| Thursday, 6th June 2019, 1:23 pm

കോടതിയില്‍ ഹാജരാകേണ്ട ദിവസം വയറുവേദന പറഞ്ഞ് ഇളവ് നേടി പ്രജ്ഞ; പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കും; രൂക്ഷമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മലേഗാവ് സ്‌ഫോടന കേസിലെ സുപ്രധാന വാദം കേള്‍ക്കലില്‍ ഹാജരാകാതെ പ്രതിയും ബി.ജെ.പി എം.പിയുമായ പ്രജ്ഞാ സിങ് ഠാക്കൂര്‍. വയറു വേദന കാരണം ആശുപത്രിയില്‍ കഴിയുന്ന പ്രജ്ഞയ്ക്ക് മുംബൈയിലെ പ്രത്യേക കോടതി ഒരു ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അസുഖത്തെക്കുറിച്ച് കോടതിയില്‍ മതിയായ രേഖകള്‍ സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ നാളെയും ഹാജരായില്ലെങ്കില്‍ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കോടതി പ്രജ്ഞയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വയറു വേദനയുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാത്രിയാണ് പ്രജ്ഞയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അവരുടെ അടുത്ത അനുയായി ഉപ്മയെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍ പ്രജ്ഞ ഇന്ന് രാവിലെ നടക്കുന്ന ഒരു പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുമെന്നും അവര്‍ പറയുന്നുണ്ട്.

‘പ്രജ്ഞ അസുഖബാധിതയാണ്. ഇന്നലെ രാത്രിയാണ് ആശുപത്രിയിലെത്തിച്ചത്. വയറുമായി ബന്ധപ്പെട്ട് അസുഖം മൂലമാണ് അവര്‍ ആശുപത്രിയിലെത്തിയിരിക്കുന്നത്. ഇന്ന് രാവിലെ അവര്‍ ആശുപത്രിയില്‍ നി്ന്നും ഡിസ്ചാര്‍ജ് ആയിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരുടെ നിര്‍ബന്ധം മൂലം അവര്‍ക്ക് ഒരു പരിപാടിയില്‍ പങ്കെടുക്കേണ്ടുണ്ട്. അത് അവസാനിച്ചാലുടന്‍ തിരികെ ആശുപത്രിയിലേക്ക് വരും’- ഉപ്മ പറഞ്ഞതായി ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

മലേഗാവ് കേസില്‍ ജൂണ്‍ മൂന്ന് മുതല്‍ ഏഴ് വരെ തനിക്ക് ഹാജരാകാന്‍ സാധിക്കില്ലെന്നും ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പ്രജ്ഞ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം എന്‍.ഐ.എ കോടതി തള്ളിയിരുന്നു. പാര്‍ലമെന്റ് നടപടികളില്‍ സംബന്ധിക്കേണ്ടതുള്ളതിനാല്‍ ജൂണ്‍ മൂന്ന് മുതല്‍ ഏഴ് വരെ തനിക്ക് ഹാജരാകാന്‍ സാധിക്കില്ലെന്നായിരുന്നു പ്രജ്ഞ ഹര്‍ജിയില്‍ പറഞ്ഞത്. ഈ ആവശ്യം കോടതി മുഖവിലയ്‌ക്കെടുത്തികരുന്നില്ല. വാദം കേള്‍ക്കാന്‍ ഈ ആഴ്ചതന്നെ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.

കേസ് വാദം കേള്‍ക്കുന്നതിനായി ഈ ആഴ്ച തന്നെ കോടതിയില്‍ ഹാജരാകണമെന്ന് പ്രജ്ഞാ സിങ്ങിനോട് കോടതി നിര്‍ദേശിച്ചു. മലേഗാവ് കേസിന്റെ വിചാരണ വേളയില്‍ ആഴ്ചയില്‍ ഒരു തവണയെങ്കിലും ഏഴ് പ്രതികളും ഹാജരാകണമെന്നാണ് കോടതി നിര്‍ദേശിച്ചിരുന്നത്. മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ ഇളവ് അനുവദിക്കാമെന്നും കോടതി അറിയിച്ചിരുന്നു.

2008 സെപ്റ്റംബര്‍ 29 നാണ് മലേഗാവ് സ്ഫോടനമുണ്ടായത്. മോട്ടോര്‍സൈക്കിളില്‍ ഘടിപ്പിച്ച രണ്ട് ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന അന്വേഷിച്ച കേസ് ഏപ്രില്‍ 2011നാണ് എന്‍ഐഎയ്ക്കു കൈമാറിയത്.

Latest Stories

We use cookies to give you the best possible experience. Learn more