| Thursday, 8th October 2026, 5:54 pm

ബി.ജെ.പിക്കാരോടാണ്; ഇതാ, വോട്ട് ചോരി നടന്നതിന് മൂന്ന് തെളിവുകള്‍: മോദിയും ഷായും ഗ്യാനേഷും മറുപടി പറയൂ: ധ്രുവ് റാഠി

ദേവിക ജയചന്ദ്രന്‍

ബെംഗളൂരു: വോട്ട് ചോരി നടന്നെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ഇനിയും വിശ്വാസം വന്നിട്ടില്ലെങ്കില്‍ മൂന്ന് തെളിവുകള്‍ താന്‍ തരാമെന്ന് യൂട്യൂബര്‍ ധ്രുവ് റാഠി. എസ്.ഐ.ആറിനും ഗ്യാനേഷ് കുമാറിനുമെതിരെ ബെംഗളൂരു ഫ്രീഡം പാര്‍ക്കില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു റാഠി.

നടനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രകാശ് രാജിന്റെ നേതൃത്വത്തില്‍ എസ്.ഐ.ആറിനെതിരെ നടത്തുന്ന ജനകീയ ട്രൈബ്യൂണല്‍  എന്ന നിലയിലാണ് ബെംഗളൂരുവിലെ പ്രതിഷേധം സംഘടിപ്പിച്ചത്. ധ്രുവ് റാഠിയെ കൂടാതെ അഭിജീത് ദീപ്‌കെ അയിഷെ ഘോഷ്, സൗരവ് ദാസ് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.

ഇവിടെ വോട്ട് ചോരി നടന്നെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വിശ്വാസം വന്നിട്ടില്ലെന്നും അവര്‍ക്ക് മുന്നില്‍ മൂന്ന് തെളിവുകള്‍ വെക്കാന്‍ ആഗ്രഹിക്കുകയാണെന്നും ധ്രുവ് റാഠി പറഞ്ഞു. അതിന് ഗ്യാനേഷ് കുമാറോ നരേന്ദ്ര മോദിയോ അമിത് ഷായോ മറുപടി നല്‍കണമെന്നും റാഠി കൂട്ടിച്ചേര്‍ത്തു.

‘പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പിന് മുമ്പ് എസ്.ഐ.ആറിനും മുമ്പ് 70,000ലധികം പേരെ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ അവരെ തിരികെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തു.

തെരഞ്ഞെടുപ്പിന് മുന്‍പും പിന്‍പും അവര്‍ വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നു. വോട്ടിങ് സമയത്ത് മാത്രം വോട്ടര്‍ പട്ടികയില്‍ ഇല്ലായിരുന്നു. മരണപ്പെട്ടവരോ രണ്ടുവട്ടം പേരുള്ളവരോ ആയിരുന്നെങ്കില്‍ എങ്ങനെ അവര്‍ തിരികെ വോട്ടര്‍ പട്ടികയിലെത്തി’, ധ്രുവ് റാഠി ചോദിച്ചു.

ബീഹാറില്‍ 65 ലക്ഷം വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍  നിന്നും ഒഴിവാക്കിയെന്നും ഇവരുടെ പേരുവിവരങ്ങള്‍ ഗ്യാനേഷ് കുമാര്‍ ഒളിപ്പിച്ചുവെച്ചുവെന്നും ധ്രുവ് റാഠി പറഞ്ഞു. സുപ്രീം കോടതി ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് അവരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടതെന്നും ചോദിക്കുമ്പോഴല്ലാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒന്നും പറയില്ലെന്നും റാഠി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സുതാര്യത പൂജ്യമാണെന്ന് റാഠി കൂട്ടിച്ചേര്‍ത്തു.

‘മൂന്നാമത്തെ കാര്യം, കുറച്ചുദിവസം മുമ്പ് ഇതിന്റെ നേര്‍വിപരീതം ഉത്തര്‍പ്രദേശില്‍ നടന്നു. 14 ലക്ഷം പേരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തെന്ന് റിപ്പോര്‍ട്ടേഴ്‌സ് കളക്ടിവിന്റെ വാര്‍ത്ത വന്നു. പെട്ടെന്ന് എവിടെനിന്നോ അവര്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ ആരാണെന്ന് അറിയില്ല’, ധ്രുവ് റാഠി പറഞ്ഞു.

ഗോവയില്‍ സോഫ്റ്റ് വെയറില്‍ പേര് ചേര്‍ക്കാന്‍ മാര്‍ഗമില്ലാത്തത് കൊണ്ട് കുറച്ച് പേര്‍ക്ക് പേര് ചേര്‍ക്കാന്‍ സാധിച്ചില്ലെന്നും സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുകയാണെന്നും റാഠി പറഞ്ഞു.

‘പേര് ചേര്‍ക്കേണ്ടവരെ അതിന് സമ്മതിക്കുന്നില്ല, സ്വന്തം ഇഷ്ടപ്രകാരം പേര് ചേര്‍ക്കുന്നു, പേര് വെട്ടുന്നു’, റാഠി പറഞ്ഞു.

പ്രകാശ് രാജിന്റെ നേതൃത്വത്തില്‍ കര്‍ണാടക സിവില്‍ സൊസൈറ്റി താഴെത്തട്ടില്‍ നിന്നുള്ള തെളിവുകള്‍ ശേഖരിക്കുകയാണെന്നും കഴിഞ്ഞ പത്ത് ദിവസമായി ജില്ലകള്‍ തോറും നടന്ന് വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെട്ടവരുടെ പേരുകള്‍ ശേഖരിച്ചുനെന്നും റാഠി പറഞ്ഞു.

‘അതുകൊണ്ടാണ് നമ്മള്‍ പറയുന്നത് ‘വോട്ട് ചോര്‍ ഗദ്ദി ഛോട്’ (വോട്ട് കള്ളന്‍ അധികാരക്കസേര ഒഴിയുക). ഗ്യാനേഷ് കുമാര്‍ രാജി വെച്ചേ തീരു. ഇത് ഒരു പാര്‍ട്ടിയില്‍ നിന്നും പറയുന്നതല്ല, ഒരു പൗരന്‍ എന്ന നിലയില്‍ നിങ്ങളുടെ അവകാശമാണ് വോട്ട്’, റാഠി പറഞ്ഞു.

വോട്ട് ചോരിയെ പ്രതിഷേധിക്കുന്നവരെക്കാള്‍ വലിയ ദേശസ്‌നേഹികള്‍ ആരും ഇല്ലെന്നും ഗ്യാനേഷിനെ രക്ഷിക്കുന്നവരെക്കാള്‍ വലിയ രാജ്യദ്രോഹികള്‍ മറ്റാരുമില്ലെന്നും റാഠി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും തെരഞ്ഞെടുപ്പ് കമ്മീഷനും ജനാധിപത്യത്തെ കൊലപ്പെടുത്തുകയും വോട്ട് മോഷ്ടിക്കുകയും ചെയ്യുകയാണെന്ന് സി.ജെ.പി നേതാവ് അഭിജീത് ദീപ്‌കെ പറഞ്ഞു. എസ്.ഐ.ആറിന്റെ പേരില്‍ ബി.ജെ.പിയെ എതിര്‍ക്കുന്നവരെ വോട്ടവകാശത്തില്‍ നിന്നും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് വോട്ടര്‍പട്ടികയില്‍ നിന്നും വോട്ടര്‍മാരെ നീക്കം ചെയ്യുന്നതെന്നും ദീപ്‌കെ പറഞ്ഞു.

‘ഞങ്ങള്‍ തെരുവിലിറങ്ങും, ജനാധിപത്യം വീണ്ടെടുക്കും. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവെക്കുന്നത് വരെ ഞങ്ങള്‍ പ്രതിഷേധം തുടരും’, ദീപ്‌കെ പറഞ്ഞു.

ഇത് വലിയ ഒരു പ്രസ്ഥാനത്തിന്റെ തുടക്കം മാത്രമാണന്ന് പ്രകാശ് രാജ് പറഞ്ഞു. എസ്.ഐ.ആര്‍ റദ്ദാക്കണമെന്നും ഗ്യാനേഷ് കുമാര്‍ രാജി വെക്കണമെന്നും ചെയ്ത കുറ്റത്തിന് അന്വേഷണം പ്രഖ്യാപിച്ച് ഗ്യാനേഷ് കുമാറിനെ ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുന്ന ജൂഡിഷ്യല്‍ പരിരക്ഷ റദ്ദാക്കണം. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തെരഞ്ഞെടുക്കുന്ന പാനലിനെ അസാധുവാക്കണം. ഗ്യാനേഷ് കുമാറിനോട് ഇതെല്ലാം ചെയ്യാനാവശ്യപ്പെട്ടവരോട്, അമിത് ഷായും മോദിയും സര്‍ക്കാരും താഴെയിറങ്ങുന്നത് വരെ നമ്മള്‍ അടങ്ങില്ല’, പ്രകാശ് രാജ് പറഞ്ഞു.

നമ്മളുടെ ജനാധിപത്യവും ഭരണഘടനയും നമ്മളുടെ സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും ഓരോ ഇന്ത്യന്‍ പൗരന്റെയും നഷ്ടപ്പെട്ട അഭിമാനം വീണ്ടടുക്കുന്നത് വരെ പോരാട്ടം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഗാന്ധിയെ ഹൃദയത്തിലും അംബേദ്കറുടെ ഭരണഘടന കയ്യിലേന്തിയും നമ്മള്‍ സമാധാനപരമായി പോരാടും’, പ്രകാശ് രാജ് പറഞ്ഞു.

Error 404- name not found(പേര് കണ്ടെത്താനായില്ല), it’s done bro, ‘മായ്ച്ചുകളയാതെ ഞങ്ങളെ കേള്‍ക്കൂ’ തുടങ്ങിയ മുദ്രാവാക്യങ്ങളടങ്ങിയ പോസ്റ്ററുകളുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്.

Content Highlight: Prakash Raj, Dhruv Rathee and Abhijeet Deepke lead Bengaluru CJP protest, demand scrapping of SIR, CEC’s resignation.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more