കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയുള്ള പാര്‍ട്ടിയുടെ പ്രതിസന്ധിക്ക് ആക്കം കൂട്ടികൊണ്ട് ഒരു എം.പി കൂടി രാജിവെച്ചു.
മുതിര്‍ന്ന നേതാവ് പ്രകാശ് ചിക് ബരാകാണ് എം.പി സ്ഥാനം രാജിവെച്ചിരിക്കുന്നത്.
സുഖേന്ദു ശേഖര്‍ റേ, സുസ്മിത ദേവ് എന്നിവരുടെ രാജിക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ രാജി. ഇതോടെ സമീപ ദിവസങ്ങളില്‍ രാജിവച്ച ടി.എം.സി രാജ്യസഭാ അംഗങ്ങളുടെ എണ്ണം മൂന്നായി.
രാജ്യസഭാ ചെയര്‍മാന്‍ സി.പി രാധാകൃഷ്ണനയച്ച കത്തിലാണ് അദ്ദേഹം രാജിവെക്കാനുള്ള തീരുമാനം അറിയിച്ചത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു സുഷ്മിത ദേവിന്റെ രാജി. ഇതോടെ ബി.ജെ.പിയിലേക്ക് പോവുമോ എന്ന അഭ്യൂഹങ്ങളും ശക്തമാണ്.
നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് മമതാ ബാനര്‍ജിയും പാര്‍ട്ടി നേതൃത്വവും നിര്‍ദ്ദേശിച്ച ശോഭന്‍ദേബ് ചട്ടോപാധ്യായെ തള്ളി 58 തൃണമൂല്‍ എംഎല്‍എമാര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.
വിമത വിഭാഗത്തിന്റെ നേതാവായ ഋതബ്രത ബാനര്‍ജിയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് പിന്തുണച്ച് ഇവര്‍ ഒപ്പിടുകയും ചെയ്തു. മമത ബാനാര്‍ജിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി നിലവില്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.