| Monday, 9th February 2026, 5:30 pm

ഷൂട്ട് പോലും തുടങ്ങാത്ത സിനിമയില്‍ നിന്ന് ഞാന്‍ പിന്മാറിയെന്ന് പറഞ്ഞവര്‍ സ്വന്തം കാര്യം നോക്കി ജീവിക്കൂ: വ്യാജവാര്‍ത്തക്കെതിരെ പ്രകാശ് രാജ്

അമര്‍നാഥ് എം.

സിനിമകളെ സംബന്ധിച്ച് പല വ്യാജവാര്‍ത്തകളും പ്രചരിക്കുന്ന കാലമാണിത്. സത്യമാണോ കള്ളമാണോ എന്ന് തിരിച്ചറിയാനാകാത്തവിധമാണ് പല വാര്‍ത്തകളും. അത്തരത്തിലൊരു വാര്‍ത്തയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഒരുപാട് നേരം പ്രചരിച്ചത്. ഇന്ത്യന്‍ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്പിരിറ്റിനെക്കുറിച്ചായിരുന്നു വാര്‍ത്ത.

ചിത്രത്തില്‍ നിന്ന് പ്രകാശ് രാജ് പിന്മാറിയെന്ന് പല സിനിമാപേജുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംവിധായകന്‍ സന്ദീപ് വാങ്ക റെഡ്ഡിയുമായി ഉണ്ടായ അഭിപ്രായവ്യത്യാസം കാരണമാണ് പ്രകാശ് രാജ് പിന്മാറിയതെന്നാണ് പല റിപ്പോര്‍ട്ടിലും കുറിച്ചത്. പ്രകാശ് രാജിനെ സന്ദീപ് വാങ്ക പുറത്താക്കി എന്നും ചിലര്‍ പറഞ്ഞുപരത്തി.

ഇപ്പോഴിതാ അത്തരം വാര്‍ത്തകളോട് പ്രതികരിക്കുകയാണ് പ്രകാശ് രാജ്. ചിത്രത്തിലെ തന്റെ രംഗങ്ങള്‍ ഇനിയും ഷൂട്ട് ചെയ്ത് തുടങ്ങിയിട്ടില്ലെന്നും അത്തരമൊരു അവസ്ഥയില്‍ തന്നെ എങ്ങനെ പുറത്താക്കുമെന്നാണ് താരം ചോദിക്കുന്നത്. വാട്‌സാപ്പിലെ നുണഫാക്ടറികളില്‍ ഉണ്ടാക്കുന്ന ഇത്തരം കഥകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വന്തം കാര്യം നോക്കി ജീവിക്കാന്‍ പറഞ്ഞുകൊണ്ടാണ് പ്രകാശ് രാജ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പ്രകാശ് രാജിനെ പുറത്താക്കിയതില്‍ ചിലര്‍ സന്ദീപ് വാങ്കയെ വരെ അഭിനന്ദിച്ച് പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു. മുമ്പ് ചിത്രത്തില്‍ നായികയായിരുന്ന ദീപിക പദുകോണും ചിത്രത്തില്‍ നിന്ന് പിന്മാറിയിരുന്നു. പ്രതിഫലവും ജോലിസമയവും തമ്മിലുള്ള തര്‍ക്കം കാരണമാണ് ദീപിക സ്പിരിറ്റില്‍ നിന്ന് പിന്മാറിയത്. ദീപികക്ക് പകരം തൃപ്തി ദിമ്രിയാണ് പുതിയ നായിക.

പ്രകാശ് രാജ് Photo: Screen grab/ Babu Ramachandran

ചിത്രത്തിന്റെ ആദ്യ അപ്‌ഡേറ്റായ വോയിസ് ടീസറില്‍ പ്രകാശ് രാജും ഭാഗമായിരുന്നു. പ്രകാശ് രാജും പ്രഭാസും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് ടീസര്‍ വികസിക്കുന്നത്. പ്രഭാസിന്റെ കഥാപാത്രത്തെക്കുറിച്ച് വ്യക്തമായ ചിത്രം നല്‍കുന്ന ഒന്നായിരുന്നു ടീസര്‍. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഹൈദരബാദില്‍ പുരോഗമിക്കുകയാണ്.

രാജാസാബിന്റെ വന്‍ പരാജയത്തിന് ശേഷം പ്രഭാസ് നായകനാകുന്ന ചിത്രമാണ് സ്പിരിറ്റ്. കരിയറിലെ ആദ്യ പൊലീസ് വേഷമാണ് സ്പിരിറ്റില്‍ പ്രഭാസ് ചെയ്യുന്നത്. ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രത്തില്‍ പ്രഭാസിന്റെ ഇതുവരെ കാണാത്ത ഗംഭീര പെര്‍ഫോമന്‍സാകും കാണാന്‍ സാധിക്കുക. 2027 മാര്‍ച്ചില്‍ ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Prakash Raj clarifies the news that he stepped out from Spirit movie is fake

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more