ചോദ്യം ചെയ്തുവെന്നുമൊക്കെയുള്ള ആരോപണങ്ങള്‍ വിദ്യാര്‍ഥികള്‍ക്കെതിരെ വി.സി എന്തിനാണ് ഉന്നയിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
‘ഇതെല്ലാം നാടകീയമായ ആരോപണങ്ങളാണ്. അവര്‍ നാടകവിദ്യാര്ഥികളാണ്, നാടകം അവതരിപ്പിക്കട്ടെ. എന്തിനാണ് നിങ്ങള്‍ നാടകം കളിക്കുന്നത്? അവരുടെ ഭാവി എഴുതാനുള്ള തിരക്കഥ അവര്‍ തന്നെ തയ്യാറാക്കട്ടെ,’ അദ്ദേഹം പറഞ്ഞു
പ്രശ്നം തുടര്‍ന്നാല്‍ താനും വിദ്യാര്‍ഥികള്‍ക്കൊപ്പം വന്നിരുന്ന് സമരം ചെയ്യുമെന്നും അതിന് തനിക്ക് ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം പറഞ്ഞു. താനും സി.ജെ.പിയും രാജ്യത്തെ യുവജനസംഘടനകളും വിദ്യാര്‍ഥികള്‍ക്കൊപ്പം നീതിയുടെ പക്ഷത്താണെന്നും ഏകാധിപത്യത്തിന്റെ പക്ഷത്തല്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.]
Content Highlight: Prakash Raj extends support to the protest in Kalady asking why is everyone trying to be like Modi