| Monday, 13th April 2026, 10:07 pm

അരങ്ങേറ്റക്കാരന്റെ ആറാട്ട്... ആദ്യ ഓവറില്‍ മൂന്ന് വിക്കറ്റ്; തുടക്കത്തിലേ തകര്‍ന്നടിഞ്ഞ് രാജസ്ഥാന്‍!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള വമ്പന്‍ മത്സരമാണ് നടക്കുന്നത്. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് ഇരുവരും തമ്മിലുള്ള പോരാട്ടം. മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ഹൈദരാബാദിനെ ബാറ്റിങ്ങിനിയക്കുകയായിരുന്നു. ഇതോടെ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സാണ് ഹൈദരാബാദിന് നേടാന്‍ സാധിച്ചത്.

നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് വമ്പന്‍ തിരിച്ചടി നല്‍കിയാണ് ഹൈദരാബാദ് തുടങ്ങിയത്. അരങ്ങേറ്റക്കാനരായ പ്രഫുല്‍ ഹിംഗെയ്ക്ക് പന്ത് നല്‍കി ഇന്നിങ്‌സ് തുടങ്ങപ്പോള്‍ പിന്നീട് കാണാന്‍ സാധിച്ചത് തകര്‍ന്നടിയുന്ന രാജസ്ഥാനെയാണ്. ആദ്യ ഓവറില്‍ പ്രഫുല്‍ വെറും ഒരു റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

വെടിക്കെട്ട് ഓപ്പണര്‍ വൈഭവ് സൂര്യവംശി, ധ്രുവ് ജുറെല്‍, ലുവാന്‍ ഡ്രെ പ്രെട്ടോറിയസ് എന്നിവരെ പൂജ്യത്തിനാണ് താരം പറഞ്ഞയച്ചത്. ശേഷം രണ്ടാം ഓവറിനെത്തിയ സാക്കിബ് ഹുസൈന്‍ ഒരു റണ്‍സ് നേടിയ യശസ്വി ജെയ്‌സ്വാളിനെയും കൂടാരം കയറ്റി വമ്പന്‍ തിരിച്ചടിയാണ് രാജസ്ഥാന് നല്‍കിയത്. ശേഷം പ്രഫുലിന്റെ സ്‌പെല്‍ തുടര്‍ന്നപ്പോള്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗും (4 റണ്‍സ്) കൂടാരം കയറി.

നിലവില്‍ നാല് ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 20 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്. 11 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയും ഒരു റണ്‍സ് നേടിയ ഡെവോണ്‍ ഫെരേരയുമാണ് ക്രീസില്‍.

അതേസമയം മത്സരത്തില്‍ ഉദയസൂര്യന്‍മാര്‍ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ഇഷാന്‍ കിഷനാണ്. 44 പന്തില്‍ ആറ് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 91 റണ്‍സാണ് താരം സ്വന്തമാക്കിയത്.

കിഷന് പുറമെ 26 പന്തില്‍ 40 റണ്‍സ് നേടിയ ഹെന്റിച്ച് ക്ലാസനാണ് സെക്കന്റ് ടോപ് സ്‌കോറര്‍. അവസാന ഘട്ടത്തില്‍ നിതീഷ് കുമാര്‍ റെഡ്ഡി 28 റണ്‍സും സലില്‍ അറോറ 24* റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. അഭിഷേക് ശര്‍മ പൂജ്യം റണ്‍സിനാണ് മടങ്ങിയത്.

രാജസ്ഥാന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡെ, റിയാന്‍ പരാഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Content Highlight: Praful Hinge In Great Performance In His Debut For SRH

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more