| Tuesday, 29th September 2026, 3:02 pm

അപ്പനിലെ കഥാപാത്രത്തിന് പ്രശംസ കിട്ടി; പക്ഷേ പിന്നീട് ഒരു മലയാള സിനിമയിലേക്ക് പോലും വിളി വന്നില്ല: അനന്യ

അനുപമ കെ. സീത

മലയാളത്തില്‍ ഏറെ നിരൂപക പ്രശംസ ലഭിച്ച സിനിമയാണ് മജു സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ അപ്പന്‍. അഭിനയിച്ച താരങ്ങളെല്ലാം സിനിമയില്‍ അസാധ്യ പ്രകടനമാണ് കാഴ്ചവെച്ചത്. ഞുഞ്ഞൂഞ് എന്ന നടന്‍ സണ്ണി വെയ്നിന്റെ കഥാപാത്രത്തിന്റെ ഭാര്യ റോസി ആയാണ് നടി അനന്യ വേഷമിട്ടത്. ആ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ അപ്പന്‍ സിനിമയ്ക്ക് ശേഷം മലയാളത്തില്‍ നിന്നും തനിക്ക് നല്ല അവസരങ്ങളൊന്നും വന്നില്ലെന്ന് പറയുകയാണ് അനന്യ. ‘ദി തേര്‍ഡ് മര്‍ഡര്‍’ എന്ന തന്റെ പുതിയ സിനിമയുടെ ഭാഗമായി നടന്ന അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘അപ്പനിലെ ക്യാരക്ടര്‍ എനിക്ക് നല്ലൊരു ഇംപാക്ട് തന്നെങ്കിലും അതെനിക്ക് വേറൊരു സിനിമയിലേക്ക് അല്ലെങ്കില്‍ അതിലെ പെര്‍ഫോമന്‍സ് കണ്ടിട്ട് എനിക്ക് വേറൊരു സിനിമ കിട്ടിയിട്ടില്ല, പ്രത്യേകിച്ച് മലയാളത്തില്‍’, നടി പറഞ്ഞു. അപ്പനിലെ കഥാപാത്രത്തിനെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

‘അപ്പന്‍ എന്ന സിനിമ ചെയ്തതില്‍ ഞാന്‍ വളരെ ഹാപ്പി ആണ്. പക്ഷേ അതിനുശേഷം മലയാളത്തില്‍ 3 സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളു. അതില്‍ കൂടുതല്‍ മറ്റ് അന്യഭാഷാ സിനിമകളില്‍ അഭിനയിച്ചു. ഒരു ബെനിഫിറ്റും ആ സിനിമ മൂലം ലഭിച്ചില്ല. അതേസമയം പ്രേക്ഷകര്‍ അപ്പനെയും എന്റെ കഥാപാത്രത്തെയും നല്ല രീതിയില്‍ സ്വീകരിച്ചതില്‍ സന്തോഷവതിയാണ്. ആദ്യമായാണ് അങ്ങനെ ഒരു ഴോണര്‍ ചെയ്തത്’, അനന്യ വ്യക്തമാക്കി.

സിനിമകള്‍ ചൂസി ആയിട്ടാണോ തെരഞ്ഞെടുക്കുന്നത് എന്ന ചോദ്യത്തിന്, തന്നെ സിനിമകള്‍ ചൂസി ആയിട്ടാണ് തെരഞ്ഞെടുക്കുന്നത് എന്നായിരുന്നു നടിയുടെ രസകരമായ മറുപടി. മലയാളത്തില്‍ കഥകള്‍ കേള്‍ക്കുന്നുണ്ടെങ്കിലും ഒരേ ഴോണറിലുള്ള കഥാപാത്രങ്ങള്‍ മാത്രം ചെയ്യാന്‍ ഇഷ്ടമോ എക്‌സൈറ്റ്‌മെന്റോ ഇല്ലാത്തതുകൊണ്ടാണ് ചെയ്യാത്തതെന്നും അനന്യ പറഞ്ഞു.

അന്യഭാഷയില്‍ മാത്രം സിനിമകള്‍ ചെയ്യുന്നു മലയാളത്തില്‍ എന്തുകൊണ്ട് ചെയ്യുന്നില്ലായെന്ന് പലരും ചോദിക്കുന്നുണ്ട്. നല്ല സിനിമകള്‍ വന്നാല്‍ തീര്‍ച്ചയായും മലയാളത്തിലും ചെയ്യുമെന്നും താരം വ്യക്തമാക്കി.

ബാലതാരമായാണ് അനന്യ സിനിമയിലേക്ക് എത്തുന്നത്. 1995ല്‍ പുറത്തിറങ്ങിയ പൈ ബ്രെദേഴ്സ് ആണ് ആദ്യ സിനിമ. താരത്തിന്റെ പിതാവാണ് സിനിമ നിര്‍മിച്ചത്. പോസിറ്റീവ് എന്ന സിനിമയിലൂടെയാണ് അനന്യ മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമായ് താരം നിരവധി സിനിമകളുടെ ഭാഗമായി. ഒക്ടോബര്‍ 2ന് റിലീസ് ചെയ്യാനിരിക്കുന്ന സുനില്‍ ഇബ്രാഹിമിന്റെ ‘ദി തേര്‍ഡ് മര്‍ഡര്‍’ ആണ് പുതിയ സിനിമ.

Content Highlight: Praised for her role in ‘Appan’, but didn’t get a single call for a Malayalam film afterwards: Ananya

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more