| Saturday, 21st March 2026, 12:32 pm

കടപ്പാടിന്റെ ലക്ഷണങ്ങള്‍ സൗത്ത് ഇന്ത്യയിലേക്കും വ്യാപിക്കുന്നു; ധുരന്ധറിനെ പ്രശംസിച്ച സൂപ്പര്‍ താരങ്ങള്‍ക്കെതിരെ പ്രകാശ് രാജ്

ഐറിന്‍ മരിയ ആന്റണി

ആദിത്യ ധറിന്റെ സംവിധാനത്തില്‍ വലിയ ഹൈപ്പുകളൊന്നുമില്ലാതെ വന്ന് ചരിത്ര വിജയം നേടിയ ചിത്രമായിരുന്നു ധുരന്ധര്‍. രണ്‍വീര്‍ സിങ് നായകനായെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ 1000 കോടിയിലേറെ കളക്ഷന്‍ സ്വന്തമാക്കിയിരുന്നു.

ചിത്രത്തിന്റെ രണ്ടാം ഭാഗം ( ധുരന്ധര്‍ ദി റിവഞ്ച്) ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ബോക്സ് ഓഫീസിലെ റെക്കോഡുകള്‍ തകര്‍ത്തുവാരുമ്പോഴും സിനിമയിലെ പ്രൊപ്പഗണ്ട വിമര്‍ശനങ്ങളേറ്റ് വാങ്ങുന്നുണ്ട്.

ആദ്യഭാഗത്തില്‍ ഒളിച്ചുകടത്തിയ പ്രൊപ്പഗണ്ടക്ക് ചെറിയ രീതിയില്‍ വിമര്‍ശനങ്ങള്‍ കേട്ടപ്പോള്‍ രണ്ടാം ഭാഗത്തില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് സംവിധായകന് നേരെ ഉയരുന്നത്. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് നടന്‍ പ്രകാശ് രാജ് എക്‌സില്‍ പങ്ക് വെച്ച പോസ്റ്റാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചയില്‍ നിറയുന്നത്.

ചിത്രത്തെ പ്രശംസിച്ച തെലുങ്ക് സൂപ്പര്‍ താരങ്ങളായ അല്ലു അര്‍ജുന്‍, രാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ക്കെതിരെ വിമര്‍ശനവുമായാണ് പ്രകാശ് രാജ് പോസ്റ്റ് പങ്കുവെച്ചത്. പ്രൊപ്പഗണ്ട സിനിമയാണെന്ന ആരോപണം നിലനില്‍ക്കെ സൗത്ത് ഇന്ത്യന്‍ താരങ്ങള്‍ സിനിമയെ പ്രശംസിക്കുന്നത് ബാധ്യതയുടെ പുറത്താണെന്ന് അദ്ദേഹം വിമര്‍ശിച്ചു.

രണ്ട് പോസ്റ്റുകളാണ് പ്രകാശ് രാജ് എക്‌സിലൂടെ പങ്കുവെച്ചത്. ഇതില്‍ ആദ്യത്തേത് ‘ ഹം ദോനോ’ എന്ന സിനിമയിലെ ‘അഭിന ജാവോ ചോഡ് കര്‍’ എന്ന ഗാനം കേള്‍ക്കുന്ന വീഡിയോയാണ്. ധുരന്ധറില്‍ നിന്നും അകന്നു നില്‍ക്കുന്നു’ എന്ന അടികുറിപ്പോടെയാണ് പ്രകാശ് രാജ് ഈ പോസ്റ്റ് പങ്കുവെച്ചത്. മറ്റൊരു പോസ്റ്റില്‍ ‘കടപ്പാടുകളുടെ ലക്ഷണങ്ങള്‍   സൗത്ത് ഇന്ത്യയിലേക്കും  വ്യാപിക്കുന്നു’ എന്ന അടികുറിപ്പാണ് പങ്കുവെച്ചത്.

അല്ലു അര്‍ജുന്‍ ഉള്‍പ്പടെ നിരവധി സൗത്ത് ഇന്ത്യന്‍ താരങ്ങള്‍ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഒരോ ഇന്ത്യക്കാരനും അഭിമാനിക്കാനാവുന്ന നിമിഷങ്ങള്‍ സിനിമയിലുണ്ടെന്നും ടെക്‌നിക്കലി സിനിമ ഒരുപാട് മികച്ചതാണെന്നുമാണ് അല്ലു അര്‍ജുന്‍ പറഞ്ഞത്. രണ്‍വീര്‍ സിങ്ങിന്റെ അഭിനയം മാസ്റ്റര്‍ ക്ലാസാണെന്നാണ് ജൂനിയര്‍ എന്‍.ടി ആര്‍ പറഞ്ഞത്. മഹേഷ് ബാബു, വിജയ് ദേവരകൊണ്ട എന്നിവരും സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

രണ്‍വീര്‍ സിങ്ങിന് പുറമെ സഞ്ജയ് ദത്ത്, മാധവന്‍, രാഘേഷ് ബേദി. സാറാ അര്‍ജുന്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. മികച്ച പ്രതികരണം ലഭിച്ച ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് അനുയോജ്യമായി ഒരു ചിത്രം നിര്‍മിക്കുന്നതിന് പകരം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ താത്പര്യങ്ങളെ പോഷിപ്പിക്കാന്‍ വേണ്ടി ധുരന്ധര്‍ 2 വളച്ചൊടിച്ചതിനെതിരെ വലിയ ട്രോളുകളാണ് ആദിത്യ ധറിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

Content Highlight: Prakash Raj criticizes South Indian Actors  for praising Dhurandhar

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more