| Monday, 13th April 2026, 10:52 pm

രാജസ്ഥാനെ പൊളിച്ചടുക്കിയവന്‍ തൂക്കിയത് ഐ.പി.എല്ലിന്റെ ചരിത്രം; പ്രഫുല്‍ യൂ ബ്യൂട്ടി!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള വമ്പന്‍ മത്സരമാണ് നടക്കുന്നത്. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഇരുവരും തമ്മിലുള്ള പോരാട്ടം. മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ഹൈദരാബാദിനെ ബാറ്റിങ്ങിനിയക്കുകയായിരുന്നു. ഇതോടെ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സാണ് ഹൈദരാബാദിന് നേടാന്‍ സാധിച്ചത്.

നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് നിലവില്‍ 10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 20 റണ്‍സാണ് നേടിയത്. 31 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയും 27 റണ്‍സ് നേടിയ ഡൊണോവന്‍ ഫെരേരയുമാണ് ക്രീസില്‍.

വെടിക്കട്ട് ഓപ്പണര്‍മാരുള്ള രാജസ്ഥാന് വമ്പന്‍ തിരിച്ചടി നല്‍കിയായിരുന്നു ഹൈദരാബാദ് തുടങ്ങിയത്. അരങ്ങേറ്റക്കാനരായ പ്രഫുല്‍ ഹിംഗെയുടെ വമ്പന്‍ പ്രകടനത്തിനാണ് ക്രിക്കറ്റ് പ്രേമികള്‍ സാക്ഷ്യം വഹിച്ചത്. തന്റെ ആദ്യ ഓവറില്‍ വെറും ഒരു റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഇതോടെ ഐ.പി.എല്ലില്‍ ഒരു ചരിത്ര റെക്കോഡ് സ്വന്തമാക്കാനും പ്രഫുലിന് സാധിച്ചു.

ഐ.പി.എല്ലിലെ ആദ്യ ഓവറില്‍ മൂന്ന് വിക്കറ്റ് നേടുന്ന ആദ്യ താരമാകാനാണ് പ്രഫുലിന് സാധിച്ചത്. അതും അരങ്ങേറ്റ മത്സരത്തിലാണ് താരം ഈ ഗംഭീര റെക്കോഡ് സ്വന്തമാക്കിയത് എന്നതും എടുത്ത് പറയേണ്ടതാണ്.

വെടിക്കെട്ട് ഓപ്പണര്‍ വൈഭവ് സൂര്യവംശി, ധ്രുവ് ജുറെല്‍, ലുവാന്‍ ഡ്രെ പ്രെട്ടോറിയസ് എന്നിവരെ പൂജ്യത്തിനാണ് താരം പറഞ്ഞയച്ചത്. ശേഷം പ്രഫുലിന്റെ സ്പെല്‍ തുടര്‍ന്നപ്പോള്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗിനെ നാല് റണ്‍സിനും പുറത്താക്കി രാജസ്ഥാന്റെ ടോപ് ഓര്‍ഡര്‍ പൊളിച്ചടുക്കുകയായിരുന്നു.

ഇംപാക്ട് പ്ലെയറായ സാക്കിബ് ഹുസൈന്‍ ഒരു റണ്‍സ് നേടിയ യശസ്വി ജെയ്സ്വാളിനെയും കൂടാരം കയറ്റിയതോടെ രാജസ്ഥാന്‍ സമ്മര്‍ദത്തിലേക്ക് വീഴുകയും ചെയ്തിരുന്നു.

അതേസമയം മത്സരത്തില്‍ ഉദയസൂര്യന്‍മാര്‍ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ഇഷാന്‍ കിഷനാണ്. 44 പന്തില്‍ ആറ് സിക്സും എട്ട് ഫോറും ഉള്‍പ്പെടെ 91 റണ്‍സാണ് താരം സ്വന്തമാക്കിയത്.

കിഷന് പുറമെ 26 പന്തില്‍ 40 റണ്‍സ് നേടിയ ഹെന്റിച്ച് ക്ലാസനാണ് സെക്കന്റ് ടോപ് സ്‌കോറര്‍. അവസാന ഘട്ടത്തില്‍ നിതീഷ് കുമാര്‍ റെഡ്ഡി 28 റണ്‍സും സലില്‍ അറോറ 24* റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. അഭിഷേക് ശര്‍മ പൂജ്യം റണ്‍സിനാണ് മടങ്ങിയത്.

രാജസ്ഥാന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡെ, റിയാന്‍ പരാഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Content Highlight: Praful Hinge In Great Record Achievement In IPL History

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more